താരമാർക്കറ്റിൽ ചാക്കിട്ടുപിടിത്തം; തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ക്ലബ്ബുകൾ

ജയിച്ചു എന്നു കരുതിയതായിരുന്നു റോമ. ഒടുവിൽ ‘തൊണ്ണൂറാം മിനിറ്റിലെ ഗോളിൽ’ ബാർസിലോന അവരെ വീഴ്ത്തി. കഴിഞ്ഞ സീസൺ ചാംപ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന പരാജയത്തിനു ബാർസിലോന എഎസ് റോമയോടു പകരം വീട്ടിയതു ട്രാൻസ്ഫർ മാർക്കറ്റിൽ! ഫ്രഞ്ച് ക്ലബ് ബോർഡോയിൽനിന്നു ബ്രസീലിയൻ വിങ്ങർ മാൽക്കമിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലായിരുന്നു റോമ. എന്നാൽ അവസാന നിമിഷം തന്ത്രപരമായ നീക്കങ്ങളിലൂടെ ബാർസ ബ്രസീലിയൻ താരത്തെ ടീമിലെത്തിച്ചു.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിലെ 35 കളികളിൽനിന്നു 12 ഗോളുകൾ നേടിയ മാൽക്കമിനെ മുൻപ് ഇംഗ്ലിഷ് ക്ലബ് ആർസനൽ നോട്ടമിട്ടിരുന്നു. എന്നാൽ ലീഗിന്റെ രണ്ടാം പകുതിയിൽ താരത്തിന്റെ ഫോം നഷ്ടമായതോടെ അവർ പിൻമാറി. 40 ദശലക്ഷം യൂറോ നൽകാമെന്നു റോമ വാഗ്ദാനം ചെയ്തതോടെ ബോർഡോ മാൽക്കമിനെ നൽകാമെന്നു സമ്മതിക്കുകയായിരുന്നു. എന്നാൽ ബാർസയും അതേ ഓഫറുമായെത്തിയതോടെ താരം സ്പാനിഷ് ക്ലബ്ബിനെ തിരഞ്ഞെടുത്തു. ഫിനിഷിങ് ലൈനിന് അരികെ കാലു വച്ചു വീഴ്ത്തിയ ബാർസയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണു റോമ.

മൗറീഞ്ഞോയും ക്രൊയേഷ്യയും

ബ്രസീലിയൻ‍ വിങ്ങർ വില്ലിയനെ ചെൽസിയിൽനിന്നു കിട്ടില്ല എന്നുറപ്പായതോടെ പകരം ആളെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോ. ക്രൊയേഷ്യൻ സ്ട്രൈക്കർമാരായ ഇവാൻ പെരിസിച്ചിനെയും ആന്റെ റെബിച്ചിനെയുമാണു മൗറീഞ്ഞോ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഇന്റർ മിലാൻ പെരിസിച്ചിനു വില കൂട്ടിയതോടെ റെബിച്ചിലാണു മൗറീഞ്ഞോയുടെ പുതിയ കണ്ണ്. 24കാരനായ റെബിച്ചിനെ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിൽനിന്നു സ്വന്തമാക്കാനായാൽ പെരിസിച്ചിന്റെ അതേ ഗുണം കിട്ടുമെന്നാണു മൗറീഞ്ഞോയുടെ കണക്കുകൂട്ടൽ. റയൽ മഡ്രിഡ് വിടുകയാണെങ്കിൽ വെയ്ൽസ് താരം ഗാരെത് ബെയ്‌ലിനെ സ്വന്തമാക്കാനും മൗറീഞ്ഞോയ്ക്കു മോഹമുണ്ട്.

ടോട്ടനത്തിന്റെ ബൽജിയം താരം ടോബി ആൾഡെർവെയ്റെൽഡിനെ ടീമിലെത്തിക്കാനുള്ള നീക്കം അവസാന ഘട്ടത്തിൽ നിൽക്കെ, ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് താരം ഹാരി മഗ്വയറിനായും ചെൽസി വലവിരിച്ചു കഴിഞ്ഞു. ലോകകപ്പോടെ താരമായി മാറിയ മഗ്വയർ, ഒരു ഗോളും നേടിയിരുന്നു.

ഹസാർഡിനെ വിടാതെ ചെൽസി

റയൽ മഡ്രിഡ് പണച്ചാക്കുമായി പിന്നാലെ കൂടിയിട്ടും ഏദൻ ഹസാർഡിനെ വിടാതെ ചെൽസി. 170 ദശലക്ഷം പൗണ്ട് വരെ ബൽജിയൻ താരത്തിനായി റയൽ നൽകാമെന്നു പറഞ്ഞിട്ടും ചെൽസി വഴങ്ങുന്നില്ലെന്നാണു സൂചനകൾ. നേരത്തെ പോകാൻ താൽപര്യമുണ്ടായിരുന്നെങ്കിലും പുതിയ പരിശീലകനായി മൗറീഷ്യോ സാറി എത്തിയതോടെ ഇംഗ്ലിഷ് ക്ലബ്ബിൽ തുടർന്നാൽ കൊള്ളാം എന്നാണു ഹസാർഡിന്റെ മനസ്സിലെന്നാണു സൂചനകൾ. പുതിയ എവേ കിറ്റിൽ ഹസാർഡിനെ പ്രധാനസ്ഥാനത്തു തന്നെ അവതരിപ്പിച്ചു താരം ടീമിൽ തന്നെ തുടരുമെന്നും ചെൽസി സൂചന നൽകി.

മാർട്ടിൻസ് അത്‌ലറ്റിക്കോയിൽ

പോർച്ചുഗൽ വിങ്ങർ ജെൽസൺ മാർട്ടിൻസ് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിൽ. സ്പോർട്ടിങ് ലിസ്ബണുമായുള്ള കരാർ കഴിഞ്ഞമാസം അവസാനിച്ചതിനാൽ ഫ്രീ ഏജന്റ് ആയാണു മാർട്ടിൻസ് അത്‌ലറ്റിക്കോയിൽ എത്തിയത്. ആറുവർഷത്തേക്കാണു കരാർ. പോർച്ചുഗലിനുവേണ്ടി 19 രാജ്യാന്തര മൽസരങ്ങൾ കളിച്ച മാർട്ടിൻസ് ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. സീസണിനു മുന്നോടിയായി അത്‌ലറ്റിക്കോ ടീമിലെടുക്കുന്ന അഞ്ചാമത്തെ താരമാണു മാർട്ടിൻസ്. തോമസ് ലെമർ, റോഡ്രി, ജോണി കാസ്ട്രോ, അന്റോണിയോ അദ്‌നാൻ എന്നിവരാണു മുൻപു ടീമിലെത്തിയവർ.

ചെൽസിക്ക് മൊണോക്കോ പാര

റഷ്യൻ ലോകകപ്പോടെ താരപദവിയിലേക്കുയർന്ന റഷ്യൻ താരം അലക്സാണ്ടർ ഗോളോവിനെ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുന്ന അവസ്ഥയിലാണ് ചെൽസി. മധ്യനിരയിലെ ഈ മിന്നും താരത്തെ ടീമിലെടുത്തെന്ന് അവർ ഉറപ്പിച്ചിരിക്കെയാണ് ഫ്രഞ്ച് ക്ലബ് മൊണോക്കോയും താരത്തിനായി രംഗത്തെത്തിയത്. ഇതോടെ മനസ്സു മാറിയ ഗോളോവിൻ, മൊണോക്കോയിലേക്കു പോകാൻ സമ്മതം മൂളിയതായാണ് റിപ്പോർട്ട്. 35 മില്യൻ ഡോളറിന്റെ ഇടപാടാണ് ഇതുമായി ബന്ധപ്പെട്ടുള്ളതെന്നാണ് റിപ്പോർട്ട്. ആദ്യം യുവെന്റസും ഗോളോവിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഇറ്റാലിയൻ താരം ജോർജീഞ്ഞോയെ ടീമിലെടുത്തതോടെ അവർ പിൻമാറുകയായിരുന്നു. ജോർജീഞ്ഞോയും മധ്യനിര താരമാണ്.

ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് മി‌ഗ്‌നോലെറ്റ്

ലിവർപൂളിന്റെ ബൽജിയം ഗോൾകീപ്പർ സൈമൺ മിഗ്‌നോലെറ്റിനായുള്ള ബാർസിലോനയുടെ നീക്കമാണ് ട്രാൻസ്ഫർ വിപണിയിലെ പുതിയ ചൂടു വാർത്ത. ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബക്കറിന്റെ വരവോടെ ടീമിലെ മൂന്നാം ഗോളിയായി മാറിയ മിഗ്‌നോലെറ്റിനെ സ്വന്തമാക്കാൻ ബാർസ അധികം മെനക്കെടേണ്ടി വരില്ല. പ്രധാന ഗോൾകീപ്പറായ മാർക് ആന്ദ്രെ ടെർസ്റ്റീഗനുള്ള പകരക്കാരനായിട്ടാണ് മിഗ്‍നോലെറ്റിനെ കൊണ്ടുവരിക.

മാർഷ്യാൽ യുണൈറ്റഡ് വിട്ടു?

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള താൽപര്യക്കുറവ് വ്യക്തമാക്കിയ ഫ്രഞ്ച് താരം ആന്റണി മാർഷ്യാൽ ടീം വിട്ടതായി റിപ്പോർട്ട്. യുഎസ്എയിൽ പരിശീലനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീം ക്യാംപിൽനിന്ന് താരം വിട്ടുപോയതായാണ് റിപ്പോർട്ട്. ചെൽസി, ടോട്ടനം, ബയൺ മ്യൂണിക് ടീമുകൾക്ക് ഫ്രഞ്ച് താരത്തിൽ നോട്ടമുണ്ട്.

ഡൊമഗോജ് വിദയ്ക്കായി ബാർസ?

ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായ താരമാണ് ക്രൊയേഷ്യൻ ഡിഫൻഡർ ഡൊമഗോജ് വിദ. നിലവിൽ ബെസിക്റ്റാസിന്റെ താരമായ വിദയ്ക്കായി ബാർസിലോന ഉൾപ്പെടെയുള്ള പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ട്. ബാർസയ്ക്കു പുറമെ ലിവർപൂൾ, എവർട്ടൻ, അത്‌ലറ്റികോ മഡ്രിഡ്, സെവിയ്യ ടീമുകളും വിദയെ നോട്ടമിട്ടിട്ടുണ്ട്.