Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടജയത്തിനു പിന്നാലെ തകർന്നടിഞ്ഞ് കേരളം 63ന് പുറത്ത്; മധ്യപ്രദേശിന് ലീഡ്

sanju-samson-2 സഞ്ജു സാംസൺ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റിൽ പാക്കിസ്ഥാനു മാത്രം സാധ്യമായ ‘മെയ്‌വഴക്ക’ത്തോടെ, കണ്ണഞ്ചിപ്പിക്കുന്ന രണ്ടു രഞ്ജി വിജയങ്ങൾക്കുപിന്നാലെ കണ്ണടയ്ക്കുന്ന വേഗത്തിൽ തകർന്നടിഞ്ഞ് കേരളാ ടീം. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന രഞ്ജി ട്രോഫി മൽസരത്തിൽ ബാറ്റിങ്ങിൽ തകർന്ന കേരളത്തിനെതിരെ മധ്യപ്രദേശ് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒന്നാം ഇന്നിങ്സിൽ 35 ഓവറിൽ കേരളം വെറും 63 റണ്‍സിനു പുറത്തായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 161 റൺസ് എന്ന നിലയിലാണ്. അവർക്കിപ്പോൾ 98 റൺസ് ലീഡുണ്ട്. അർധസെഞ്ചുറി നേടിയ രജത് പാട്ടീദാർ (70), നമാൻ ഓജ (53) എന്നിവരാണ് ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ പാട്ടീദാർ–നമാൻ ഓജ സഖ്യം 104 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. മോനിഷ് മിശ്ര (ഒന്ന്), ആര്യമാൻ ബിർല (25) എന്നിവരാണ് പുറത്തായത്. സന്ദീപ് വാരിയർ, ജലജ് സക്സേന എന്നിവർക്കാണ് വിക്കറ്റ്.

നേരത്തെ, നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ, മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെൻ, രണ്ടു വിക്കറ്റ് വീഴ്ത്തിയ മിഹിർ ഹിർവാനി എന്നിവരാണ് കേരളത്തെ തകർത്തത്. കാർത്തികേയ സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഇടവേളയ്ക്കു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ എന്നിവരാണ് ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ ടോപ് സ്കോറർമാർ. വെറും 24 പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ മൂന്നു ബൗണ്ടറി സഹിതം 16 റൺസാണ് വിഷ്ണു നേടിയത്. അക്ഷയ് ചന്ദ്രനാകട്ടെ 60 പന്തിൽ ഒരു ബൗണ്ടറി സഹിതം 16 റണ്‍സോടെ പുറത്താകാതെ നിന്നു.

അരുൺ കാർത്തിക് (24 പന്തിൽ ആറ്), ജലജ് സക്സേന (11 പന്തിൽ രണ്ട്), രോഹൻ പ്രേം (പൂജ്യം), സഞ്ജു സാംസൺ (14 പന്തിൽ രണ്ട്), ക്യാപ്റ്റൻ സച്ചിൻ ബേബി (32 പന്തിൽ ഏഴ്), വി.എ. ജഗദീഷ് (25 പന്തിൽ 10), ബേസിൽ തമ്പി (11 പന്തിൽ നാല്) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ പ്രകടനം. 1–7, 2–7, 3–10, 4–14, 5–26, 6–27 എന്നിങ്ങനെ കേരളം കൂട്ടത്തോടെ തകർന്നടിയുകയായിരുന്നു. ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദ് – അക്ഷയ് ചന്ദ്രൻ സഖ്യം കൂട്ടിച്ചേർത്ത 24 റൺസാണ് കേരളത്തിന്റെ സ്കോർ 50 കടത്തിയത്. വിഷ്ണു വിനോദിനെ ആവേശ് ഖാൻ പുറത്താക്കിയതോട കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.

ആദ്യ 3 മൽസരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റോടെ എലീറ്റ് ബി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണു കേരളം. 5 പോയിന്റ് മാത്രമുള്ള മധ്യപ്രദേശ് 9–ാം സ്ഥാനത്തും. കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന്റെ അണ്ടർ 19 ടീം ഒഡീഷയ്ക്കെതിരെ എക്കാലത്തെയും ഉയർന്ന സ്കോർ കുറച്ചതിനു തൊട്ടു പിറ്റേന്നാണ് രഞ്ജി ട്രോഫിയിൽ സീനിയർ ടീം ചെറിയ സ്കോറിനു പുറത്തായതെന്നതും ശ്രദ്ധേയം. അതേസമയം, രഞ്ജിയിൽ കേരളത്തിന്റെ ഏറ്റവും ചെറിയ സ്കോർ ഇതല്ല. 1963–64 സീസണിൽ മൈസൂരിനെതിരെ കേരളം 27 റൺസിന് പുറത്തായതാണ് ഏറ്റവും ചെറിയ സ്കോർ.