എൺപത്തിയെട്ടും ഹിറ്റ്‌ലറും മുസ്സോളിനിയും; ബുഫൺ എന്ന മൈതാനത്തെ ഏകാധിപതിയും!

ജിയാൻല്യൂജി ബുഫൺ

യുവെന്റസിൽ തന്റെ ദീർഘകാല കരിയർ തുടങ്ങും മുൻപ്, പാർമയ്ക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് 88’ എന്ന നമ്പറിലുള്ള ജഴ്സിയുമായെത്തി വിവാദത്തിൽപ്പെട്ടിരുന്നു ജിയാൻല്യൂജി ബുഫൺ. 88 എന്ന നമ്പർ ഇറ്റലിയിൽ അഡോൾഫ് ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന പ്രതീകമാണ് എന്നതായിരുന്നു കുറ്റം. ഇംഗ്ലിഷിലെ എട്ടാം അക്ഷരമായ എച്ച് എന്നതാണ് 8 കൊണ്ട് അർഥമാക്കുന്നത്. 88 എന്നാൽ എച്ച്എച്ച് അതായത് ‘ഹെയ്ൽ ഹിറ്റ്ലർ’ (ഹിറ്റ്ലർ നീണാൾ വാഴട്ടെ). ബുഫൺ മറുപടി പറഞ്ഞതിങ്ങനെ: ‘എനിക്കതറിയില്ലായിരുന്നു. നാലു പന്തുകൾ ചേർത്തു വച്ചാൽ 88 പോലെയിരിക്കും എന്നതു മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്’. ഹിറ്റ്ലറുടെ മാത്രമല്ല, മുസ്സോളിനിയുടെ പേരിലും പഴി കേട്ടിട്ടുണ്ട് ബുഫൺ. ജഴ്സിയിൽ ഫാഷിസ്റ്റ് മുദ്രാവാക്യമായ ‘ഭീരുക്കൾക്ക് മരണം’ എന്നു തുന്നിപ്പിടിപ്പിച്ചതിനായിരുന്നു അത്.

ഇരുപതാം നൂറ്റാണ്ടിലെ ഈ രണ്ട് ഏകാധിപതികളോടും ഒരു വീരാരാധന ബുഫണിന് ഉണ്ടായിരുന്നോ..? അറിയില്ല. പക്ഷേ, സമാനമായ ഒരു വികാരമാണ് ജിയാൻല്യൂജി ബുഫൺ എന്ന ഇറ്റലിയുടെ എക്കാലത്തെയും ഗോൾകീപ്പറോട് ഫുട്ബോൾ ആരാധകർക്കുണ്ടായിരുന്നത്– ഫുട്ബോൾ മൈതാനത്തെ ഏകാധിപതി! ബുഫണിന്റെ ശരീരഭാഷ അതിനു നിദാനം. കളി നടക്കുമ്പോൾ സഹതാരങ്ങളോടു ദ്വന്ദയുദ്ധത്തിനൊരുങ്ങുന്ന മല്ലനെപ്പോലെ ആക്രോശിക്കും. കളി തീർന്നാൽ ഗാലറികളെ നോക്കി അട്ടഹാസത്തോടെ വെല്ലുവിളിക്കും. അപൂർവം അവസരങ്ങളിൽ മാത്രമാണ് അയാൾ കരഞ്ഞത്– ഇന്നലെ സാൻസീറോയിൽ വിതുമ്പിയതുൾപ്പടെ. അപ്പോൾ ആരാധന മാറ്റിവച്ച് ലോകം ബുഫണിനെ സ്നേഹിക്കുന്നു.

ഫുട്ബോളിലെ പ്രതിരോധതന്ത്രത്തെ ഒരു കലയാക്കി മാറ്റിയവരാണ് ഇറ്റലിക്കാർ. കാറ്റെനാച്ചിയോ (ചങ്ങല) എന്ന് അവർ അതിനു പേരുമിട്ടു. പാവ്‌ലോ മാൾദീനി മുതൽ ഇന്നലെ ബുഫണിനൊപ്പം വിരമിച്ച ആൻഡ്രിയ ബർസാഗ്ലി വരെയുള്ള ലോകോത്തര ഡിഫൻഡർമാർ ഇറ്റലിയെ എതിർ ആക്രമണങ്ങളിൽ നിന്ന് കാലങ്ങളായി ചെറുത്തവർ. പക്ഷേ, മതിലു പോലെയുള്ള ഈ പിൻനിര കടന്നാലും ഇറ്റലിക്ക് കാവലാളായി രണ്ടു പതിറ്റാണ്ടായി ബുഫൺ അവിടെയുണ്ടായിരുന്നു– വെടിച്ചില്ലുപോലെ വരുന്ന പന്തിനെ പൂ പോലെ പിടിച്ചെടുക്കുന്ന ഷോട്ട് സ്റ്റോപ്പറായി. ചരടു പൊട്ടാതെ കളിച്ച ഇറ്റാലിയൻ ഡിഫൻസ് ലൈനുകളുടെ നിയന്ത്രണവും ബുഫണിന്റെ വാക്കിലും നോക്കിലുമായിരുന്നു. ആ അർഥത്തിൽ ഇറ്റലിയുടെ പ്രതിരോധ മന്ത്രി തന്നെ!

ഇറ്റലിക്കു വേണ്ടി ലോകകപ്പും യുവെന്റസിനു വേണ്ടി സെരി എ കിരീടങ്ങളും നേടിയ ബുഫണിന്റെ ഷെൽഫിലില്ലാത്തത് ചാംപ്യൻസ് ലീഗ് കിരീടം മാത്രമാണ്. മൂന്നു വട്ടം ബുഫണിന്റെ ടീം ഫൈനലിൽ വീണു പോയി. 2003ൽ എസി മിലാനോടു പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയതിനു ശേഷം താൻ വിഷാദബാധിതനായ കാര്യം ബുഫൺ വെളിപ്പെടുത്തിയിരുന്നു. നിരന്തരമായ കൗൺസിലിങ്ങുകൾക്കു ശേഷം 2004 യൂറോയിൽ കൂടുതൽ കരുത്തനായി ബുഫൺ തിരിച്ചെത്തി. 2006 ലോകകപ്പിൽ ഇറ്റലിയെ കിരീടത്തിലേക്കു നയിച്ചു. പിന്നാലെ ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തിൽ ആരോപണവിധേയനായി. വിവാദത്തിന്റെ പർവം പക്ഷേ, ബുഫണു ഗുണമാണു ചെയ്തത്. യുവെന്റസ് രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടപ്പോൾ വിട്ടുപോകാതെ നിന്ന മുതിർന്ന താരങ്ങളിലൊരാൾ ബുഫണായിരുന്നു. യുവെ സെരി എയിലേക്കു തിരിച്ചെത്തിയപ്പോൾ ബുഫൺ ടൂറിനിലെ വീരനായകനായി. ഇറ്റലിയിലെ മൂന്നു പ്രധാന പത്രങ്ങളിലും ബുഫണിന്റെ വലിയ പടം വച്ച് നന്ദി പറഞ്ഞാണ് ക്ലബ് പ്രത്യുപകാരം ചെയ്തത്.

അത്‌‍ലിറ്റുകളുടെ കുടുംബത്തിലാണു ബുഫൺ പിറന്നത്. അച്ഛൻ ഭാരോദ്വഹന താരം. അമ്മ ഡിസ്കസ് ത്രോ താരം. രണ്ടു സഹോദരിമാർ ഇറ്റാലിയൻ ദേശീയ വോളിബോൾ ടീമിൽ കളിച്ചവർ. കാൽപ്പന്തുകളിയിലാണെങ്കിലും ബുഫണും കൈകൊണ്ടു കളിക്കുന്നയാളായി എന്നത് കൗതുകം. 1997ൽ റഷ്യയ്ക്കെതിരായ ലോകകപ്പ് മൽസരത്തിൽ പകരക്കാരൻ ഗോൾകീപ്പറായിട്ടാണ് ഇറ്റലിക്കു വേണ്ടി ബുഫണിന്റെ അരങ്ങേറ്റം. ആ മൽസരത്തിൽ 1–1 സമനില പിടിച്ചതോടെ ഇറ്റലി അടുത്ത ലോകകപ്പിനു യോഗ്യത നേടി. ഇപ്പോഴിതാ ബുഫണിന്റെ അവസാന മൽസരത്തിൽ സ്വീഡനോടു സമനില വഴങ്ങിയതോടെ ഇറ്റലി ലോകകപ്പിനില്ലാതെ പുറത്തു പോകുന്നു!