ആടിയുലഞ്ഞ് അര്‍ജന്റീന; ഇംഗ്ലണ്ട്, ജർമനി റഷ്യയ്ക്ക്

ബ്യൂനസ് ഐറിസ് ∙ രണ്ടു തവണ ലോകചാംപ്യന്‍ന്മാരായ അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ലാറ്റിനമേരിക്കന്‍ യോഗ്യതാമല്‍സരത്തില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ പെറു ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് ആരാധകരുടെ പ്രിയപ്പെട്ട ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങളില്‍ കരിനിഴല്‍ വീണത്. യൂറോപ്പില്‍ നിന്ന് മുന്‍ ലോകചാംപ്യന്‍മാരായ ഇംഗ്ലണ്ടും ജര്‍മനിയും റഷ്യന്‍ ബെര്‍ത്ത് നേടി.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ ആറാംസ്ഥാനത്താണ് അര്‍ജന്റീന (25 പോയിന്റ്). ആദ്യ നാലുസ്ഥാനക്കാര്‍ നേരിട്ട് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ നവംബറില്‍ ന്യൂസീലന്‍ഡിനെതിരെ പ്ലേഓഫ് കളിച്ച് ജയിക്കണം. ബുധനാഴ്ചയാണ് ഗ്രൂപ്പിലെ അവസാനത്തെ മല്‍സരങ്ങള്‍. ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ തുടര്‍ച്ചയായ മൂന്നാം സമനിലയാണ് അര്‍ജന്റീനക്കിത്. ഇക്വഡോറിനെതിരെ ക്വിറ്റോയിലാണ് അര്‍ജന്റീനയുടെ അവസാനത്തെ മല്‍സരം. ഇവിടെ മുന്‍കാലങ്ങളില്‍ കൂടുതലും സമനിലകള്‍ ഏറ്റുവാങ്ങിയ ചരിത്രമാണ് അര്‍ജന്റീനക്കുള്ളത്. ചൊവ്വാഴ്ചത്തെ കളിയില്‍ വിജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് അഞ്ചാംസ്ഥാനം ഉറപ്പാണ്. ഗ്രൂപ്പിലെ മറ്റു കളികളുടെ ഫലങ്ങളും ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.

ഗ്രൂപ്പില്‍ നേരത്തെ തന്നെ യോഗ്യത നേടിയ ബ്രസീല്‍ ബൊളീവിയയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പില്‍ ഇരുപത്തെട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള യുറഗ്വേ വെനിസ്വേലയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.ചിലെ ഇക്വഡോറിനെ 2–1 ന് തോല്‍പ്പിച്ചു.പാരഗ്വേ 2–1 ന് കൊളംബിയയെ അട്ടിമറിച്ചു.

വടക്കന്‍ അയര്‍ലന്‍ഡിനെതിരെ 3–1 വിജയത്തോടെ ജര്‍മനിയും സ്ലൊവേനിയയെ 1–0 ന് തോല്‍പ്പിച്ച് ഇംഗ്ലണ്ടും യോഗ്യത നേടി. സെബാസ്റ്റ്യന്‍ റൂഡി, സാന്‍ഡ്രോവെംഗര്‍, ജോഷ്വ കിമ്മിച്ച് എന്നിവരാണ് ജര്‍മനിയുടെ സ്കോറര്‍മാര്‍.ഒന്‍പതു കളികളില്‍ ഒന്‍പതിലും ജയിച്ചാണ് ചാംപ്യന്‍മാരുടെ വരവ്. ക്യാപ്റ്റന്‍ ഹാരികെയ്ന്റെ ഗോളിലാണ് സ്ലൊവേനിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജയം. റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഹാട്രിക്കില്‍ പോളണ്ട് അര്‍മേനിയയെ 6–1 ന് തകര്‍ത്തു. ഇതോടെ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ ലെവന്‍ഡോസ്കിയുടെ ഗോളുകള്‍ പതിനഞ്ചായി. ഇതൊരു യൂറോപ്യന്‍ റെക്കോര്‍ഡാണ്. പതിനാലു ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്.

സ്കോട്‍ലന്‍ഡ് –1
സ്ലൊവോക്യ–0

പോളണ്ട്–6
അര്‍മേനിയ–1

ഡെന്‍മാര്‍ക്ക്–1
മോണ്ടനെഗ്രോ–0