ബെംഗളൂരു എഫ്സി ഇന്ത്യയുടെ ‘ബയൺ മ്യൂണിക്’

സൂപ്പർ കപ്പ് ഫൈനലിനു ശേഷം ഈസ്റ്റ് ബംഗാൾ ടീമിന് ഗാർഡ് ഓഫ് ഓണർ നൽകുന്ന ബെംഗളൂരു എഫ്സി താരങ്ങൾ

പ്രഥമ സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിനു പിന്നാലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സ്പോർട്സ്മാൻ സ്പിരിറ്റ് നിറഞ്ഞ ഒരു കാര്യത്തിനു സാക്ഷിയായി. ജേതാക്കളായ ബെംഗളൂരു എഫ്സി ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ മൈതാനത്ത് അണിനിരന്നു നിന്നു. തങ്ങളോടു 4–1നു കീഴടങ്ങിയ ഈസ്റ്റ് ബംഗാൾ ടീമിന് അവരുടെ ഗാർഡ് ഓഫ് ഓണർ. സാധാരണ തോൽക്കുന്ന ടീം ജയിക്കുന്ന ടീമിനു നൽകുന്ന ആദരം.

പത്തുപേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാൾ കാണിച്ച പോരാട്ടവീര്യം തങ്ങൾ മാനിക്കുന്നുവെന്നായിരുന്നു ബെംഗളൂരു എഫ്സി കോച്ച് ആൽബർട് റോക്കയുടെ വാക്കുകൾ. കിക്കോഫിനു മുൻപുള്ള മുന്നൊരുക്കങ്ങൾ മുതൽ ഫൈനൽ വിസിലിനു ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾ വരെ ബെംഗളൂരു എഫ്സി ഇന്ത്യൻ ഫുട്ബോളിനെ പഠിപ്പിക്കുന്നതു പുതിയ പാഠങ്ങളാണ്.

∙ അഞ്ചു വർഷം, അഞ്ചു കിരീടങ്ങൾ

2013ൽ രൂപീകൃതമായി അഞ്ചുവർഷം തികയുന്നതിനു മുൻപേ അഞ്ചു കിരീടങ്ങൾ ജിൻഡാൽ സ്റ്റീൽസിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു എഫ്സിയുടെ ഷോക്കേസിലെത്തിക്കഴിഞ്ഞു. അരങ്ങേറ്റ സീസണിൽത്തന്നെ ഐ ലീഗ് കിരീടം നേടിയായിരുന്നു തുടക്കം. ഒരു സീസണിനപ്പുറം ആ നേട്ടം ആവർത്തിച്ചു. 2015ലും 2017ലും ഫെഡറേഷൻ കപ്പ് നേടി. ഇപ്പോഴിതാ ഫെഡറേഷൻ കപ്പിന്റെ പിൻഗാമിയായ സൂപ്പർ കപ്പിലും ജേതാക്കളായി. കിരീടങ്ങൾക്കൊപ്പം രണ്ടു ഫൈനൽ തോൽവികൾകൂടി എടുത്തുപറയണം. 

2016ൽ വൻകരാ ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിന്റെ ഫൈനലിലെത്തിയ ബെംഗളൂരു എയർഫോഴ്സ് ക്ലബ് ഇറാഖിനോടു പൊരുതിയാണു കീഴടങ്ങിയത്. ഇത്തവണ ഐഎസ്എൽ ഫൈനലിൽ ചെന്നൈയോടും. ‘‘പോയിന്റ് അടിസ്ഥാനത്തിലുള്ള ലീഗ് ചാംപ്യൻഷിപ്പായിരുന്നെങ്കിൽ എത്രയോ മൽസരങ്ങൾ ശേഷിക്കെ തന്നെ ഞങ്ങൾ ചാംപ്യൻമാരായേനേ..’’ ഐഎസ്എൽ ഗ്രൂപ്പ് ഘട്ടത്തിൽ ടീം കാണിച്ച മികവു സൂചിപ്പിച്ചു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പറഞ്ഞു.

∙ അടിമുടി പ്രഫഷനൽ

2013ൽ കോർപറേറ്റ് ക്ലബുകൾക്കും ഐ ലീഗിൽ മൽസരിക്കാം എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിയമം ഭേദഗതി ചെയ്തതിനെത്തുടർന്നാണ് ഉരുക്കു നിർമാതാക്കളായ ജിൻഡാൽ ഗ്രൂപ്പ് ബെംഗളൂരു എഫ്സി സ്ഥാപിക്കുന്നത്.

പേരിനുമാത്രം പ്രഫഷനലായ ഇന്ത്യൻ ക്ലബുകളെ ശരിക്കും പ്രഫഷനലിസം പഠിപ്പിച്ചതു ബെംഗളൂരു എഫ്സിയാണ്. പരിശീലനത്തിനിടെ കളിക്കാരുടെ പെർഫോമൻസും ഫിറ്റ്നസും അളക്കാനുള്ള ഓൺഫീൽഡ് ജിപിഎസ് സാങ്കേതികവിദ്യ ഇന്ത്യൻ ഫുട്ബോളിൽ അവതരിപ്പിച്ചത് ഉൾപ്പെടെ. ഇംഗ്ലണ്ടിലെ സെന്റ് ജോർജസ് പാർക്ക് നാഷനൽ ഫുട്ബോൾ സെന്ററിൽ വരെ പരിശീലനം കഴിഞ്ഞെത്തിയ കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് ആയിരുന്നു സൂത്രധാരൻ. കളിക്കാരിൽ മാത്രമൊതുങ്ങുന്നില്ല ബെംഗളൂരുവിന്റെ പ്രഫഷനലിസം. 

അവരുടെ ആരാധകസംഘമായ ‘വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്’ വരെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ ആരാധകസമൂഹങ്ങളുടെ മാതൃകയിലാണ്.

∙ രാജ്യാന്തര ക്ലബ്

മോഹൻ ബഗാൻ–ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഡാർബിയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ ക്ലബ് തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ രാജ്യാന്തര മേൽവിലാസം. ഇപ്പോഴതു ബെംഗളൂരു എഫ്സിയുടെ ഉരുക്കു കരുത്താണ്. എഎഫ്സി കപ്പിലെ സാന്നിധ്യം എന്നതിനപ്പുറം കിരീടം നേടാൻ സാധ്യതയുള്ള ഫേവറിറ്റ് ടീമുകളിലൊന്നാണ് ഇപ്പോൾ ബെംഗളൂരു. ഈ സീസണിൽ ഇതുവരെ മൂന്നു കളികളും ജയിച്ചു ഗ്രൂപ്പിൽ ഒന്നാമതാണ്.

ജർമനിക്കു ബയൺ മ്യൂണിക് എന്നപോലെ ദേശീയ ടീമിന്റെ ഫീഡർ ക്ലബാണു ബെംഗളൂരു എഫ്സി. 1974ലും 2014ലും ജർമനി ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ഫ്രാൻസ് ബെക്കൻ ബോവറും ഫിലിപ്പ് ലാമും അടക്കം ടീമിലെ ഭൂരിഭാഗം പേരും ബയണിൽനിന്നായിരുന്നു. ഇന്ത്യൻ ദേശീയ ടീമിലും സമാനമായ ‘ബെംഗളൂരു എഫക്ട്’ ഉണ്ട്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും വിങ്ങർ ഉദാന്ത സിങ്ങും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും ഉൾപ്പെടെയുള്ളവർ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യം. വർഷങ്ങൾക്കുശേഷം ഇന്ത്യ ഫിഫ റാങ്കിങിൽ നൂറിനു താഴെ വന്നതിൽ നന്ദി പറയേണ്ടതു ബെംഗളൂരു എഫ്സിയുടെ പ്രഫഷനൽ പാഠങ്ങളോടു കൂടിയാണ്.