പോർച്ചുഗീസ് ഫുട്ബോൾ ലീഗ് കിരീടം ബെൻഫിക്കയ്ക്ക്

 ലിസ്ബൺ ∙ തുടർച്ചയായി നാലാം തവണയും പോർച്ചുഗീസ് ഫുട്ബോൾ ലീഗ് കിരീടം ബെൻഫിക്ക നേടി. ശനിയാഴ്ച വിറ്റോറിയ ഗ്വിമാറെസിനെ 5–0ന് ആധികാരികമായി കീഴടക്കിയാണ് പരുന്തുകൾ എന്നു വിളിപ്പേരുള്ള ക്ലബ് കിരീടം റാഞ്ചിയത്. 

രണ്ടു കളി ബാക്കി നിൽക്കെ, രണ്ടാം സ്ഥാനക്കാരായ എഫ്സി പോർട്ടോയെ അവർ എട്ടുപോയിന്റിനു പിന്നിലാക്കി. വിറ്റോറിയ ഗ്വിമാറെസിനെതിരായ മൽസരം മുൻപേ ശ്രദ്ധ നേടിയിരുന്നു. 

കാരണം, ബെൻഫിക്ക പരിശീലകൻ റുയി വിറ്റോറിയ നാലുവർഷം ഗ്വിമാറെസ് പരിശീലകനായിരുന്നു. എതിരാളികളെ നല്ലതുപോലെ മനസ്സിലാക്കിയ റുയി വിറ്റോറിയയുടെ തന്ത്രങ്ങൾ ഫലിക്കുന്ന കാഴ്ചയായിരുന്നു തുടക്കം മുതൽ. 16 മിനിറ്റിനകം ബെൻഫിക്ക 2–0 ലീഡ് നേടി. 

കഴിഞ്ഞ ഏഴു കളി ജയിച്ചെത്തിയ ഗ്വിമാറെസിനു മറുപടിക്കു പോലും അവസരം നൽകാതെ 5–0ന് ബെൻഫിക്ക ചുരുട്ടിക്കെട്ടുകയും ചെയ്തു.