കളിയുടെ, ഭാഗ്യത്തിന്റെ ലക്ഷ്മണരേഖ

പി.പി.ലക്ഷ്മൺ

കണ്ണൂർ ∙ കായികസ്നേഹം പി.പി.ലക്ഷ്മണനു നേരമ്പോക്കു മാത്രമായിരുന്നില്ല, വളർച്ചയിലേക്കുള്ള ഏണിപ്പടികൂടിയായിരുന്നു. കുടുംബം പോറ്റാൻ അമ്മാവനൊപ്പം ആഫ്രിക്കയിലെത്തുമ്പോൾ എന്തെങ്കിലുമൊരു ജോലി എന്നതായിരുന്നു പതിനഞ്ചുകാരന്റെ സ്വപ്നം. എന്നാൽ, ആരും കൊതിക്കുന്ന ഭാഗ്യമായിരുന്നു ലക്ഷ്മണനു വേണ്ടി കായികലോകം കാത്തുവച്ചത്.

ടാൻസനിയയിലെ ഇലാല റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു പി.പി.ലക്ഷ്മണന്റെ അമ്മാവൻ കുമാരൻ. വൈകിട്ട് അമ്മാവനൊപ്പം ഫുട്ബോൾ കളിക്കാനെത്തിയ ലക്ഷ്മണന്റെ കളിമികവ് അവിടത്തെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന സ്കോട്ട്ലൻഡുകാരൻ മെക്ബേണി നേരിട്ടു കണ്ടു. കടുത്ത ഫുട്ബോൾപ്രേമികൂടിയായിരുന്നു മെക്ബേണി. ലക്ഷ്മണന്റെ കളിമിടുക്കു മനസ്സിലാക്കിയ മെക്ബേണി കളി അവസാനിക്കുമ്പോഴേക്കും റെയിൽവേ ക്ലാർക്കായി നിയമനം നൽകി.

വെറും ക്ലാർക്കായി നിർത്താതെ ലക്ഷ്മണനെ സ്റ്റേഷൻ മാസ്റ്റർമാർക്കുള്ള പരിശീലനത്തിനും വിട്ടു. പരിശീലന ക്ലാസിലും കളിയിലുമുള്ള മിടുക്ക് പി.പി.ലക്ഷ്മണനെ പരിശീലന കോളജിൽ ഒന്നാമനാക്കി. 16–ാം വയസ്സിൽ യുവിൻസാ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററായി നേരിട്ടു നിയമനം. എന്നാൽ, ലക്ഷ്മണനെപ്പോലെ കഴിവും പ്രതിഭയുമുള്ള ഒരാൾ തീരെച്ചെറിയ റെയിൽവേ സ്റ്റേഷനിൽ കാലംകഴിക്കേണ്ടയാളല്ല എന്ന സ്റ്റേഷൻ പരിശോധനാ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറെക്കൂടി വലിയ നഗരമായ നെസേഗ സിറ്റിയിലെ ബുക്കേനി റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം നിയമിക്കപ്പെട്ടു.

ബുക്കേനി റെയിൽവേ സ്റ്റേഷൻ മാനേജരായിരിക്കുന്ന കാലത്താണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കുതിരപ്പന്തയങ്ങളിലൊന്നായ ‘ഡാർബി’യുടെ ടിക്കറ്റ് ലക്ഷ്മണന്റെ പോക്കറ്റിലെത്തിയത്. പരിചയക്കാരൻ നിർബന്ധപൂർവം പോക്കറ്റിലിട്ടതാണ് 20 പൗണ്ട് (ഇന്നത്തെ 1820 രൂപ) വിലയുള്ള ടിക്കറ്റ്. തികഞ്ഞ വിജയങ്ങളുടെയും അതിനെക്കാൾ പരാജയങ്ങളുടെയും ചരിത്രമുള്ള ഹാർഡ് റിഡൻ എന്നു പേരുള്ള കുതിര ആ ടിക്കറ്റിൽ മൽസരിക്കാനെത്തി. ഭാഗ്യനിർഭാഗ്യത്തിനു കാത്തുനിൽക്കാതെ അവസാന നിമിഷം മറ്റാർക്കെങ്കിലും ടിക്കറ്റ് കൈമാറാം, എങ്കിൽ പതിനായിരം പൗണ്ട് ലഭിക്കും. പക്ഷേ കൈവിടാതിരുന്നാൽ ഒരു രാത്രിക്കപ്പുറം കാത്തുനിൽക്കുന്നത് 50,000 പൗണ്ടിന്റെ ഭാഗ്യദേവതയാണ്. പലതരത്തിലുള്ള പ്രലോഭനങ്ങൾക്കൊടുവിൽ സ്പോർട്സ്മാൻ സ്പിരിറ്റോടെ പന്തയത്തിൽ പങ്കെടുക്കാൻതന്നെയായിരുന്നു പി.പി.ലക്ഷ്മണന്റെ തീരുമാനം. ആവേശകരമായ പന്തയത്തിനൊടുവിൽ, അവിശ്വസനീയമായ കുതിപ്പു നടത്തിയ ഹാർഡ് റിഡൻ കുതിര ഒന്നാമതെത്തി. പതിനഞ്ചാം വയസ്സിൽ ദരിദ്രനായി ആഫ്രിക്കയിലെത്തിയ പി.പി.ലക്ഷ്മണൻ മൂന്നുവർഷത്തിനുശേഷം ലക്ഷപ്രഭുവായി ജന്മനാട്ടിൽ തിരിച്ചെത്തി.

കായികരംഗം സമ്മാനിച്ച ആ അപൂർവ സൗഭാഗ്യത്തിന്റെ എത്രയോ ഇരട്ടി കായികലോകത്തിനു തിരികെ നൽകിയാണു പി.പി.ലക്ഷ്മണൻ വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ ‘സ്നേഹത്തിനു പകരം സ്നേഹം മാത്രം, കടപ്പാടിനു പകരം കടപ്പാടും’.