വിശ്വരൂപം കാട്ടി വിഷ്ണു വിനോദം!

മധ്യപ്രദേശിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഷ്ണു വിനോദ്‌

തിരുവനന്തപുരം∙ എല്ലാ പന്തിലും സിക്സറടിക്കാൻ ശ്രമിക്കുന്ന കളിക്കാരൻ– വിഷ്ണു വിനോദിനെക്കുറിച്ച് അടുത്ത കാലം വരെ ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ ഇതായിരുന്നു. അതുകൊണ്ടുതന്നെ ടീമിലെടുത്തപ്പോൾ പോലും കളിക്കാൻ അവസരം ലഭിച്ചത് വല്ലപ്പോഴും മാത്രം.

പക്ഷേ, അങ്ങനെയൊരു അവസരം വീണുകിട്ടിയപ്പോൾ വിഷ്ണു വിശ്വരൂപം കാണിച്ചുകൊടുത്തു. സിക്സറടിക്കാൻ മാത്രമല്ല, ഏതു പ്രതിസന്ധിയേയും അതിജീവിക്കാനും ടീമിനെ കരകയറ്റാനുമുള്ള കഴിവുണ്ടെന്ന് അതിഗംഭീരമായ സെഞ്ചുറിയിലൂടെ തെളിയിച്ചു. 226 പന്ത് നേരിട്ട വിഷ്ണു (155*) ഇന്നലെ നേടിയത് ഒരേയൊരു സിക്സർ.

തിരുവല്ല കല്ലിശ്ശേരി സ്വദേശിയായ വിഷ്ണു (25) 2016ലാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി കേരള ടീമിലെത്തുന്നത്. മുഷ്താഖ് അലി ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമാണ് രഞ്ജി ടീമിൽ ഇടം നേടിക്കൊടുത്തത്. ഹരിയാനയ്ക്കെതിരെ അർധസെഞ്ചുറി നേടിയായിരുന്നു അരങ്ങേറ്റം.

പക്ഷേ, ആ ഫോം തുടരാനായില്ല. ഇതുവരെ കളിച്ചത് 5 മൽസരം മാത്രം. ആകെ നേട്ടം 127 റൺസ്. സൽമാൻ നിസാറിനു പകരമാണ് വിഷ്ണു മധ്യപ്രദേശിനെതിരായ ടീമിൽ ഇടം കണ്ടത്. ആദ്യ ഇന്നിങ്സിൽ 16 റൺസോടെ ടോപ് സ്കോറർ.

രണ്ടാം ഇന്നിങ്സിൽ കേരളം തോൽവി മുന്നിൽക്കണ്ട സമയത്താണ് വിഷ്ണു ക്രീസിലെത്തിയത്. ആദ്യം സച്ചിനു സ്ട്രൈക്ക കൈമാറി വിക്കറ്റ് കാത്തുസൂക്ഷിക്കാനായിരുന്നു ശ്രമം. മോശം പന്തുകൾ മാത്രം തിരഞ്ഞെടുത്ത് ആക്രമിച്ചു.

പണ്ട് ഓസ്ട്രേലിയക്കെതിരെ വി.വി.എസ്.ലക്ഷ്മണും രാഹുൽ ദ്രാവിഡും ചേർന്നു നടത്തിയ പോരാട്ടത്തിന്റെ ഓർമയുണയർത്തിയ പ്രകടനം.  സച്ചിൻ പുറത്തായപ്പോൾ ഇന്നിങ്സിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്തായിരുന്നു വിഷ്ണുവിന്റെ ബാറ്റിങ്.