നെയ്മറോ ഹസാർഡോ എംബപെയോ? ക്രിസ്റ്റ്യാനോയുടെ പകരക്കാരനെ കാത്ത് റയൽ

ഹസാർഡ്, എംബപെ, നെയ്മർ

മഡ്രി‍ഡ്∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവെന്റസിലേക്കു കൂടുമാറിയതോടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലെത്തുന്ന പകരക്കാരനെക്കുറിച്ച് അഭ്യൂഹങ്ങൾ മുറുകുന്നു. ചാംപ്യൻസ് ലീഗ് കിരീടവിജയം മാറ്റിനിർത്തിയാൽ കഴിഞ്ഞ സീസണിൽ റയൽ നിറം മങ്ങിയ സാഹചര്യത്തിൽ ക്രിസ്റ്റ്യാനോയുടെ അഭാവം നികത്താൻ ശേഷിയുള്ള താരത്തെ തന്നെ കണ്ടെത്തേണ്ടതുമുണ്ട്.

ഫ്ര‍ഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർതാരങ്ങളായ നെയ്മർ, കിലിയൻ എംബപെ എന്നിവരിലൊരാളെ റയൽ സ്വന്തമാക്കുമെന്നായിരുന്നു അഭ്യൂഹങ്ങളേറെയും.

ബാർസിലോനയിൽനിന്നു റെക്കോർഡ് തുകയ്ക്ക് നെയ്മർ പിസ്ജിയിലേക്കു മാറിയതു കഴിഞ്ഞ വർഷാണ്. ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽനിന്ന് പിഎസ്ജിയിലേക്കുള്ള എംബപെയുടെ മാറ്റം സ്ഥിരപ്പെടുത്തിയതും അടുത്തകാലത്താണ്. ഇവരിലൊരാളെ ലഭിക്കണമെങ്കിൽ റയൽ വൻതുക മുടക്കേണ്ടിവരും. ക്രിസ്റ്റ്യാനോയുടെ മാറ്റത്തിൽ 805 കോടി രൂപ റയലിനു ലഭിക്കും.

നെയ്മറെയും എംബപെയും വിൽക്കാൻ പിഎസ്ജിയ തയാറായില്ലെങ്കിൽ ബൽജിയം നായകനും ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ പ്ലേമേക്കറുമായ ഏദൻ ഹസാഡാണ് സാധ്യതാ പട്ടികയിലുള്ള മറ്റൊരാൾ. ഇംഗ്ലിഷ് ക്ലബ്ബുകളായ ടോട്ടനം ഹോട്സ്പറിന്റെ ഹാരി കെയ്ൻ, ലിവർപൂളിന്റെ മുഹമ്മദ് സലാ എന്നിവരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്.

∙ റൊണാൾഡോയ്ക്കു പതിമൂന്നു കോടി ആരാധകർ ഫെയ്സ് ബുക്കിൽ മാത്രമുണ്ട്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും അദ്ദേഹത്തെ പിന്തുടരുന്നവർ 7.40 കോടിയാണ്. ഇതിന്റെയെല്ലാം ഗുണം യുവെന്റസിനു ലഭിക്കും.