അതിസന്തോഷം തേടി കേരളം

കരളു പങ്കിടാൻ വയ്യെന്റെ ഗോകുലമേ, പകുതിയും കൊണ്ടു പോയി സന്തോഷത്തിൻ പക്ഷികൾ..! എ.അയ്യപ്പന്റെ കവിത മാറ്റിപ്പാടുന്നു കേരള ഫുട്ബോൾ ആരാധകർ! ഭുവനേശ്വറിൽ നിന്ന് അഞ്ഞൂറു കിലോമീറ്റർ അകലെ കൊൽക്കത്ത സാൾട്ട്‌ലേക്കിൽ കേരളം സന്തോഷ് ട്രോഫിയിൽ ചരിത്രനേട്ടത്തിനരികെ നിൽക്കുമ്പോൾ ഇവിടെ കലിംഗ സ്റ്റേഡിയത്തിൽ കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ്സി സൂപ്പർ കപ്പ് മൽസരത്തിൽ ആദ്യ മൽസരത്തിനിറങ്ങുന്നു. എതിരാളികൾ ഐഎസ്എൽ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്സി. സന്തോഷ് ട്രോഫി ഫൈനൽ ഉച്ചയ്ക്ക് 2.30ന്. ഗോകുലത്തിന്റെ മൽസരം വൈകിട്ട് അഞ്ചിന്. സന്തോഷത്തിൽ നിന്ന് ഇരട്ടി സന്തോഷത്തിലേക്ക് കേരളത്തിനുള്ള ദൂരം വെറും രണ്ടര മണിക്കൂർ!

വെട്ടൊന്ന്

എരിഞ്ഞു ‍ഞെരിഞ്ഞു തീരുന്ന ലീഗ് ടൂർണമെന്റല്ല സൂപ്പർകപ്പ്. ഒറ്റ വെട്ടിന് തീരുകയും തീർക്കുകയും ചെയ്യുന്ന നോക്കൗട്ട് ചാംപ്യൻഷിപ്പാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ പ്രഫഷനൽ ക്ലബായ ബെംഗളൂരു എഫ്സിയെ നേരിടുമ്പോൾ ഗോകുലത്തിനുള്ള ആനുകൂല്യവും അതു തന്നെ. ഐ–ലീഗിൽ ഏഴാം സ്ഥാനക്കാരായെങ്കിലും, ജേതാക്കളായ മിനർവ പഞ്ചാബിനെയും കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും വീഴ്ത്തിയ ‘ജയന്റ് കില്ലേഴ്സ്’ ആണ് ഗോകുലം. പ്ലേഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അധ്വാനിച്ചു ജയിച്ചാണ് ഗോകുലം വരുന്നതെങ്കിൽ ഐഎസ്എൽ ഫൈനലിൽ തോറ്റതിന്റെ സങ്കടത്തിലാണ് ബെംഗളൂരു ഇറങ്ങുന്നത്.

അട്ടിമറി ഭാഗ്യം

അവസാന ലാപ്പിലെ കുതിപ്പിൽ ഓടിയെത്തുന്നവരാണ് ഗോകുലം. ഐ–ലീഗിൽ തുടക്കത്തിലെ തോൽവികൾക്കു ശേഷമാണ് ടീം അട്ടിമറികളുമായി വരവറിയിച്ചത്. അപ്പോഴേക്കും ലീഗ് തീർന്നു പോയി. ഒടുവിൽ പ്ലേഓഫിന്റെ നൂൽപ്പാലം കടന്ന് സൂപ്പർ കപ്പിലേക്ക്. വിദേശ താരങ്ങളായ ഡാനിയേൽ അഡോ, മൂസ മുദ്ദെ, ഹെൻറി കിസേക്ക എന്നിവരുടെ വരവാണ് ഗോകുലത്തെ വിജയകുലമാക്കിയത്. പ്ലേഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കിസേക്കയുടെ രണ്ടു ഗോളുകളാണ് ഗോകുലത്തിനു വിജയം നൽകിയത്. മാസിഡോണിയൻ മിഡ്ഫീൽഡറായ ഹ്രിസ്റ്റ്യാൻ ഡെങ്കോവ്സ്കി കൂടി എത്തുന്നതോടെ ടീമിലെ വിദേശ താരങ്ങളുടെ എണ്ണം ആറായി. ഈസ്റ്റ് ബംഗാളിൽ നിന്നെത്തുന്ന മലയാളി താരം വി.പി.സുഹൈർ നാളെ ടീമിനായി ഇറങ്ങും. മിഡ്ഫീൽഡർ അർജുൻ ജയരാജിനു നേരിയ പരുക്കുണ്ട്.

അരങ്ങേറ്റ ഭാഗ്യം

ഇന്ത്യയുടെ ഇന്റർനാഷനൽ ക്ലബാണ് ബെംഗളൂരു. ഐഎസ്എൽ, എഎഫ്സി കപ്പ്, സൂപ്പർ കപ്പ്..സ്വദേശത്തും വിദേശത്തുമായി ബെംഗളൂരുവിനു കളിയൊഴിഞ്ഞ നേരമില്ല. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിൽ തുടങ്ങി മിക്കുവും ഛേത്രിയും വരെ കളിച്ചു തെളിഞ്ഞ താരങ്ങൾ. അരങ്ങേറ്റത്തിൽ ഐ–ലീഗും അടുത്ത സീസണിൽ ഫെഡറേഷൻ കപ്പും നേടിയ ടീം ഇത്തവണ ഐഎസ്എൽ കിരീടത്തിന്റെ അവസാന പടി വരെയെത്തി. ഫൈനലിൽ ചെന്നൈയോട് 3–2ന്റെ തോൽവി. 2016 എഎഫ്സി കപ്പിൽ എയർഫോഴ്സ് ക്ലബ് ഇറാഖിനോട് തോറ്റതിനുശേഷം മറ്റൊരു സങ്കടവീഴ്ച. ഇത്തവണ സൂപ്പർ കപ്പിന്റെ അരങ്ങേറ്റത്തിൽ ബെംഗളൂരുവിനൊപ്പം ഭാഗ്യമോ നിർഭാഗ്യമോ..? പരുക്കു മൂലം ഡിഫൻഡർ ഹർമൻജോത് ഖബ്ര ഇന്ന് ഗോകുലം നിരയിലുണ്ടാകില്ല. ജോൺ ജോൺസൺ, ജുവാനനൻ എന്നിവരുടെ കാര്യവും സംശയം.