Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെംഗർ ജയിച്ചു വിടചൊല്ലി

Arsene Wenger വെംഗർ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.

ലണ്ടൻ∙  എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇനി ഗൃഹനാഥനില്ല! ക്ലബിനൊപ്പം 22 വർഷം നീണ്ട പരിശീലക കാലയളവിനു ശേഷം ആർസനൽ ക്ലബിന്റെ ഹോം ഗ്രൗണ്ടിൽ നിന്ന് ആർസീൻ വെംഗർ വിടവാങ്ങി. വിടവാങ്ങൽ മൽസരത്തിൽ ഗുരുദക്ഷിണയെന്ന പോലെ ബൺലിയുടെ പോസ്റ്റിൽ അഞ്ചു ഗോളുകൾ നിക്ഷേപിച്ചാണ് താരങ്ങൾ ഗുരുനാഥനുള്ള ആശംസ നേർന്നത്. എതിരില്ലാത്ത അഞ്ചുഗോൾ വിജയം! 

തിയറി ഒൻറിയും റോബർട്ട് പിറേസും ലുങ്ബർഗുമെല്ലാം ബൂട്ടുകെട്ടിയ ടീം അജയ്യരായി കിരീടം ചൂടിയ  2003–04 സീസണിലെ ഓർമകൾ അലയടിച്ചിരിക്കണം വെംഗറുടെ മനസ്സിലപ്പോൾ! ലെസ്റ്റർ സിറ്റിക്കെതിരെയും ഹഡർസ്ഫീൽഡിനെതിരെയും എവേ മൽസരങ്ങൾ ബാക്കിയുള്ളതിനാൽ ടീമിനൊപ്പം വെംഗറുടെ അവസാന അങ്കമല്ല ഇത്. 

wenger എമിറേറ്റ്സ് സ്റ്റേഡിയത്തിലെ അവസാന മൽസരത്തിനു ശേഷം ആർസനൽ പരിശീലകൻ ആർസീൻ വെംഗർ തന്റെ ടൈ കൊച്ച് ആരാധകനു നൽകുന്നു. ആർസീൻ, താങ്കളുടെ ടൈ എനിക്കു നൽകാമോ എന്ന് ആരാധകൻ ബാനറിലെഴുതിയത് കണ്ടാണ് വെംഗർ ടൈ നൽകിയത്.

എമിറേറ്റ്സിലെ വിടവാങ്ങൽ മൽസരത്തിലെ കിക്കോഫിനു മുൻപ് ഇരുടീമുകളും വെംഗർക്ക് ഗാർഡ് ഓഫ് ഓണർ നൽകി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ അപ്പോൾ മുഴങ്ങിയത് അറുപതിനായിരത്തോളം വരുന്ന ആരാധകരുടെ ഒരേ ശബ്ദം– ‘ഒരേയൊരു വെംഗർ’.  സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ മുൻപ് ‘വെംഗർ ഗോ ബായ്ക്ക്’ എന്നു ബാനറുകളുമായി വന്നിരുന്നവർ ഇത്തവണ ‘മേഴ്സി അർസീൻ’ (നന്ദി അഴ്സീൻ) എന്നെഴുതിയെ ചുവപ്പു ടീഷർട്ടുകൾ ധരിച്ചു കൊണ്ടെത്തി. 

‘ഇത്ര നാൾ എന്നെ ഉൾക്കൊണ്ടതിനു നന്ദി. എനിക്കറിയാം, അതൊട്ടും എളുപ്പമായിരുന്നില്ലെന്ന്, പക്ഷേ. എല്ലാറ്റിലുമുപരി നിങ്ങളെപ്പോലെ തന്നെ ഞാനും ഒരു ആർസനൽ ആരാധകനാണ്. ഐ വിൽ മിസ് യൂ’– മൽസരശേഷം എമിറേറ്റ്സിലെ പച്ചപ്പിൽ നിന്നു കൊണ്ട് വെംഗർ പറഞ്ഞു. 

ആർസനലിനു മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഏഴ് എഫ്എ കപ്പ് ചാംപ്യൻഷിപ്പു‍കളും നേടിക്കൊടുത്ത ശേഷമാണ് വെംഗറുടെ പടിയിറക്കം. പ്രത്യേക സുവർണ ട്രോഫി നൽകിയാണ് ആർസനൽ പ്രിയ പരിശീലകനെ യാത്രയാക്കിയത്. വെംഗർക്ക് ട്രോഫി സമ്മാനിച്ചതാകട്ടെ, ആർസനൽ ഇതിഹാസങ്ങളും വെംഗറുടെ സഹ പരിശീലകരുമായിരുന്ന ബോബ് വിൽസണും പാറ്റ് റൈസും ചേർന്നും; പ്രഭാവശാലിയായ പരിശീലകന് ഓർമകളുയർത്തുന്ന യാത്രയയപ്പ്..! പിയെറി എമെറിക് ഔബെമെയാങ് (രണ്ട്), അലക്സാണ്ടർ ലകാസെറ്റെ, സീദ് കൊലാസിനാക്, അലക്സ് ഇവോബി എന്നിവരാണ് കളിയിൽ ആർസനലിന്റെ ഗോളുകൾ നേടിയത്.