ഉടൻ 160 കോടി അടയ്ക്കുക, ഇല്ലെങ്കിൽ 2023 ലോകകപ്പ് വേദി ഇന്ത്യയിൽനിന്ന് മാറ്റും: ഐസിസി

മിച്ചൽ ജോൺസൻ ട്വീറ്റ് ചെയ്ത ചിത്രം.

മുംബൈ∙ ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്റി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നികുതി ഇളവു ചെയ്യാത്തതിന്റെ പേരിൽ ഐസിസിക്കു സംഭവിച്ച 160 കോടി രൂപയുടെ നഷ്ടം ബിസിസിഐ നികത്തണമെന്ന് നിർദ്ദേശം. ‍ഡിസംബർ 31ന് ഉള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇന്ത്യയിൽനിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നൽകി. മാത്രമല്ല, ഐസിസി അംഗരാജ്യങ്ങൾക്ക് നൽകിവരുന്ന വാർഷിക ലാഭവിഹിതത്തിൽനിന്ന് മേൽപ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് നിലവിൽ ഐസിസി അധ്യക്ഷൻ.

2016ലെ ട്വന്റി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോൾ കേന്ദ്രസർക്കാരിൽനിന്ന് നികുതിയിളവു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സമയത്ത് ഐസിസിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാർ ടിവി, നികുതി കുറച്ചാണ് ഐസിസിക്ക് നൽകാനുള്ള തുക അടച്ചത്.

എന്നാൽ, ലോകകപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് നൽകാൻ കേന്ദ്രസർക്കാർ തയാറാകാതിരുന്നതോടെ ഈ തുക ഐസിസിക്കു നഷ്ടമായി എന്നാണ് വാദം. അതുകൊണ്ടുതന്നെ ടൂർണമെന്റിന് ആതിഥ്യം വഹിച്ച ഇന്ത്യ, ആ തുക നഷ്ടപരിഹാരമായി നൽകണമെന്നും ഐസിസി ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ സിംഗപ്പൂരിൽ നടന്ന ഐസിസി ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവർ ഓർമിപ്പിക്കുന്നു. പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 2021ലെ ചാംപ്യൻസ് ട്രോഫിയും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽനിന്നു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്.

അതേസമയം, നികുതി ഇളവു ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളതിന്റെ രേഖ ഐസിസി നൽകണമെന്നാണ് ബിസിസിഐ അധികൃതരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് ഐസിസി യാതൊരു രേഖയും ബിസിസിഐയ്ക്കു നൽകിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. മാത്രമല്ല, ‘പാലുകൊടുത്ത കൈയ്ക്കു തന്നെ കടിക്കുന്ന’ നിലപാടാണ് ഐസിസിയുടേതെന്നും ബിസിസിഐ അധികൃതർ കുറ്റപ്പെടുത്തി. ഇന്ത്യയിൽനിന്നുള്ള വരുമാനത്തിന്റെ കരുത്തിലാണ് ഐസിസിയുടെ സാമ്പത്തിക നിലനിൽപ്പു തന്നെ. എന്നിട്ടും ഇന്ത്യയിൽനിന്ന് ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്തൊരു വിരോധാഭാസമാണെന്നും ബിസിസിഐ അധികൃതർ ചോദിക്കുന്നു.