സ്ഥാനമൊഴിയുമെന്ന് ആർസീൻ വെംഗർ; വിടവാങ്ങൽ 22 വർഷത്തിനു ശേഷം

ഇംഗ്ലിഷ് ഫുട്ബോളിനെ ഫിലോസഫി പഠിപ്പിച്ച ഫ്രഞ്ച് പ്രഫസർ പടിയിറങ്ങുന്നു. 22 വർഷത്തെ ദീർഘകാലയളവിനൊടുവിൽ ഈ സീസണോടെ ആർസനൽ പരിശീലക സ്ഥാനമൊഴിയുമെന്ന് ആർസീൻ വെംഗർ പ്രഖ്യാപിച്ചു. വിടപറയുന്നകാര്യം ആർസനൽ ക്ലബ് വെബ്സൈറ്റിലൂടെ തന്നെയാണ് വെംഗർ പുറത്തുവിട്ടത്. ഫ്രഞ്ചുകാരനായ വെംഗർക്ക് പകരക്കാരനെ ഉടനെ കണ്ടെത്തുമെന്നു ക്ലബ് അധികൃതർ അറിയിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ട് മുൻ പരിശീലകനായ തോമസ് ടുഷലാണ് സാധ്യതയിൽ മുന്നിൽ. 

1996 ഒക്ടോബറിൽ ആർസനലിന്റെ സാരഥ്യമേറ്റെടുത്ത വെംഗർ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഏഴു വീതം എഫ്എ കപ്പും കമ്യൂണിറ്റി ഷീൽഡും നേടി. 2003–04 സീസണിൽ ക്ലബിനെ അപരാജിതരായി പ്രീമിയർ ലീഗ് ചാംപ്യൻമാരാക്കിയതാണ് വെംഗറുടെ കരിയറിലെ സുവർണവർഷം. 1998, 2002 വർഷങ്ങളിൽ വെംഗർക്കു കീഴിൽ ക്ലബ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് ഡബിളും നേടി. കുറച്ചുവർഷങ്ങളായി ടീമിന്റെ പ്രകടനം മോശമായതോടെ വെംഗർക്കെതിരെ ആരാധകരോഷം ശക്തമായിരുന്നു. എന്നിട്ടും വെംഗറിൽ വിശ്വാസമർപ്പിച്ചു ക്ലബ് 2017ൽ രണ്ടു വർ‍ഷം കൂടി കരാർ നീട്ടി നൽകി. 

ഫ്രഞ്ച് പ്രഫസർ 

‘‘ ആദ്യം വെംഗറെ കണ്ടപ്പോൾ ഇയാൾക്ക് ഫുട്ബോളിനെക്കുറിച്ച് എന്തറിയാം എന്നാണു ഞാൻ ചിന്തിച്ചത്. കണ്ണടവച്ച വെംഗറെ കണ്ടപ്പോൾ ഒരു സ്കൂൾ ടീച്ചറെപ്പോലെയാണ് എനിക്കു തോന്നിയത്. അദ്ദേഹത്തിനു വൃത്തിയായി ഇംഗ്ലിഷ് സംസാരിക്കാനറിയുമോ എന്നുപോലും സംശയിച്ചു..’’– വെംഗർ പരിശീലകസ്ഥാനമേറ്റെടുത്തപ്പോൾ ആർസനൽ ക്യാപ്റ്റനായിരുന്ന ടോണി ആഡംസ് പറഞ്ഞ വാക്കുകൾ. നല്ലൊരു കളിക്കാലം പോലും പേരിലില്ലാത്ത വെംഗർക്ക് ഫ്രഞ്ച് ക്ലബ് മൊണാക്കോയ്ക്ക് ഒരു ലീഗ് കിരീടവും ഫ്രഞ്ച് കപ്പും നേടിക്കൊടുത്ത പെരുമ മാത്രമാണുണ്ടായിരുന്നത്. ജപ്പാനീസ് ജെ ലീഗ് ക്ലബായ നഗോയ ഗ്രാംപസിന്റെ പരിശീലക സ്ഥാനത്തുനിന്നാണു വെംഗർ ആർസനലിലെത്തിയത്. എന്നാൽ തന്നെ സംശയിച്ച ഇംഗ്ലിഷുകാരെയെല്ലാം കുറഞ്ഞ കാലം കൊണ്ടുതന്നെ വെംഗർ മാറ്റിപ്പറയിച്ചു. പരമ്പരാഗതമായ കളിച്ചിട്ടകളിൽ അഭിരമിച്ചിരുന്ന ഇംഗ്ലിഷ് ഫുട്ബോളിന്റെ ശൈലികൾ‍ മാറ്റിപ്പണിത‌ാണു വെംഗർ വിപ്ലവം തുടങ്ങിയത്. 

 വെംഗറുടെ താരങ്ങൾ

കിണറിനു സ്ഥാനം നിർണയിക്കുന്നപോലെ താരങ്ങളെ കണ്ടെത്താനുള്ള കഴിവാണു വെംഗറെ വ്യത്യസ്തനാക്കിയത്. ഔദ്യോഗികമായി ക്ലബിലെത്തുന്നതിനു മുൻപു തന്നെ ഫ്രഞ്ച് മിഡ്ഫീൽഡർമാരായ പാട്രിക് വിയേരയെയും ഇമ്മാനുവൽ പെറ്റിറ്റിനെയും വെംഗർ ടീമിലെത്തിച്ചു. ഡച്ച് ബ്യൂട്ടിഫുൾ ഫുട്ബോളിന്റെ അവസാന കണ്ണികളിലൊരാളായ ഡെനിസ് ബെർഗ്കാംപും ഗോൾദാഹിയായ സ്ട്രൈക്കർ ഇയാൻ റൈറ്റുമെല്ലാം വെംഗറുടെ ശിക്ഷണത്തിൽ വളർന്നവരാണ്. എന്നാൽ വെംഗറുടെ ഏറ്റവും വലിയ കണ്ടെത്തൽ ഫ്രഞ്ച് ഫോർവേഡ് തിയറി ഒന്റിയായിരുന്നു. ഇറ്റാലിയൻ ക്ലബ് യുവെന്റസിനുവേണ്ടി വിങ്ങറായി കളിച്ചിരുന്ന ഒന്റിയെ വെംഗർ ടീമിലെത്തിച്ചു കംപ്ലീറ്റ് സ്ട്രൈക്കറാക്കി മാറ്റി. 228 ഗോളുകളോടെ ക്ലബിന്റെ ചരിത്രത്തിലെ റെക്കോർഡ് ഗോൾ സ്കോററായി മാറിയാണ് ഒന്റി വെംഗറുടെ വിശ്വാസത്തിനു പ്രത്യുപകാരം ചെയ്തത്. 

 യൂറോപ്യൻ സ്വപ്നം

ഇംഗ്ലിഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗുസന്റെ വ്യക്തിപ്രഭാവത്തിനു മുന്നിൽ മാത്രമാണു വെംഗർ രണ്ടാമനായിപ്പോയത്. തൊണ്ണൂറുകളുടെ അവസാനം യുണൈറ്റ‍ഡ് ഇംഗ്ലണ്ടും യൂറോപ്പും ഭരിച്ചപ്പോൾ ആർസനലിനു വരൾച്ചാകാലമായിരുന്നു. 1999 മുതൽ യുണൈറ്റഡ് തുടരെ മൂന്നുവട്ടം പ്രീമിയർ ലീഗ് കിരീടം ചൂടിയപ്പോൾ മൂന്നു തവണയും ആർസനൽ രണ്ടാമതായിപ്പോയി. പിന്നീട് ലീഗിൽ തുടർകിരീടങ്ങളുമായി വെംഗർ പെരുമ തിരിച്ചുപിടിച്ചെങ്കിലും യൂറോപ്യൻ കിരീടം എക്കാലവും അകന്നുനിന്നു. വെംഗർക്കു കീഴിൽ തുടരെ 19 സീസൺ ചാംപ്യൻസ് ലീഗ് കളിച്ചെങ്കിലും ഒരു വട്ടം മാത്രമാണ് ആർസനൽ ഫൈനലിലെത്തിയത്. 

2006ൽ ബാർസിലോനയ്ക്കെതിരെ സോൾ കാംപെലിന്റെ ഗോളിൽ ലീഡെടുത്തെങ്കിലും അവസാനം സാമുവൽ എറ്റോവിന്റെയും ജൂലിയാനോ ബെലെറ്റിയുടെയും ഗോളുകളിൽ വീണുപോയി. 18–ാം മിനിറ്റിൽ ഗോൾകീപ്പർ ജെൻസ് ലേമാൻ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതിനുശേഷം പത്തുപേരുമായി കളിച്ചാണ് ആർസനൽ പൊരുതിനിന്നത്. ഇത്തവണ യൂറോപ്പ ലീഗ് സെമിഫൈനലിലെത്തിയതിനാൽ വെംഗർക്കു യൂറോപ്യൻ നിരാശ അകറ്റാൻ അവസാന അവസരം ബാക്കിയുണ്ട്.