കേറി വാടാ മക്കളേ..

14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കു സന്തോഷ വിജയം; ഈ നേട്ടത്തെക്കുറിച്ച് മുൻ താരങ്ങൾക്കും പരിശീലകർക്കും പറയാനുള്ളത്...

∙ സി.സി.ജേക്കബ്: ഭാഗ്യം കൊണ്ടു നേടിയതല്ല, അർഹിക്കുന്ന വിജയമാണിത്. ആദ്യം മുതൽ കേരളത്തിന്റെ  വിജയങ്ങളെല്ലാം ആധികാരികമായിരുന്നു. പുതുമുഖങ്ങൾ നിറഞ്ഞ ടീമായിരുന്നെങ്കിലും കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു എല്ലാവരും. ഫുട്ബോളിനു പുതുജീവൻ സമ്മാനിക്കുന്ന  അനുകൂല സാഹചര്യമാണിപ്പോൾ കേരളത്തിൽ. അതു മുതലാക്കി കളി വളർത്താൻ ഫുട്ബോൾ അസോസിയേഷനു കഴിയണം.

∙ ടി.എ.ജാഫർ: ഫൈനലിൽ പന്ത് കൂടുതൽ നേരം ബംഗാൾ കളിക്കാരുടെ കാലുകളിലായിരുന്നെങ്കിലും  ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോൾ മുഖത്തേക്കുള്ള ആക്രമണത്തിലും കേരളമായിരുന്നു മുന്നിൽ. ഹാഫ് ബാക്കിന്റെ പ്രകടനം മികച്ചതായിരുന്നു. ടൈബ്രേക്കറിൽ ഉജ്വലമായ സേവുകളുടെ കിരീടം സമ്മാനിച്ച ഗോളി വി.മിഥുൻ ആണ് ഹീറോ. . 

∙ സേവ്യർ പയസ്: ആദ്യാവസാനം ചാംപ്യൻമാർക്കു ചേർന്ന കളിയായിരുന്നു നമ്മുടേത്. ഫൈനലിൽ ടൈബ്രേക്കറിലേക്കു  പോകാതെതന്നെ ടീം ജയിക്കേണ്ടതായിരുന്നു. കളി നീണ്ടിട്ടും മികച്ച ഫിറ്റ്നസാണു ടീമിനു തുണയായത്. കുറേക്കാലം കേരള ഫുട്ബോളിനു കരുത്താവേണ്ട ഒരു നല്ല യുവനിരയെ കിട്ടി എന്നതാണു വലിയ നേട്ടം. കോച്ച് സതീവൻ ബാലനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

∙കുരികേശ് മാത്യു: ഈ ടീമിനു ഞാൻ നൂറിൽ നൂറു മാർക്കും നൽകും. കാരണം പ്രതികൂലമായ സാഹചര്യത്തിലും കാലാവസ്ഥയിലും ആതിഥേയ ടീമിനെത്തന്നെ തോൽപിച്ചാണ് ഈ കിരീടനേട്ടം. വളരെ സമ്മർദം നിറഞ്ഞ കളിയായിരുന്നു ഫൈനൽ. പക്ഷേ നമ്മുടെ ടീം അപാരമായ ആത്മവിശ്വാസംകൊണ്ട് അതു നേടി. ഈ കളിക്കാരിൽ പ്രതീക്ഷവയ്ക്കാം. 

∙ യു. ഷറഫലി: ഈ  വിജയം പുതിയൊരു ചരിത്രമാണ്. ഒത്തിണക്കമായിരുന്നു നമ്മുടെ ടീമിന്റെ കരുത്ത്. ഫൈനലിലടക്കം മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കാനായത് അതുകൊണ്ടാണ്. കോച്ച് സതീവൻ ബാലന്റെ തന്ത്രങ്ങളും ഫലിച്ചു. 

ടീം സിലക്ടർമാർക്ക് പറയാനുള്ളത്... 

∙ രഞ്ജി കെ. ജേക്കബ്: കോച്ച് സതീവൻ ബാലൻ ആത്മാർഥമായി പരിശ്രമിച്ചു. ഞങ്ങൾ അദ്ദേഹത്തിനു പൂർണ പിന്തുണയുമായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവരുടെ പ്രകടനം വിലയിരുത്തുന്നതിലും തീരുമാനങ്ങളെക്കുന്നതിലും പരിശീലകനെന്ന നിലയ്ക്ക് അദ്ദേഹം മികച്ചുനിന്നു.

∙ വി.പി. ഷാജി: തൃശൂരിൽ നടന്ന ഇന്റർ ഡിസ്ട്രിക്റ്റ് ചാംപ്യൻഷിപ്പിലാണ് സിലക്‌ഷൻ നടപടികൾ തുടങ്ങിയത്. പിന്നീട് കഴിഞ്ഞ സന്തോഷ് ട്രോഫി കളിച്ച ടീമംഗങ്ങളെയും യൂണിവേഴ്സിറ്റി താരങ്ങളെയും ഉൾപ്പെടുത്തി. മികച്ച സംഘമായി മാറാൻ ക്യാംപിലൂടെ ടീമംഗങ്ങൾക്കു കഴിഞ്ഞു. അതാണു കിരീടവിജയത്തിൽ നിർണായകമായതും. 

∙ എം. മുഹമ്മദ് സലിം: ഒരുമിച്ചുള്ള പരിശീലനത്തിന് ഏറെ സമയം കിട്ടിയെന്നത് ഈ ടീമിനു ഗുണം ചെയ്തു. മികച്ച കളിക്കാരെ കണ്ടെത്താനും ഞങ്ങൾക്കു കഴിഞ്ഞു. അവരിൽ തന്നെ ഏറ്റവും മികച്ചവരെയാണു കോച്ച് സതീവൻ ബാലൻ അവസാന ഇലവനിൽ ഉൾപ്പെടുത്തിയത്. അതിന്റെ ഫലമാണീ വിജയം.