Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കട്ടെ ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ ഇന്ന് നെറോക്കയ്ക്കെതിരെ

Kerala-Blasters-Super-Cup കേരളത്തിനെന്തൊരു പൊക്കം? ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസിന്റെ ഉയരം അന്വേഷിക്കുന്ന നെറോക്ക പരിശീലകൻ ഗിഫ്റ്റ് റെയ്ഖാൻ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം ഋഷിദത്ത് സമീപം. ചിത്രം: റിജോ ജോസഫ് ∙ മനോരമ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസിന്റെ ഉയരം 1.94 മീറ്റർ. നെറോക്ക എഫ്സി പരിശീലകൻ ഗിഫ്റ്റ് റെയ്ഖാൻ കഷ്ടി 1.60 മീറ്റർ. പത്രസമ്മേളനത്തിനുശേഷം ജയിംസിന്റെ മുഖത്തു നോക്കി കൊടിയേറ്റം സിനിമയിലെ ഭരത് ഗോപി സ്റ്റൈലിൽ റെയ്ഖാൻ പറഞ്ഞു: ‘‘എന്തൊരു പൊക്കം!’’. സൂപ്പർ കപ്പിൽ ഇന്നു ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോൾ നെറോക്ക പറയുന്നതും അതു തന്നെയാകും.

ബ്ലാസ്റ്റേഴ്സിന്റെ വലുപ്പവും തങ്ങളുടെ ചെറുപ്പവും അവർക്കറിയാം. പക്ഷേ, കടലാസിലെ കരുത്തിൽ അഹങ്കരിച്ചാണു ബ്ലാസ്റ്റേഴ്സ് കളിക്കുന്നതെങ്കിൽ ലജോങ്ങിനെതിരെ കളിച്ച പുണെയുടെ അവസ്ഥയാകും. നാലു ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്ന മൽസരമാണു നിസ്സാരമായി കളിച്ചു പുണെ 2–3നു അടിയറ വച്ചത്. കലിംഗ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണു മൽസരം. ജയിക്കുന്ന ടീം 13നു ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ്സിയെ നേരിടും. 

∙ ഐ ലീഗ്– ഐഎസ്എൽ 

ഐ ലീഗും ഐഎസ്എലും തമ്മിലുള്ള കിടമൽസരം തന്നെയാണു സൂപ്പർ കപ്പ് എന്നു നോർത്ത് ഈസ്റ്റേൺ റീ–ഓർഗനൈസിങ് കൾചറൽ അസോസിയേഷൻ ഫുട്ബോൾ ക്ലബ് എന്ന നെറോക്കയുടെ പരിശീലകൻ റെയ്ഖാൻ പറയുന്നു.  

ഇന്ത്യൻ ഫുട്ബോളിൽ ആദ്യമായി വടക്കു കിഴക്കൻ മേഖലയുടെ വിജയകാഹളം മുഴക്കി 2002–03ലെ സന്തോഷ് ട്രോഫി കിരീടം ചൂടിയ മണിപ്പുരിൽ നിന്നുള്ള നെറോക്ക സ്വദേശിക്കരുത്തിൽ തന്നെയാണ് ഇറങ്ങുന്നത്. ക്യാപ്റ്റനും ഗോൾകീപ്പറുമായ ലളിത് ഥാപ്പ നേപ്പാൾ വംശജനാണ്. അരങ്ങേറ്റ ഐ ലീഗ് സീസണിൽ തന്നെ രണ്ടാം സ്ഥാനത്തെത്തിയ നെറോക്കയുടെ കരുത്തു പ്രതിരോധമാണ്.    

∙ പ്രതിരോധം – ആക്രമണം 

മഞ്ഞപ്പട ഗാലറിയിൽ സൃഷ്ടിക്കുന്ന പൂക്കാലം പോലെ ഭുവനേശ്വറിലെ വഴിയോരങ്ങളിൽ കൊന്നമരങ്ങൾ പൂത്തു നിൽക്കുന്നു. ഐഎസ്എല്ലിൽ പൂവിടാതെ പോയ കിരീടമോഹം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നുണ്ട്. നെറോക്കയുടെ പ്രതിരോധക്കരുത്തിനൊപ്പം ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നതു തങ്ങളുടെ ആക്രമണത്തിലെ പോരായ്മ കൂടിയാണ്. 

ബെർബറ്റോവും സിഫ്നിയോസും ടീം വിട്ടു പോയി. ഇയാൻ ഹ്യൂം പരുക്കേറ്റു പുറത്തു നിൽക്കുന്നു. ബാൾഡ്‌വിൻസണും പെകുസണും വിനീതിനും തന്നെയാകും ആക്രമണച്ചുമതല. കെ.പ്രശാന്തിനും അവസരം കിട്ടിയേക്കും. പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സ് ‘ഇറ്റാലിയൻ ടീം’ പോലെയാണ്– സന്ദേശ് ജിങ്കാൻ, നെമാന്യ പെസിച്ച്, വെസ് ബ്രൗൺ, റിനോ ആന്റോ. നെറോക്കയുടെ വടക്കു കിഴക്കൻ വീര്യത്തിനുള്ള മറുപടിയും ബ്ലാസ്റ്റേഴ്സിന്റെ പക്കലുണ്ട്. സഹപരിശീലകൻ തോങ്ബോയ് സിങ്തോ മണിപ്പുരിലെ ചുരാചന്ദ്പുർ സ്വദേശിയാണ്. മിലൻ സിങ്, ലോകെയ്ൻ മീട്ടെയ്, സിയാം ഹംഗൽ, ജാക്കിചന്ദ് സിങ്, പ്രീതം കുമാർ സിങ് എന്നിവരും മണിപ്പുരുകാർ. ഒപ്പം മിസോറംകാരായ ലാൽറുവാത്തരയും ലാൽതാകിമയും– തെക്കുനിന്നുള്ള ‘വടക്കു കിഴക്കൻ ടീം തന്നെ ബ്ലാസ്റ്റേഴ്സ്.

ലോകകപ്പ് നഷ്ടം മറക്കാൻ ഋഷിദത്ത് 

ഭുവനേശ്വർ ∙ മൽസരത്തിനു മുന്നോടിയായി ഇന്നലെ പത്രസമ്മേളനത്തിൽ താരമായത് മലയാളി താരം ഋഷിദത്ത്. പരിശീലകൻ ഡേവിഡ് ജയിംസിനൊപ്പം ബ്ലാസ്റ്റേഴ്സിനെ പ്രതിനീധികരിച്ച് എത്തിയത് അണ്ടർ–17 താരമായ ഋഷിയായിരുന്നു. അണ്ടർ–17 ലോകപ്പിനുള്ള ഇന്ത്യൻ ടീം സാധ്യതാ ലിസ്റ്റിലുണ്ടായിരുന്നു ഋഷി അവസാന നിമിഷമാണ് പുറത്തായത്. തൃശൂർ എരുമെപ്പെട്ടി സ്വദേശിയായ ഋഷി ഡിഫൻസീവ് മിഡ്ഫീൽഡറാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്ലാസ്റ്റേഴ്സുമായി മൂന്നു വർഷത്തെ കരാ‍ർ ഒപ്പിട്ടത്. ക്വാർട്ടറിൽ ഈസ്റ്റ് ബംഗാൾ ഐസോൾ എഫ്സിയെ നേരിടും.