‘സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയ്ക്കൊപ്പം, ജയിച്ചത് കോഹ്‍ലിയുടെ പിടിവാശി’

രവി ശാസ്ത്രി, അനിൽ കുംബ്ലെ, വിരാട് കോഹ്‍ലി.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ നീക്കി രവി ശാസ്ത്രിയെ കൊണ്ടുവന്നിട്ട് വർഷം ഒന്നായെങ്കിലും കെട്ടടങ്ങാതെ വിവാദക്കൊടുങ്കാറ്റ്. കുംബ്ലെയെ മാറ്റി പകരം രവി ശാസ്ത്രിയെ പരിശീലകസ്ഥാനത്തു നിയമിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിലവിലുള്ള നിയമങ്ങൾ കാറ്റിൽപ്പറത്തിയെന്ന ആരോപണവുമായി ഇടക്കാല ഭരണസമിതി (സിഒഎ) അംഗം ഡയാന എഡുൽജി രംഗത്തെത്തി. കുംബ്ലെയെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്ക് തുടർച്ചയായി മെസേജുകൾ അയച്ചിരുന്നതായും എഡുൽജി വെളിപ്പെടുത്തി.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായ ഭിന്നതകൾ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. കുംബ്ലെയുടെ പരിശീലന രീതികളോട് കോഹ്‍ലിക്ക് എതിർപ്പുണ്ടെന്നും അദ്ദേഹം പരിശീലകനായി തുടരുന്നതിൽ ക്യാപ്റ്റനു ബുദ്ധിമുട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചതിനെ തുടർന്ന് കുംബ്ലെ സ്ഥാനമൊഴിയുകയായിരുന്നു.

2017ലെ ചാംപ്യൻസ് ട്രോഫി വരെയായിരുന്നു കുംബ്ലെയുമായുള്ള കരാറെങ്കിലും പുതിയ പരിശീലകനെ തിരഞ്ഞ് മേയ് മാസം ഒടുവിൽത്തന്നെ ബിസിസിഐ പരസ്യം നൽകിയിരുന്നു. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തിയ ഉടനെയായിരുന്നു ഇത്.

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച അഞ്ചു പേർക്കൊപ്പം കുംബ്ലെയ്ക്കും ബിസിസിഐ ‘നേരിട്ടുള്ള’ പ്രവേശനം അനുവദിച്ചിരുന്നു. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കു ചുക്കാൻ പിടിച്ചത് സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ബിസിസിഐ ഉപദേശക സമിതിയായിരുന്നു. കുംബ്ലെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ ഇടക്കാല ഭരണസമിതിയുടെ ഇടപെടലിനഅറെ അടിസ്ഥാനത്തിൽ കോഹ്‍ലിയുമായി ഉപദേശക സമിതി ചർച്ച നടത്തിയിരുന്നു. എന്നാൽ, കുംബ്ലെ വേണ്ട എന്ന നിലപാടിൽ കോഹ്‍ലി ഉറച്ചുനിന്നു.

പരിശീലക സ്ഥാനത്തേക്ക് കുംബ്ലെയെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്നായിരുന്നു ഉപദേശക സമിതി ബിസിസിഐയെ അറിയിച്ചിരുന്നത്. എന്നാൽ, കോഹ്‍ലി അയയാതിരുന്നതിനെ തുടർന്ന് പരിശീകല സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയ ബിസിസിഐ, രവി ശാസ്ത്രിക്ക് അപേക്ഷിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു. അങ്ങനെ അദ്ദേഹത്തെ പരിശീലകനായി നിയമിക്കുകയും ചെയ്തു. ശാസ്ത്രിയെ പരിശീലകനാക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും നിയമവിരുദ്ധമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഭരണസമിതി അംഗമായ എഡുൽജിയുടേത്.

ഇന്ത്യൻ വനിതാ ടീം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള അഡ് ഹോക് കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് എഡുൽജി ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ടീം അംഗം സ്മൃതി മന്ഥന തുടങ്ങിയവർ പരിശീലകനായി ഇടക്കാല പരിശീലകൻ രമേഷ് പൊവാർ മതിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. സൂപ്പർതാരം മിതാലി രാജിനെ ട്വന്റി20 ലോകകപ്പ് സെമിയിൽ കളിപ്പിക്കാത്തതിനെ ചൊല്ലി ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊവാറിന് പരിശീലക സ്ഥാനം നഷ്ടമായത്. അതേസമയം, പരിശീലകനെ താരങ്ങൾ വോട്ടുചെയ്തല്ല തിരഞ്ഞെടുക്കേണ്ടത് എന്നു വ്യക്തമാക്കിയാണ് റായി അഡ് ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

എന്നാൽ, ഇതേച്ചൊല്ലി എഡുൽജിയും റായിയും തമ്മിൽ ഇടഞ്ഞിരുന്നു. പുരുഷ ടീമിന്റെ പരിശീലകനെ തിര‍ഞ്ഞെടുക്കുന്ന കാര്യത്തിൽ ക്യാപ്റ്റനു സമ്മർദ്ദം ചെലുത്താമെന്നിരിക്കെ, വനിതാ ടീമിന്റെ കാര്യത്തിലും ക്യാപ്റ്റന്റെ അഭിപ്രായത്തിനു ചെവികൊടുക്കണമെന്നായിരുന്നു എഡുൽജിയുടെ നിലപാട്. സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉൾപ്പെടുന്ന ഉപദേശക സമിതി കുംബ്ലെയ്ക്കൊപ്പം നിന്നിട്ടും കോഹ്‍ലിയുെട അഭിപ്രായത്തിനാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ മുൻഗണന ലഭിച്ചതെന്ന് എഡുൽജി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ വനിതാ ടീം താരങ്ങൾക്കും അവർ നല്ലതെന്നു കരുതുന്നതു ലഭിക്കാൻ അർഹതയുണ്ടെന്ന് എഡുൽജി, വിനോദ് റായിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, കുംബ്ലെ പുറത്തായതിനു പിന്നിൽ കോഹ്‍ലിക്കു പങ്കുണ്ടായിരുന്നുവെന്ന് റായി അയച്ച മറുപടി സന്ദേശത്തിൽ സമ്മതിച്ചിട്ടുമുണ്ട്.