‘ആറാം തമ്പുരാന്മാരാകും’ മുൻപ് കേരളം കണ്ട ആ ‘സുവര്‍ണഗോൾ നിമിഷം’

2004ലെ സന്തോഷ് ട്രോഫിയിൽ ഗോളടിച്ച കേരള ടീമിന്റെ ആഹ്ലാദം. (ഫയൽ ചിത്രം)

കോട്ടയം∙ സന്തോഷ് ട്രോഫിയിലെ ‘ആറാം തമ്പുരാന്മാരായി’ കേരളം വെന്നിക്കൊടി പാറിക്കുമ്പോൾ 13 വർഷം മുൻപത്തെ ഒരു വിജയദിനം ഫുട്ബോൾ പ്രേമികളുടെ ഓർമകളിൽ വല ചലിപ്പിച്ചിട്ടുണ്ടാകും. 13 തവണ സന്തോഷ് ട്രോഫി ചാംപ്യൻഷിപ്പിന്റെ ഫൈനൽ കളിച്ചിട്ടുള്ള കേരളം കിരീടം നേടിയിട്ടുള്ളത് ആറു തവണ മാത്രം. 2004ൽ സിൽവെസ്‌റ്റർ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള ടീം ട്രോഫി സ്വന്തമാക്കിയതിനു ശേഷം ഒരു വ്യാഴവട്ടക്കാലം കാത്തിരിക്കേണ്ടി വന്നു കേരളത്തിലേക്ക് വീണ്ടും ഈ ‘സന്തോഷ’ക്കപ്പെത്താൻ. 

1973 ഡിസംബർ ഏഴിലായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ആദ്യ വിജയം. അന്ന് എറണാകുളത്തു നടന്ന മത്സരത്തിൽ റെയിൽവേയെ തോൽപിച്ചാണ് ക്യാപ്റ്റൻ സുബ്രഹ്മണ്യമിന്റെ നേതൃത്വത്തിലുള്ള ടീം സ്വപ്നക്കപ്പ് ഉയർത്തിയത്. പിന്നീട് 1992ൽ കോയമ്പത്തൂരിൽ ഗോവയ്ക്കെതിരെ വി.പി.സത്യന്റെ നേതൃത്വത്തിൽ മിന്നുംജയം. തൊട്ടടുത്ത വർഷം എറണാകുളത്തു വച്ച് മഹാരാഷ്ട്രയെ തോൽപിച്ച് കുരികേശ് മാത്യുവിന്റെ നേതൃത്വത്തിൽ കേരളം കപ്പുയര്‍ത്തി.

പിന്നീട് കാത്തിരുന്നത് എട്ടു വർഷം; 2001ൽ മുംബൈയിൽ നടന്ന മത്സരത്തിൽ ഗോവയെ തോൽപിച്ചാണ് വി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കപ്പ് സ്വന്തമാക്കിയത്. പിന്നീട് 2004ൽ ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ച് ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘവും വിജയം സ്വന്തമാക്കി. 

ആവേശോജ്വലമായിരുന്നു അന്നത്തെ മത്സരം. കേരളപ്പിറവിയുടെ തലേന്നു നടന്ന മത്സരത്തിൽ പഞ്ചാബിനെ 3–2നാണ് കേരളം തകർത്തത്. നിശ്‌ചിത സമയത്ത് കളി 2-2 സമനിലയിൽ ആയിരുന്നു. പിന്നീട് എക്സ്ട്രാ ടൈമിലായിരുന്നു നായകൻ ഇഗ്നേഷ്യസിന്റെ ബൂട്ടിൽ നിന്ന് കേരളത്തിന്റെ എണ്ണംപറഞ്ഞ ഗോൾ. ഇഗ്നേഷ്യസിനു മുൻപ് ബിജീഷ് ബെൻ, അബ്‌ദുൽ നൗഷാദ് എന്നിവരാണു കേരളത്തിനു വേണ്ടി ഗോളുകൾ നേടിയത്.

എട്ടാം മിനിറ്റിൽ തന്നെ ബിജീഷ് ബെന്നിന്റെ ഗോളിൽ കേരളം മുന്നിലെത്തിയിരുന്നു. അബ്ദുൽ നൗഷാദിന്റെ കോർണർ കിക്കിനൊടുവിൽ ഗോൾമുഖത്തുനിന്നു ഗുർജിത് സിങ് അത്വാൽ പറത്തിയ പന്താണ് ബിജീഷിനു മുന്നിലെത്തിയത്. ബിജീഷ് ചിപ് ചെയ്‌ത പന്ത് താഴ്‌ന്നിറങ്ങുമ്പോഴേക്കും ഗോളി കൈക്കലാക്കിയെങ്കിലും പന്തുമായി കാലുകുത്തിയത് വലയ്‌ക്കുള്ളിലാണ്. ഗോളിക്കൊപ്പം പന്തിനു തലവയ്‌ക്കാൻ ശ്രമിച്ച അബ്‌ദുൽ ഹക്കീം അപ്പോഴേക്കും കൈകളുയർത്തി സന്തോഷപ്രകടനം തുടങ്ങിയിരുന്നു. പഞ്ചാബുകാർ പ്രതിഷേധിച്ചെങ്കിലും റഫറി റിസ്വാൻ ഉൾ ഹക്ക് വിധിയിൽ ഉറച്ചുനിന്നു.

രണ്ടാംപകുതി തുടങ്ങി മൂന്നു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഹർദീപ് ഗിൽ പഞ്ചാബിനായി ഗോൾ നേടി. പിന്നീട് ഹർപ്രീത് സിങ്ങിന്റെ ഗോളോടെ പഞ്ചാബ് മുന്നിലുമെത്തി. ക്വാർട്ടറിൽ ഗോവയ്‌ക്കെതിരെ ഹാട്രിക് നേടിയ ഗുർജിത് സിങ് അത്വാലും ഹർദീപ് ഗില്ലും ഹർവീന്ദർ സിങ്ങുമെല്ലാം ഒന്നിനുപുറകെ ഒന്നായി ആക്രമണം അഴിച്ചുവിട്ടെങ്കിലും ലക്ഷ്യത്തിലേക്ക് പന്ത് എത്തിക്കാനായില്ല. പലപ്പോഴും തടസ്സമായതു കേരള ഗോളി എം. വി. നെൽസന്റെയും അബ്‌ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയുടെയും കഠിനാധ്വാനം.

അതിനിടെ ഇടതുകോർണറിൽ നിന്നു നേരിട്ട് വലയിലേക്ക് പന്തു പായിച്ചുകൊണ്ട് അബ്‌ദുൽ നൗഷാദ് കേരളത്തെ ഒപ്പമെത്തിച്ചു. സീറോ ആംഗിളിൽനിന്നു വായുവിൽ കറങ്ങിത്തിരിഞ്ഞ് പന്ത് പഞ്ചാബ് ഗോളി കാമേശ്വർസിങ്ങിന്റെ തലയ്‌ക്കു മുകളിലൂടെ പറന്ന് സകല താരങ്ങളെയും അദ്‌ഭുതപ്പെടുത്തി വലയിൽ പതിച്ച നിമിഷം ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാകില്ല. കളിതീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ പെനൽറ്റി കിക്ക് ദുരന്തം. അബ്‌ദുൽ ഹക്കിമിനെ ബോക്‌സിൽ വീഴ്‌ത്തിയതിനു കിട്ടിയ പെനൽറ്റി ലേണൽ തോമസിന്റെ കാലുകൾക്കു പിഴച്ചു. പഞ്ചാബ് ഗോളി തട്ടിയകറ്റി. 

കളി എക്സ്ട്രാ ടൈമിലേക്കു കടന്നു. അധികസമയത്തിന്റെ ആദ്യപകുതിയും കടന്നു. രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞതേയുള്ളു. മധ്യവരയിൽനിന്നു നൗഷാദ് പാരി എത്തിച്ച പന്ത് നിയന്ത്രണത്തിലാക്കിയ ഇഗ്നേഷ്യസ് രണ്ടു പഞ്ചാബ് ഡിഫൻഡർമാർക്കിടയിൽ നിന്നുകൊണ്ടു നൊടിയിടയിൽ വെട്ടിത്തിരിഞ്ഞ് ഇടതുകാൽകൊണ്ട് ഇന്ദ്രജാലം കാട്ടിയതോടെ വിജയഗോൾ പിറന്നു (3-2).