റോണോയ്ക്കൊപ്പം പോഗ്ബ, മാർസലോ യുവെയിലേക്ക്? അലിസൺ വിലകൂടിയ ഗോളി!

മാർസലോ, റൊണാൾഡോ, പോൾ പോഗ്ബ, ബോട്ടെങ്.

പുതിയ സീസണിന് തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഫുട്ബോൾ ലോകത്ത് ‘താര കച്ചവടം’ പൊടിപൊടിക്കുന്നു. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്റസ് പ്രവേശനത്തോടെ ആവേശക്കൊടുമുടിയിലെത്തിയ ട്രാൻസ്ഫർ വിൻഡോയിൽനിന്ന് കൂടുതൽ ‘ഞെട്ടിക്കുന്ന’ വാർത്തകൾ പുറത്തുവരുമെന്നാണ് സൂചനകൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വരുന്ന സീസണിൽ ഫുട്ബോൾ ലോകം ഇറ്റലിയിലേക്ക് ഉറ്റുനോക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെയും സ്പാനിഷ് ലാ ലിഗയുടെയും പകിട്ടിൽ പ്രഭ മങ്ങിനിൽക്കുന്ന ഇറ്റാലിയൻ ലീഗ് ഈ സീസണോടെ താരപ്രഭയിലേക്ക് കുതിച്ചുയർന്നേക്കും.

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി ഞെട്ടിച്ച യുവെന്റസ് കൂടുതൽ താരങ്ങളെ നോട്ടമിട്ടിരിക്കുന്നതായാണ് വിവരം. റയൽ പരിശീലന സ്ഥാനം ഒഴിഞ്ഞ സിനദീൻ സിദാൻ യുവെന്റസിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. സ്പോർട്ടിങ് ഡയറക്ടറായിട്ടാകും സിദാന്റെ നിയമനം. കളിക്കാരനെന്ന നിലയിൽ യുവെന്റസിനു കളിച്ചിട്ടുള്ള സിദാൻ, അവിടെനിന്നാണ് റയലിനൊപ്പമെത്തിയത്.

സിനദീൻ സിദാൻ

സിദാനു പുറമെ റയലിൽനിന്ന് ബ്രസീലിയൻ വിങ്ങർ മാർസലോയെ റാഞ്ചനും യുവെന്റസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രണ്ടു വർഷം മുൻപ് ടീം വിട്ട ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുണ്ട്. അന്നത്തെ റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു പോയ പോഗ്ബയ്ക്ക് അവിടെ പരിശീലകൻ ഹോസെ മൗറീഞ്ഞോയുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇറ്റലിയിലേക്ക് മടങ്ങാൻ പോഗ്ബ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

മാർസലോ

ഇവർക്കു പുറമെ ജർമൻ താരം ജെറോം ബോട്ടെങ്ങിനെയും കൊണ്ടുവരാൻ യുവെന്റസ് ശ്രമിക്കുന്നുണ്ട്. ഇപ്പോൾത്തന്നെ മാൻസൂകിച്ച്, ഹിഗ്വയിൻ, പൗലോ ഡൈബാല, ബ്ലെയ്സ് മറ്റ്യുഡി, ക്വാഡ്രഡോ, ഡഗ്ലസ് കോസ്റ്റ തുടങ്ങിയ സൂപ്പർതാരങ്ങൾ യുവെന്റസിലുണ്ട്. ഇവർക്കൊപ്പം റൊണാൾഡോ ഉൾപ്പെടുന്ന പുതിയ താരനിര കൂടിയെത്തിയാൽ യുവെന്റസിന്റെ മാത്രമല്ല, ഇറ്റാലിയൻ ലീഗിന്റെ തന്നെ ‘ലെവൽ’ മാറുമെന്ന് ഉറപ്പ്.

∙ യുവെന്റസിനു പിന്നാലെ മറ്റൊരു സൂപ്പർതാരത്തെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ലീഗിലെ നാപ്പോളിയും രംഗത്തുണ്ട്. അർജന്റീനയ്ക്കായി ലോകകപ്പിൽ മിന്നും ഗോൾ നേടിയ പിഎസ്ജിയുടെ വിങ്ങർ ഏഞ്ചൽ ഡി മരിയയെ കൊണ്ടുവരാനാണ് നാപ്പോളിയുെട ശ്രമം. മുൻ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് നാപ്പോളിയുടെ മാനേജർ. മുപ്പതുകാരനായ മരിയയ്ക്കും നാപ്പോളിയിലേക്കു വരാൻ സമ്മതമാണെന്നാണ് വിവരം.

എയ്ഞ്ചൽ ഡി മരിയ

∙ ഇതിനിടെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബെക്കർ ലോകത്തെ ഏറ്റവും വിലയേറിയ ഗോൾകീപ്പറെന്ന ‘റെക്കോർഡ്’ സ്വന്തമാക്കി. നിലവിൽ ഇറ്റാലിയൻ ലീഗിൽ എഎസ് റോമയുടെ താരമായ അലിസൺ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ലിവർപൂളിനായിട്ടാകും ഇനി കളിക്കുക. 8.68 കോടി യുഎസ് ഡോളറാണു (ഏകദേശം 599 കോടി രൂപ) കൈമാറ്റത്തുക. 2001ൽ ഇറ്റാലിയൻ ക്ലബ് പാർമയിൽനിന്ന് ജിയാൻ ല്യുജി ബുഫണെ വാങ്ങാൻ യുവെന്റസ് മുടക്കിയതായിരുന്നു മുൻപത്തെ റെക്കോർഡ് തുക. നബി കെയ്റ്റ, ഫാബീഞ്ഞോ, ഷെർദാൻ ജാക്കിരി എന്നിവരെ ടീമിലെടുത്ത ലിവർപൂൾ അലിസൻ കൂടിയെത്തുന്നതോടെ കൂടുതൽ ശക്തരാകും.

ഷെർദാൻ ജാക്കിരി

∙ അതേസമയം, റൊണാൾഡോ പോയതോടെ തിളക്കം മങ്ങിനിൽക്കുന്ന റയൽ മഡ്രിഡ്, ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയ ബൽജിയം താരം തിബോ കുർട്ടോയെ വലയിലാക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ ചെൽസിക്കു കളിക്കുന്ന കുർട്ടോയ്ക്കായി 35 മില്യൻ യൂറോയാണ് റയൽ വാഗ്ദാനം ചെയ്യുന്നത്. കുർട്ടോയുടെ കുടുംബം മഡ്രിഡിലായതിനാൽ താരം സ്പെയിനിലേക്ക് എത്താനാണ് സാധ്യതയെല്ലാം. അതിനിടെ, റയലിന്റെ പുതിയ പരിശീലകനായ ജൂലെൻ ലോപെടെഗുയി ബ്രസീലി‍യൻ ഗോൾകീപ്പർ അലിസൻ ബെക്കറിനെ വേണമെന്ന് ആവശ്യപ്പെട്ടതായി അഭ്യൂഹമുണ്ട്. ഇതിനു പുറമെ പോളണ്ട് താരം റോബർട്ടോ ലെവൻ‍ഡോവിസ്കിയെയും റയലിലെത്തിക്കാൻ ലോപെടെഗുയിക്കു താൽപര്യമുണ്ട്.

തിബോ കുർട്ടോ

അതേസമയം, റൊണാൾഡോയ്ക്ക് പകരം ആരെ വേണമെന്ന കാര്യത്തിലും റയൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബ്രസീലിയൻ താരം നെയ്മർ, ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിന്റെ കിലിയൻ എംബപെ, ബൽജിയം താരം ഏ‍ഡൻ ഹസാർഡ് എന്നിവരുടെ പേരാണ് പറഞ്ഞുകേൾക്കുന്നത്. മാർസലോ യുവെന്റസിലേക്കു പോയാൽ പകരം ഓസ്ട്രിയൻ താരം ഡേവിഡ് അലാബയെ കൊണ്ടുവരാനും നീക്കമുണ്ട്. ബയൺ മ്യൂണിക്കിനായി കളിക്കുന്ന അലബയെ ഹാമിഷ് റോഡ്രിഗസിനു പകരം സ്വന്തമാക്കാനാണ് റയലിന്റെ ശ്രമം. റോഡ്രിഗസ് ഒരു വർഷമായി വായ്പാടിസ്ഥാനത്തിൽ ബയണിനു കളിക്കുകയാണ്.

ഡേവിഡ് അലാബ

∙ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് എന്നിവരുൾപ്പെടെ ലോകകപ്പിൽ ഒട്ടേറെ താരോദയങ്ങളെ സമ്മാനിച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോ‍ട്സ‌്പർ ഫ്രഞ്ചു താരം ബെഞ്ചമിൻ പാവാർദിനായി രംഗത്തുണ്ട്. സ്റ്റുട്ഗർട്ട് താരമായ ഈ ഇരുപത്തിരണ്ടുകാരനെ ബൽജിയം താരം ടോബി ആൾഡർവെയ്റെൽഡിനു പകരമാണ് ടോട്ടനം നോട്ടമിട്ടിരിക്കുന്നത്. ആൾഡർവെയ്റെൽഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

ഫ്രഞ്ച് താരം ബെഞ്ചമിൻ പാവാർദ് (രണ്ടാമത്)

∙ ജർമൻ ബുന്ദസ്‍ലിഗയിലെ മിന്നും താരം പോളണ്ടിന്റെ റോബർട്ടോ ലെവൻഡോവിസ്കി ബയൺ മ്യൂണിച്ച് വിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും താരം അവിടെത്തന്നെ തുടരുമെന്നാണ് സൂചന. ടീമിൽ തനിക്ക് വ്യക്തമായ സാന്നിധ്യം ഉറപ്പുനൽകണമെന്ന് ലെവൻഡോവിസ്കി ആവശ്യപ്പെട്ടതായാണ് വിവരം.

∙ ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പു നടത്തിയ റഷ്യൻ താരങ്ങൾക്കും മാർക്കറ്റിൽ ഡിമാൻഡ് കൂടി. സിഎസ്കെഎ താരമായ അലക്സാണ്ടർ ഗോളോവിനെ ചെൽസി സ്വന്തമാക്കിയതായി റിപ്പോർട്ടു വന്നെങ്കിലും റഷ്യൻ ക്ലബ് അതു നിഷേധിച്ചു. അതേസമയം ചർച്ചകൾ തുടരുകയാണെന്നാണ് വിവരം. യുവെന്റസ്, എഎസ് മൊണോക്കോ തുടങ്ങിയ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്.

∙ ബ്രസീലിയൻ താരം വില്യനെ ചെൽസിയിൽനിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയേക്കുമെന്ന് സൂചനയുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നു.