‍രഞ്ജി : കേരളം ഏഴിന് 291; അർധ സെഞ്ചുറി നേടി രാഹുൽ, വിനൂപ്, ജലജ്

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എന്ന നിലയിലാണ് കേരളം. 77 റൺസുമായി വിനൂപ് മനോഹരൻ ക്രീസിലുണ്ട്. ഓപ്പണർ സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് മാറിയ ജലജ് സക്സേനയും (68) വിനൂപ് മനോഹരനും തീർത്ത 136 റൺസിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ മറ്റൊരു ബാറ്റിങ് തകർച്ചയിൽ നിന്നു രക്ഷിച്ചത്. കളിയവസാനിക്കാൻ മൂന്നു പന്ത് ശേഷിക്കെയാണ് ശിവം ശർമയുടെ പന്തിൽ ക്യാച്ച് നൽകി ജലജ് പുറത്തായത്. 

നേരത്തെ സ്കോർ ബോർഡിൽ രണ്ട് റൺസ് മാത്രമുള്ളപ്പോൾ ആദ്യവിക്കറ്റ് കേരളത്തിനു നഷ്ടമായി. ഓപ്പണർ വി.എ ജഗദീഷ് പൂജ്യത്തിന് പുറത്ത്. പിന്നാലെയിറങ്ങിയ  വത്സൽ ഗോവിന്ദ് 4 റൺസിനും പുറത്തായതോടെ നില പരുങ്ങലിലായി. ഓപ്പണർ പി.രാഹുലിന്റെയും (77) സഞ്ജു സാംസണിന്റെയും (24) കൂട്ടുകെട്ടിൽ പിറന്ന 61 റൺസാണ് കേരളത്തിന്റെ ഇന്നിങ്സിന് അടിത്തറ പാകിയത്.