അഡ്‌ലെയ്ഡിൽ വിജയം ‘പിടിച്ചുവാങ്ങി’ ഇന്ത്യ; ഓസീസ് മണ്ണിൽ 10 വർഷത്തിനിടെ ആദ്യ ജയം

ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനിടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ഭാഗ്യവേദി വിരാട് കോഹ്‌ലിയെ കൈവിട്ടില്ല; ഇന്ത്യയെയും! ഓസീസ് മധ്യനിരയെ എറിഞ്ഞൊതുക്കി അനായാസ വിജയം സ്വപ്നം കണ്ട ഇന്ത്യ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിനു മുന്നിൽ നന്നേ വിയർത്താണു ജയിച്ചത്. മധ്യനിര ബാറ്റ്സ്മാൻമാരായ ഹെഡ് (14), മാർഷ് (60), നായകൻ ടിം പെയ്ൻ (40) എന്നിവർ അഞ്ചാം ദിവസം ആദ്യ മണിക്കൂറുകളിൽത്തന്നെ വീണതിനുശേഷമായിരുന്നു ഓസീസ് വാലറ്റത്തിന്റെ വീരോചിതമായ ചെറുത്തുനിൽപ്പ്. 

രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റെടുത്ത നേഥൻ ലയണിന്റെ ഇന്നിങ്സ് (38 നോട്ടൗട്ട്) ഓസീസിന് അവിസ്മരണീയ വിജയം പോലും സമ്മാനിച്ചേക്കുമെന്നു തോന്നിച്ചെങ്കിലും വിജയലക്ഷ്യത്തിനു 31 റൺസ് അകലെ ഓസീസിന്റെ പോരാട്ടം അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയ ഗ്രൗണ്ടിൽ, നായകന്റെ റോളിൽ വിരാട് കോഹ്‌ലി തിളങ്ങിയപ്പോൾ 4 കളിയുടെ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തി. 

സ്കോർ: ഇന്ത്യ 250, 307; ഓസീസ് 235, 291. രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ചേതേശ്വർ പൂജാരയാണു കളിയിലെ താരം. അശ്വിൻ, ബുമ്ര, ഷമി എന്നിവർ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റ് 14ന് പെർത്തിൽ തുടങ്ങും. 

ബോളിങ് കരുത്തിൽ

4 വിക്കറ്റിന് 104 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് ലഞ്ചിനു മുൻപുതന്നെ ഹെഡ്, മാർഷ് എന്നിവരെ നഷ്ടമായി. ലഞ്ചിനു ശേഷം ടിം പെയ്നും മടങ്ങിയതോടെ ഓസീസ് 7 വിക്കറ്റിന് 187 എന്ന നിലയിൽ. എന്നാൽ പിന്നീടു കരുതലോടെ ബാറ്റുവീശിയ ഓസീസ് വാലറ്റം പോരാട്ടം ഇന്ത്യൻ ക്യാംപിലേക്കു നയിച്ചു. കമ്മിൻസ് (28), സ്റ്റാർക്ക് (28) എന്നിവർ തുടങ്ങിവച്ച പ്രതിരോധം പിന്നീടു ലയൺ ഏറ്റെടുക്കുകയായിരുന്നു. അവസാന വിക്കറ്റിൽ ലയണിനൊപ്പം ഹെയ്സൽവുഡ് (13) ഉറച്ചുനിന്നതോടെ ഇന്ത്യ അങ്കലാപ്പിലായി. എന്നാൽ ഹെയ്സൽവുഡിനെ അശ്വിൻ രാഹുലിന്റെ കൈകളിലെത്തിച്ചതോടെ കോഹ്‌ലി നെടുവീർപ്പിട്ടു, ഇന്ത്യയും! 42 റൺസാണ് അവസാന വിക്കറ്റിൽ സഖ്യം ചേർത്തത്. 

∙ ഓസീസ് മണ്ണിലെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മൽസരത്തിൽത്തന്നെ ഇന്ത്യ ജയിക്കുന്നത് ആദ്യം. ഇതുവരെ 9 തോൽവിയും 2 സമനിലയുമായിരുന്നു ആദ്യ മൽസരങ്ങളിലെ ഇന്ത്യയുടെ പ്രകടനം.

∙ ഒരു കലണ്ടർ വർഷം ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ടെസ്റ്റ് മൽസരം ജയിക്കുന്ന ആദ്യ ഏഷ്യൻ ടീം എന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. 3 ടീമിനെയും അവരുടെ മണ്ണിൽ കീഴടക്കുന്ന ആദ്യ ഏഷ്യൻ നായകൻ എന്ന റെക്കോർഡ് വിരാട് കോഹ്‌ലിയും.

∙ ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആറാം ടെസ്റ്റ് ജയം. 1977–78,1980–81ൽ മെൽബണിലും 1977–78ൽ സിഡ്നിയിലും 2003ൽ അഡ്‍ലെയ്ഡിലും 2008ൽ പെർത്തിലും ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ട്.

∙ ഇന്ത്യൻ‌ ഉപഭൂഖണ്ഡത്തിനു പുറത്തു നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ആദ്യ മൽസരത്തിൽത്തന്നെ ജയിക്കുന്നത് 8–ാം തവണ. ഇതിനുമുൻപ് 1986ൽ ഇംഗ്ലണ്ടിനെതിരെയും (ലോർഡ്സ്), 2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും (ജൊഹന്നസർബർഗ്), 1968, 76, 2009 വർഷങ്ങളിൽ ന്യൂസീലൻഡിനെതിരെയും 2011, 2016ൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഇന്ത്യ ആദ്യ മൽസരങ്ങളിൽ ജയിച്ചിട്ടുണ്ട്.

സ്കോർബോർഡ്

ഇന്ത്യ: 250, 307; ഓസീസ് ആദ്യ ഇന്നിങ്സ് 235. 

ഓസീസ് രണ്ടാം ഇന്നിങ്സ് 

ഫിഞ്ച് സി പന്ത് ബി അശ്വിൻ– 11, ഹാരിസ് സി പന്ത് ബി ഷമി– 26, ഖവാജ സി പന്ത് ബി രോഹിത്– 8, മാർഷ് സി പന്ത് ബി ബുമ്ര– 60, ഹാൻഡ്സ്കോംബ് സി പൂജാര ബി ഷമി– 14, ഹെഡ് സി രഹാനെ ബി ഇഷാന്ത്– 14, പെയ്‌ൻ സി പന്ത് ബി ബുമ്ര– 41 

കമ്മിൻസ് സി കോഹ്‌ലി ബി ബുമ്ര– 28, സ്റ്റാർക്ക് സി പന്ത് ബി ഷമി– 28 

ലയൺ നോട്ടൗട്ട്– 38, ഹെയ്സൽവുഡ് സി രാഹുൽ ബി അശ്വിൻ– 13, എക്സ്ട്രാസ്– 10, ആകെ 119.5 ഓവറിൽ 291. 

വിക്കറ്റുവീഴ്ച: 28-1, 44-2, 60-3, 84-4, 115-5, 156-6, 187-7, 228-8, 259-9, 291-10. 

ബോളിങ്: ഇഷാന്ത്– 19-4-48-1, ബുമ്ര– 24-8-68-3, അശ്വിൻ– 52.5-13-92-3, ഷമി– 20-4-65-3

∙ വിരാട് കോഹ്‌ലി(ഇന്ത്യൻ നായകൻ): ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്താൽ എല്ലാ മൽസരത്തിലും ജയിക്കാനാകും. ടീം എന്ന നിലയിൽ മികച്ചുനിന്നത് ഇന്ത്യയാണ്, വിജയം ഞങ്ങൾ അർഹിച്ചിരുന്നു.

∙ ടിം പെയ്ൻ(ഓസീസ് നായകൻ): ചേതേശ്വർ പൂജാരയുടെ പ്രകടനമായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഇന്ത്യ വിജയം അർഹിച്ചിരുന്നു. പെർത്തിലെ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുക എന്നതാണു ലക്ഷ്യം.

∙ ചേതേശ്വർ പൂജാര: ബാറ്റിങ് മുന്നൊരുക്കമാണു മികച്ച പ്രകടനത്തിനു സഹായകമായത്. ടെസ്റ്റ് മൽസരങ്ങളിലെ പരിചയസമ്പത്തും തുണയായി. ക്രിക്കറ്റർ എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയ അച്ഛൻ അർവിന്ദ് പൂജാരയോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ.