Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷത്തിന്റെ രാജാക്കന്മാർക്ക് മനോരമയുടെ പൊൻമുദ്ര

team-manorama സന്തോഷ് ട്രോഫി വിജയികളായ കേരള ടീമംഗങ്ങൾക്ക് കൊച്ചിയിൽ മലയാള മനോരമ സ്വർണപ്പതക്കം നൽകി ആദരിച്ചപ്പോൾ. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ, കോച്ച് സതീവൻ ബാലൻ എന്നിവർ മധ്യത്തിൽ. ചിത്രം: മനോരമ.

കൊച്ചി∙ നീണ്ട 14 വർഷമായി കിട്ടാക്കനിയായിരുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ കിരീടവും ചൂടി നാട്ടിലെത്തിയ കേരള ടീമിന് ആദ്യ ആദരമായി മലയാള മനോരമയുടെ സ്വർണപ്പതക്കം. കൊച്ചി മലയാള മനോരമ ഓഫിസിലൊരുക്കിയ ചടങ്ങിൽ അഭിമാന ട്രോഫിയുമായി എത്തിയ ടീമിലെ 20 കളിക്കാർക്കും പരിശീലകൻ, സഹ പരിശീലകൻ, ഫിസിയോ, മാനേജർ എന്നിവർക്കും ഓരോ പവൻ വീതം സമ്മാനിച്ചു. 

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്  പുരസ്കാരങ്ങൾ നൽകി. വിമാനത്താവളത്തിൽ നിന്ന് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കെഎഫ്എ ഒരുക്കിയ അനുമോദന ചടങ്ങിനെത്തിയ ടീം അവിടെ നിന്നാണു മനോരമ ഓഫിസിലെത്തിയത്. ‘കോളജ് വിദ്യാർഥികൾ ഏറെയുള്ള ടീമാണിത്. പക്ഷേ, അവർ ടൂർണമെന്റിൽ അടിച്ച ഗോളുകളും കളിയും സീനിയർ കളിക്കാരുടേതു പോലെയായിരുന്നു. കൂട്ടായ വിജയമാണിത്’- ക്യാപ്റ്റൻ രാഹുൽ വി.രാജ്  പറഞ്ഞു.  ‘ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ഈ വിജയം. ഫൈനലിനിറങ്ങും മുൻപ് ഭയപ്പെടുത്തുന്ന ചരിത്രം പലതുണ്ടായിരുന്നു.

ബംഗാളിനോട് ഫൈനലിൽ ജയിച്ചിട്ടില്ലെന്നതും അവരോട് ഫൈനലിൽ തോറ്റിട്ടുള്ളത് ടൈബ്രേക്കറിലാണെന്നതുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. കൊൽക്കത്തയിൽ തന്നെ ബംഗാളിനെ ടൈബ്രേക്കറിലൂടെ തോൽപിച്ച് കീരിടം ചൂടുമ്പോൾ അതു ചരിത്രത്തിന്റെ ഭാഗമാകുന്നു. ഈ ടീമിൽ നിന്ന് സീനിയർ കളിക്കാരെ മനഃപൂർവം തഴഞ്ഞതല്ല. സ്ഥിരമായി തുടരുന്ന അവസ്ഥയ്ക്ക് ഒരു മാറ്റം വരാൻ ടീമിലും ഒരു മാറ്റം വേണമെന്നു തോന്നി. അതിനു ഫലം കണ്ടു’- കോച്ച് സതീവൻ ബാലൻ പറഞ്ഞു.

മനോരമ എക്കാലത്തും ഫുട്ബോളിനും കളിക്കാർക്കും നൽകുന്ന അകമഴി‍ഞ്ഞ പിന്തുണ വലിയ പ്രോൽസാഹനമാണെന്നു കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ.മേത്തർ പറഞ്ഞു. റേഡിയോ മാംഗോയുടെ ഫുട്ബോൾ മാതൃകയിൽ തയാറാക്കിയ കലണ്ടറും ടീം അംഗങ്ങൾക്കു സമ്മാനിച്ചു.

മലയാള മനോരമ സ്പോർട്സ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, സ്പെഷൽ കറസ്പോണ്ടന്റ് ആന്റണി ജോൺ എന്നിവർ പ്രസംഗിച്ചു.