ബുമ്രയ്ക്കെതിരെ ബാറ്റു ചെയ്യാൻ എനിക്കു ധൈര്യമില്ല: കോഹ്‍ലി

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ബുമ്രയ്ക്ക് സഹതാരങ്ങളുടെ അഭിനന്ദനം.

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. പേസ് ബോളിങ്ങിന് അനുകൂലമായ പെർത്തിലേതു പോലുള്ള പിച്ചിൽ ബുമ്രയെ നേരിടാൻ തനിക്കും താൽപര്യമില്ലെന്ന് കോഹ്‍ലി വ്യക്തമാക്കി. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും അതിനായുള്ള കഠിനാധ്വാനവുമാണ് ടെസ്റ്റ് ബോളറെന്ന നിലയിൽ ബുമ്രയുടെ വളർച്ചയ്ക്കു പിന്നിലെന്നും കോഹ്‍ലി പറഞ്ഞു. മെൽബൺ ടെസ്റ്റ് ജയിച്ചെങ്കിലും ഇതുകൊണ്ടൊന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോഹ്‍ലി ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പു നൽകി.

മെൽബണിൽ ഓസീസിനെ ഫോളോ ഓൺ െചയ്യിക്കാതിരുന്നതിനെക്കുറിച്ച് വിമർശനങ്ങളൊന്നും ഉണ്ടാകാത്തതിനെക്കുറിച്ചും കോഹ്‍ലി എടുത്തുപറഞ്ഞു. നാല്, അഞ്ച് ദിവസങ്ങളിൽ ബാറ്റിങ് അതീവ ദുഷ്കരമായതിനലാണ് രണ്ടാം ഇന്നിങ്സ് കൂടി ബാറ്റു ചെയ്ത് കൂടുതൽ റൺസ് നേടാൻ താൻ തീരുമാനിച്ചതന്നും കോഹ്‍ലി വ്യക്തമാക്കി.

മൽസരശേഷം കോഹ്‍ലി മാധ്യമങ്ങളോടു പറഞ്ഞത്:

ഞങ്ങൾ ഇവിടം കൊണ്ടും നിർത്താൻ ഉദ്ദേശിക്കുന്നില്ല. കൂടുതൽ ക്രിയാത്മകമായ പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസമാണ് മെൽബണിലെ ഈ വിജയം ഞങ്ങൾക്കു നൽകുന്നത്. മൂന്നു മേഖലകളിലും (ബോളിങ്, ബാറ്റിങ്, ഫീൽഡിങ്) മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിനാലാണ് ഞങ്ങൾക്കു ബോർഡർ–ഗാവസ്കർ ട്രോഫി നിലനിർത്താൻ സാധിച്ചത്. വിജയം തുടരാൻ തന്നെയാണ് ശ്രമം. ഇവിടെ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാതിരുന്നതിനെക്കുറിച്ച് വിമർശനങ്ങളോ അഭിപ്രായങ്ങളോ ഒരിടത്തും കണ്ടില്ല. ഈ ടെസ്റ്റിൽ കുറച്ചുകൂടി ബാറ്റു ചെയ്ത് കൂടുതൽ റൺസ് ചേർക്കാനായിരുന്നു ശ്രമം. ഇവിടെ നാലാം ദിനവും അഞ്ചാം ദിനവും ബാറ്റിങ് അതീവ ദുഷ്കരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. 

ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം മറികടക്കുക ബുദ്ധിമുട്ടാകുമെന്ന് അറിയാമായിരുന്നു. എങ്കിലും നമ്മുടെ ബോളർമാരുടെ അധ്വാനത്തിനും മാർക്കു കൊടുക്കണം. പ്രത്യേകിച്ചും ബുമ്രയ്ക്ക്. കളത്തിൽ ബുമ്ര പ്രകടിപ്പിക്കുന്ന ഊർജവും കായികക്ഷമതയും ശ്രദ്ധേയമാണ്. ഏകദിനത്തിലെ മികവ് അതേപടി ടെസ്റ്റിലേക്കും കൊണ്ടുവരാൻ ബുമ്രയ്ക്കു സാധിച്ചു. ഏകദിന ടീമിൽ സ്ഥിരാംഗമായതിനു പിന്നാലെ ടെസ്റ്റ് ടീമിലും ഇടം പിടിക്കാൻ ബുമ്ര നടത്തിയ അധ്വാനം ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സർപ്രൈസ് എന്ന നിലയിൽ ബുമ്രയെ ഉൾപ്പെടുത്തുന്നത്.

ഏതു പിച്ചിലും നേട്ടം കൊയ്യാനുള്ള ബുമ്രയുടെ ശ്രമവും അതിനു ലഭിക്കുന്ന ഫലവുമാണ് ഇന്ന് മറ്റു ബോളർമാരിൽനിന്ന് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. പിച്ചുകണ്ട് നിരാശപ്പെടുന്ന വ്യക്തിയല്ല ബുമ്ര. ഇവിടെ എനിക്കെന്തു ചെയ്യാനാകും എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത. ഈ ചിന്താഗതി തന്നെയാണ് കഴിഞ്ഞ 12 മാസത്തിനിടെ ടെസ്റ്റിൽ ബുമ്രയെ ശ്രദ്ധേയനായ താരമാക്കി വളർത്തിയതും.

ടെസ്റ്റിൽ നിലവിൽ ബാറ്റ്സ്മാൻമാരുടെ ചങ്കിടിപ്പിക്കുന്ന താരമാണ് ബുമ്ര. പെർത്തിലേതു പോലുള്ള പിച്ചിൽ ബുമ്രയെ നേരിടാൻ സത്യമായും എനിക്കും താൽപര്യമില്ല. പിച്ചിന്റെ സാധ്യതകൾ ബാറ്റ്സ്മാനേക്കാൾ മനസ്സിലാക്കുന്ന താരം കൂടിയാണ് ബുമ്ര. അനുകൂലമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നതിലും അധികം നാശം വിതയ്ക്കാൻ ബുമ്രയ്ക്കു സാധിക്കും. പെർത്തിൽ മികച്ച രീതിയിൽ ബോൾ ചെയ്തിട്ടും അർഹിക്കുന്ന ഫലം ബുമ്രയ്ക്കു ലഭിച്ചിരുന്നില്ല. എന്നാൽ മനസ്സിടിയാതെ കഠിനാധ്വാനം തുടർന്ന ബുമ്ര ഇവിടെ നമുക്ക് അവിസ്മരണീയമായ വിജയം ഒരുക്കിയിരിക്കുന്നു.

ഒരു ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബോളിങ് ത്രയമായി നമ്മുടെ ബോളർമാർ മാറിയത് അഭിനന്ദനീയമാണ്. പരസ്പരം യോജിച്ച് ഇവർ ബോൾ ചെയ്യുമ്പോൾ ക്യാപ്റ്റനെന്ന നിലയിൽ അതിയായ സന്തോഷം തോന്നാറുണ്ട്. പരസ്പരം തോൽപ്പിക്കാൻ ഇവർ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികവും നമ്മുടെ പ്രകടനത്തിൽ നിർണായകമായി. അതുകൊണ്ടാണ് നമ്മുടെ പേസ് ബോളർമാർക്ക് ഇത്രയേരെ മൂർച്ച കൈവന്നത്.

ബോക്സിങ് ഡേയിൽ മായങ്ക് അഗർവാൾ പുറത്തെടുത്ത മികവും എടുത്തു പറയണം. പൂജാര പതിവുപോലെ മികച്ചുനിന്നു. ഒന്നാം ഇന്നിങ്സിൽ ഞങ്ങൾക്കു മികച്ച കൂട്ടുകെട്ടും തിർക്കാനായി. ഒന്നാം ഇന്നിങ്സിൽ വിഹാരി കൂടുതൽ നേരം ക്രീസിൽനിന്നതും ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി. രോഹിതിന്റെ ഒന്നാം ഇന്നിങ്സിലെ അർധസെഞ്ചുറിയും എടുത്തുപറയണം.

ഇവിടെ പരമ്പര ജയിക്കാൻ തന്നെയാണ് ശ്രമം. തോൽക്കാൻ തീർച്ചയായും ഞങ്ങൾക്ക് ഇഷ്ടമല്ല. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം ഇതുപോലെ തൊട്ടടുത്തു കിട്ടിയ മറ്റൊരു ടീമുണ്ടാകില്ല. ആദ്യമായിട്ടാണ് ഇവിടെ പരമ്പരയിൽ നമ്മൾ ലീഡു നേടുന്നത്. അവസാന ടെസ്റ്റിൽ എന്തു സംഭവിച്ചാലും നിലവിലെ ചാംപ്യൻമാരെന്ന നിലയിൽ കിരീടം നമ്മൾ നിലനിർത്തിക്കഴിഞ്ഞു. എങ്കിലും പരമ്പര ജയിക്കാൻ തന്നെയാണ് ശ്രമം. ഈ നിലയിലെത്താൻ ടീം പുറത്തെടുത്ത പ്രകടനവും അതിനു പിന്നിലെ അധ്വാനവും കാണാതെ പോകരുത്.