സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് ഈസ്റ്റ് ബംഗാൾ–ബെംഗളൂരു എഫ്സി

ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു, ഈസ്റ്റ് ബംഗാൾ ഡിഫൻഡർ എഡ്വേർഡോ ഫെരേര, ബെംഗളൂരു കോച്ച് ആൽബർ‌ട്ടോ റോക്ക, ഈസ്റ്റ് ബംഗാൾ കോച്ച് ഖാലിദ് ജമീൽ എന്നിവർ പത്രസമ്മേളനത്തിൽ.

ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോളിന്റെ ലക്ഷ്യം എന്തായാലും സഫലമായി; ഇന്ത്യയിലെ രണ്ടു ലീഗുകൾ തമ്മിലുള്ള മാറ്റുരയ്ക്കലിന്റെ ഫൈനൽ വേദിയിൽ ഐ ലീഗിൽ നിന്നും ഐഎസ്എലിൽ നിന്നും ഓരോ പ്രതിനിധികൾ. ഐ ലീഗ് നാലാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും ഐഎസ്എൽ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്സിയും ഇന്ന് വൈകിട്ട് നാലിന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ അത് രണ്ടു ലീഗുകളും തമ്മിലുള്ള കിടമൽസരം കൂടിയാകും. 

50% ഫേവറിറ്റുകൾ 

‘‘അതെ. ഞങ്ങൾ ഫേവറിറ്റുകളാണ്. പക്ഷേ 50% മാത്രം’’– ഫൈനലിനു മുൻപുള്ള പത്രസമ്മേളനത്തിൽ ബെംഗളൂരു കോച്ച് ആൽബർട്ടോ റോക്കയുടെ വാക്കുകൾ. ഇരുടീമിനും 50–50 സാധ്യത എന്നതാണ് എല്ലാ മൽസരങ്ങൾക്കു മുൻപും തന്റെ സമീപനമെന്ന് റോക്ക പറയുന്നു. റോക്ക പറയുന്നതിൽ കാര്യമുണ്ട്. ഐഎസ്എൽ ടീമുകൾ മേൽക്കോയ്മ നേടുമെന്നു കരുതിയ സൂപ്പർ കപ്പിൽ ക്വാർട്ടർ കളിച്ച എട്ട് ടീമുകളിൽ അഞ്ചും ഐ ലീഗിൽ നിന്നായിരുന്നു. ഐഎസ്എൽ ഫൈനലിലെ തോൽവി മറയ്ക്കാൻ തന്നെയാണ് ബെംഗളൂരു ഇറങ്ങുന്നതെന്ന് റോക്ക പറയുന്നു. ‘‘കിരീടങ്ങൾക്കു വേണ്ടി കൊതിക്കുന്ന ഒരു ടീമാണ് ഞങ്ങൾ. അതു കൊണ്ട് ഐഎസ്എൽ ഫൈനലിലെ തോൽവി അത്രയെളുപ്പം മറക്കാനാകില്ല. മറ്റൊരു കിരീടം കൊണ്ടല്ലാതെ..’’. ഉദാന്ത–ഛേത്രി–മിക്കു മുന്നേറ്റ ത്രയം തന്നെയാണ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ കരുത്ത്. ഛേത്രി ക്വാർട്ടറിൽ ഹാട്രിക് നേടിയപ്പോൾ മിക്കു സെമിഫൈനലിൽ അതാവർത്തിച്ചു. മുൻ‌പ് ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചിട്ടുള്ള ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും ബെംഗളൂരുവിനു മുതൽക്കൂട്ട്. 

100% തെളിയിക്കണം

ഐഎസ്എലിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷനോടു ഉടക്കിപ്പിരിഞ്ഞവരാണ് ഈസ്റ്റ് ബംഗാൾ. സെക്യൂരിറ്റി തുകയില്ലാതെ തന്നെ ഇന്ത്യയിലെ വമ്പൻ ക്ലബ്ബായ തങ്ങളെ ഐഎസ്എലിൽ പങ്കെടുപ്പിക്കണം എന്ന ആവശ്യം നിരസിച്ചതു കൊണ്ടായിരുന്നു അത്. അന്നു നടത്തിയ വെല്ലുവിളി തെളിയിക്കാൻ ഈസ്റ്റ് ബംഗാളിനുള്ള സുവർണാവസരം കൂടിയാണിത്. ചിരവൈരികളായ മോഹൻ ബഗാൻ വരെ ഇക്കാരണം കൊണ്ട് ഒരു ഈസ്റ്റ് ബംഗാൾ ജയം ചെറുതായിട്ടെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. ജയിച്ചാൽ ഈസ്റ്റ് ബംഗാളിന്റെ വിലപേശൽ ശേഷി കൂടുകയും ചെയ്യും. ഉദാന്ത–ഛേത്രി–മിക്കു ത്രയത്തിന് ഈസ്റ്റ് ബംഗാളിന്റെ മറുപടി ഡുഡു–കാറ്റ്സുമി യുസ–അൽ അംന സഖ്യമാണ്. സെമിഫൈനലിൽ ഗോളടിക്കുകയും പരുക്കേൽക്കുകയും ചെയ്ത ഡുഡു ഇന്നു പൂർണ സജ്ജനാണെന്ന് കോച്ച് ഖാലിദ് ജമീൽ പറയുന്നു. എഫ്സി ഗോവയെ ഒറ്റഗോളിന് മറികടന്നാണ് ഈസ്റ്റ് ബംഗാൾ ഫൈനലിലെത്തിയത്.