ചെൽസിക്ക് വൻതോൽവി; വാറ്റ്ഫഡ്–4, ചെൽസി–1

വാറ്റ്ഫഡിന്റെ ആദ്യ ഗോൾ നേടിയ ട്രോയ് ഡീനെയുടെ ആഹ്ലാദം. നിരാശയോടെ ചെൽസി ഗോൾകീപ്പർ തിബോ കോർട്ടോ.

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാംപ്യൻമാരായ ചെൽസിക്കു തുടർച്ചയായ രണ്ടാം തോൽവി. പോയിന്റ് പട്ടികയിൽ 11–ാം സ്ഥാനത്തുള്ള വാറ്റ്ഫഡിനോട് നീലപ്പട 1–4നു തോറ്റു. കളിയുടെ അവസാനം വീണ മൂന്നു ഗോളുകളാണ് ചെൽസിയെ പരാജയത്തിലാഴ്ത്തിയത്. 43–ാം മിനിറ്റിൽ ട്രോയ് ഡീനെയ് വാറ്റ്ഫഡിനെ മുന്നിലെത്തിച്ചു.

82–ാം മിനിറ്റിൽ ഏദൻ ഹസാർഡ് ചെൽസിക്കു സമനില നൽകി. എന്നാൽ ഡാരിൽ ജൻമാത് (84’), ജെറാർദ് ഡ്യൂലോഫ്യു (88’), റോബർട്ടോ പെരേര (91’) എന്നിവരുടെ ഗോളുകൾ ചെൽസിയുടെ കഥ കഴിച്ചു. ആദ്യ പകുതിയിൽ തന്നെ ടിമൗ ബകയോകോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തു പേരുമായാണ് ചെൽസി പിന്നീട് കളിച്ചത്.

തോൽവിയോടെ ചെൽസി നാലാം സ്ഥാനത്തു തുടരുന്നു– മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് ഒരു പോയിന്റ് പിന്നിൽ, അഞ്ചാമതുള്ള ടോട്ടനമിന് ഒരു പോയിന്റ് മുന്നിൽ. ബാർസയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ വിങ്ങർ ഡ്യൂലോഫ്യുവിനെ ചെൽസി ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ് വീഴ്ത്തിയതിനാണ് 43–ാം മിനിറ്റിൽ വാറ്റ്ഫഡിന് പെനൽറ്റി കിക്ക് ലഭിച്ചത്. അപ്പോഴേക്കും പത്തു പേരായി ചുരുങ്ങിയിരുന്ന ചെൽസിയെ കഷ്ടത്തിലാക്കി വാറ്റ്ഫഡ് ലീഡ് നേടി.