നെയ്മർ പോകട്ടെ; ബാർസയ്ക്ക് പുതു പ്രതീക്ഷയായി മെസ്സി-പൗളീ‍ഞ്ഞോ കളിക്കൂട്ട്

പൗളിഞ്ഞോയും മെസ്സിയും

ബോൺ ഇൻ ബ്രസീൽ, മെയ്ഡ് ഇൻ ചൈന – പൗളീഞ്ഞോയുടെ പരസ്യവാചകം ഇതാണ്. നെയ്മർ പോയ ഒഴിവു നികത്താൻ കാശുകെട്ടുമായി ഇംഗ്ലണ്ടിൽ കുടീന്യോയെയും ജർമനിയിൽ ഡെംബലെയെയും തേടി നടന്ന ബാർസ ഇടയ്ക്ക് ചൈനീസ് മാർക്കറ്റിൽനിന്നു വാങ്ങിയ താരം. 40 ദശലക്ഷം യൂറോയ്ക്ക് ബ്രസീലുകാരൻ മിഡ്ഫീൽഡറെ ഗാങ്ചൗ എവർഗ്രാൻഡെയിൽനിന്നു വാങ്ങിയപ്പോൾ കറ്റാലൻ ക്ലബിന്റെ ആരാധകർ മുഖം ചുളിച്ചിരുന്നു.

പക്ഷേ, ലീഗിൽ അഞ്ചു മൽസരങ്ങൾ കഴിയുമ്പോഴേക്കും അതു മാറുന്നതിന്റെ ലക്ഷണമാണ്. കുടീന്യോ കിട്ടാക്കനിയായും ഡെംബെലെ പരുക്കിലുംപെട്ടതോടെ മെസ്സിക്ക് ഏറ്റവും വലിയ കൂട്ട് ഇപ്പോൾ ഇന്ത്യൻ മുഖഛായയുള്ള ഈ ഇരുപത്തൊൻപതുകാരനാണ്. ഗെറ്റാഫെയ്ക്കെതിരെയുള്ള മൽസരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം ഇന്നലെ ഐബറിനെതിരെ മെസ്സിക്കൊപ്പം ബാർസയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

മെസ്സിയും പൗളീഞ്ഞോയും തമ്മിലുള്ള ഒത്തിണക്കത്തിന്റെ ഒന്നാന്തരം തെളിവ് ഇന്നലെ മൽസരത്തിലുണ്ടായിരുന്നു. രണ്ടാം പകുതിയിൽ മൈതാനമധ്യത്തിൽ തന്നെ ലാക്കാക്കി വന്ന പന്ത് പൗളീഞ്ഞോ തൊടാതെ വിട്ടത് അപ്പുറം മെസ്സി ഓടിയെത്തുന്നത് മൂന്നാം കണ്ണിൽ കണ്ടതിനാൽ. പൗളീഞ്ഞോയുടെ ആ ബുദ്ധിയിൽ ഒറ്റ നിമിഷം കൊണ്ട് ആരാലും മാർക്ക് ചെയ്യപ്പെടാതെ മെസ്സിക്കു പന്തു കിട്ടി. കുതിച്ചുകയറിയ മെസ്സിയുടെ ഷോട്ട് ഐബർ ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിൽ ഡെനിസ് സ്വാരെസ് ലക്ഷ്യം കണ്ടു. ടീമിന്റെ രണ്ടാം ഗോൾ നേരത്തേ നേടിയ പൗളീഞ്ഞോ പിന്നീട് മെസ്സിയുടെ മൂന്നാം ഗോളിലും സഹായിയായി.

നെയ്മറുടെ സ്ഥാനത്തേക്ക് ആദ്യം ജെറാർദ് ഡ്യൂലോഫ്യുവിനെയാണ് ബാർസ കോച്ച് വെൽവെർദെ പരീക്ഷിച്ചത്. എന്നാൽ സഹതാരങ്ങൾക്കൊപ്പം ഓടിയെത്താനാവാത്തത് സ്പാനിഷ് താരത്തിനു പോരായ്മയായി. ഡെംബെലെ വന്നിറങ്ങിയതേ പരുക്കിലേക്കായി. മെസ്സിക്കു കൂട്ടായി പൗളീഞ്ഞോയ്ക്കൊപ്പം മറ്റൊരു താരത്തിൽ കൂടി വെൽവെർദെ പ്രതീക്ഷ വയ്ക്കുന്നു– തുടർച്ചയായി രണ്ടാം മൽസരത്തിലും ഗോൾ നേടിയ ഡെനിസ് സ്വാരെസിൽ. ലൂയി സ്വാരെസിനെ ബെഞ്ചിലിരുത്തിയിട്ടും നേടിയ വൻവിജയത്തിൽ വെൽവെർദെയ്ക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യം ടീമിനുള്ളിൽ രൂപം കൊള്ളുന്ന ഈ കൂട്ടുകെട്ട് തന്നെയാകും.