വിനീത് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും; മെഹ്താബിനു ലേലം

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു സന്തോഷിക്കാം. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീത് വരും സീസണിലും ടീമിന്റെ മഞ്ഞപ്പടയിലുണ്ടാകും. താരലേലത്തിനു മുൻപ് രണ്ട് സീനിയർ താരങ്ങളെയും മൂന്ന് അണ്ടർ–21 താരങ്ങളെയും നിലനിർത്താനാണ് ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ടായിരുന്നത്. അണ്ടർ–21 താരങ്ങളിൽ കോഴിക്കോട് സ്വദേശി കെ. പ്രശാന്തിനെ നിലനിർത്തുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വിങ്ങർ സ്ഥാനത്തു കളിക്കുന്ന പ്രശാന്തിനെ ബ്ലാസ്റ്റേഴ്സ് ഐ ലീഗിൽ കളിക്കാൻ ചെന്നൈ സിറ്റി എഫ്സിക്ക് വായ്പാ അടിസ്ഥാനത്തിൽ വിട്ടുകൊടുത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ഐഎസ്എൽ സീസണിൽ പരിശീലനത്തിനിടെ പരുക്കേറ്റ പ്രശാന്തിന് ഒരുമൽസരം പോലും കളിക്കാനായില്ല. മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സ് നിലനിർത്തിയെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ബംഗാൾ താരം ലേലത്തിലേക്കു പോകാനാണ് താൽപര്യപ്പെട്ടത്. ഐ ലീഗിൽ ബെംഗളൂരു എഫ്സിക്കു വേണ്ടിയും കളിക്കുന്ന വിനീത് ഇത്തവണ ബെംഗളൂരു കൂടി ഐഎസ്എല്ലിലേക്കു വന്നതോടെ ഏതു ടീമിനു വേണ്ടി കളിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്.

ബ്ലാസ്റ്റേഴ്സ് നിലനിർത്തിയെന്ന വാർത്ത വന്നതിനു പിന്നാലെ ബെംഗളൂരു ആരാധകരോട് വികാരനിർഭരമായി വിട പറഞ്ഞുള്ള കുറിപ്പും വിനീത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ജീവിതത്തിൽ പലവട്ടം ഗുഡ്ബൈ പറയേണ്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതു പോലെ വികാരനിർഭരമായ ഒരു വിടപറച്ചിൽ ഉണ്ടായിട്ടില്ല എന്ന് വിനീത് കത്തിൽ പറയുന്നു. ‘‘ഈ ജഴ്സി, ആരാധകർ, ടീം സോങ്, ഗാലറി, ആരവങ്ങൾ എന്നിവയെല്ലാം ഞാൻ മിസ് ചെയ്യും’’– 2015ൽ ദോഹയിൽ നടന്ന എഎഫ്സി കപ്പ് ഫൈനലിലെ തോൽവി ഓർമിച്ചാണ് വിനീത് കത്ത് അവസാനിപ്പിക്കുന്നത്.

നാലു വർഷത്തോളം ബെംഗളൂരു ടീമിന്റെ ഭാഗമായിരുന്ന വിനീത് ക്ലബിനൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങൾ നേടി. 85 മൽസരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി. ബെംഗളൂരുവിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് സീസണുകളിൽ വിനീത് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചത്. എന്നാൽ വിനീതിനെ നിലനിർത്തിയതിൽ സന്തോഷമുണ്ടെങ്കിലും സന്ദേശ് ജിങ്കാനെ ബെംഗളൂരു എഫ്സിക്കു വിട്ടുകൊടുത്തതിൽ ആരാധകർക്കു പ്രതിഷേധമുണ്ട്.