കോർട്ടോ റയലിൽ, കെപ്പ ചെൽസിയിൽ; കരുനീക്കങ്ങൾ തീർന്നു, ഇനിയാണ് കളി!

തിബോ കോർട്ടോ, കെപ്പ അറിസാബെലാഗ

ലണ്ടൻ ∙ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. വമ്പൻ കൂടുമാറ്റങ്ങളൊന്നും ഇല്ലാതെ തന്നെ പ്രീമിയർ ലീഗ് ടീമുകൾക്കു മുന്നിൽ ട്രാൻസ്ഫർ ജാലകം കൊട്ടിയടഞ്ഞു. സാധാരണഗതിയിൽ ഓഗസ്റ്റ് 31ന് ആണ് ട്രാൻസ്ഫർ കാലാവധി അവസാനിക്കുന്നതെങ്കിലും പ്രീമിയർ ലീഗ് ക്ലബുകൾക്ക് ഇത് ഓഗസ്റ്റ് ഒൻപതാക്കി നിജപ്പെടുത്തുകയായിരുന്നു. എന്നാൽ മറ്റു ലീഗുകളിലെ ടീമുകൾക്കു പതിവുപോലെ ഓഗസ്റ്റ് 31 വരെ ട്രാൻസ്ഫർ ജാലകം പ്രയോജനപ്പെടുത്താനാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുറവ് നികത്താൻ ഏദൻ ഹസാഡ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ റയൽ മഡ്രിഡിനു ടീമിലെടുക്കാൻ ഇനിയും സമയമുണ്ടെന്നു സാരം. 

ചെൽസി ഗോൾകീപ്പർ തിബോ കോർട്ടോയെ 35 ദശലക്ഷം യൂറോയ്ക്കു സ്വന്തമാക്കിയതോടെ റയൽ നിരയിലെ സൂപ്പർ ഗോൾകീപ്പർമാരുടെ എണ്ണം രണ്ടായി. കഴിഞ്ഞ നാലു വർഷങ്ങളായി റയൽ ഗോൾവല കാക്കുന്ന കോസ്റ്റാറിക്കൻ ഗോൾകീപ്പർ കെയ്‌ലർ നവാസ് ഇനി കോർട്ടോയ്ക്കു പിന്നിൽ രണ്ടാമനായിരിക്കും. കോർട്ടോയെ വിട്ടുനൽകിയ സാഹചര്യത്തിൽ ക്രൊയേഷ്യ മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെ ഈ സീസണിൽ വായ്പാ അടിസ്ഥാനത്തിൽ റയൽ ചെൽസിക്കു കൈമാറിയിട്ടുണ്ട്. ബാർസിലോന താരങ്ങളായ യെറി മിനയെയും ആന്ദ്രെ ഗോമസിനെയും അവസാന നിമിഷം എവർട്ടൻ സ്വന്തമാക്കി.  

ഹോസെ മൗറീഞ്ഞോ

മൗറീഞ്ഞോ കൺഫ്യൂഷനിൽ 

വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ൽ, ക്രൊയേഷ്യയുടെ ഇവാൻ പെരിസിച്ച്, ടോട്ടനത്തിന്റെ ടോബി ആൾഡർവെയ്റൽഡ്, ചെൽസിയുടെ വില്ലിയൻ തുടങ്ങിയ താരങ്ങൾ മാഞ്ചസ്റ്ററിലെത്തുമെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്തായി. ലോകകപ്പിൽ ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഹാരി മഗ്വിയിറിനെ വിട്ടുനൽകില്ലെന്നു ലെസ്റ്റർ സിറ്റിയും പ്രഖ്യാപിച്ചതോടെ സീസണിലെ പകുതി കളികളെങ്കിലും മൗറീഞ്ഞോയ്ക്ക് നിലവിലെ ടീമിനെ വച്ച് ഓടിക്കേണ്ടി വരും. ഷക്തറിൽനിന്നു സ്വന്തമാക്കിയ ബ്രസീൽതാരം ഫ്രെഡ് മാത്രമാണ് യുണൈറ്റ‍ഡ് ഈ സീസണിൽ ടീമിലെടുത്ത പ്രമുഖൻ. 

മൗറീഷ്യോ സാറി

ഇരട്ട കോളടിച്ച് ചെൽസി‌ 

ലോകറെക്കോർഡ് തുകയ്ക്ക് അത്‌ലറ്റിക്കോ ബിൽബാവോയുടെ യുവ ഗോൾകീപ്പർ കെപ്പെ അരിസബലാഗയെ സ്വന്തമാക്കിയതിനൊപ്പം വായ്പാ അടിസ്ഥാനത്തിൽ റയൽതാരം മാറ്റിയോ കൊവാസിച്ചിനെയും ടീമിലെത്തിച്ചതിന്റെ ത്രില്ലിലാണ് ചെൽസി പരിശീലകൻ മൗറീഷ്യോ സാറി. സൂപ്പർ താരങ്ങളായ ഏദൻ ഹസാഡ്, എൻഗോളോ കാന്റെ, വില്ലിയൻ തുടങ്ങിയവർക്കായി വമ്പൻ ടീമുകൾ വലവിരിച്ചിരുന്നെങ്കിലും മൂവരും തൽക്കാലം സ്റ്റാംഫഡ് ബ്രിജ് വിടാത്തതും സാറിക്കു നേട്ടമായി. നാപ്പോളിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജീഞ്ഞോയെയും ചെൽസി നേരത്തേ സ്വന്തമാക്കിയിരുന്നു. 

യൂർഗൻ ക്ലോപ്പ്

താരത്തിളക്കത്തിൽ ലിവർപൂൾ 

കഴിഞ്ഞ സീസണിലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ റയലിനോടു പൊരുതിവീണ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ്. റോമയുടെ ബ്രസീൽ ഗോൾകീപ്പർ ആലിസൻ, മൊണാക്കോയിൽനിന്നു ഫാബിഞ്ഞോ, സ്റ്റോക് സിറ്റിയുടെ സ്വിറ്റ്സർലൻഡ് സൂപ്പർതാരം ഷെർദാൻ ഷാക്കിരി എന്നിവർക്കു പുറമെ നെബി കെയ്റ്റയെയും ഇത്തവണ ലിവർപൂൾ ജഴ്സിയിൽ കാണാം. ബ്രസീലിന്റെ കുടീഞ്ഞോ ബാർസയിലേക്കു കൂടുമാറിയതോടെ ഒഴിവുവന്ന പത്താം നമ്പർ ജഴ്സി സെനഗൽ താരം സാദിയോ മാനെയാണു സ്വന്തമാക്കിയത്. 

പെപ് ഗ്വാർഡിയോള

ഇളക്കം തട്ടാതെ സിറ്റി 

കഴിഞ്ഞ സീസണിൽ തകർപ്പൻ ഫോമോടെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയിൽ കാര്യമായ അഴിച്ചുപണിക്ക് പരിശീലകൻ പെപ് ഗ്വാർഡിയോള മുതിർന്നില്ല. ലെസ്റ്റർ സിറ്റിയുടെ അൽജീരിയൻ വിങ്ങർ റിയാദ് മഹ്റെസിനെ 60 ദശലക്ഷം പൗണ്ടിനു സ്വന്തമാക്കിയിരുന്ന സിറ്റി ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഓസ്ട്രേലിയൻ യുവതാരം ഡാനിയൽ അർസാനിയെയും ടീമിലെടുത്തു. ജോർജീഞ്ഞോയെ ടീമിലെടുക്കാൻ സിറ്റിയും ശ്രമിച്ചിരുന്നെങ്കിലും ചെൽസിക്കൊപ്പം പോകാനാണ് താരം താൽപര്യപ്പെട്ടത്. 

ഉനായ് എമെറി

മാറ്റത്തിന്റെ ചിറകടിയോടെ ആർസനൽ 

ഉനായ് എമെറിക്കു കീഴിൽ സമൂലമായ മാറ്റത്തിനു തയാറെടുക്കുന്ന ആർസനൽ അഞ്ചു താരങ്ങളെ സ്വന്തമാക്കിയാണ് ട്രാൻസ്ഫർ ജാലകത്തിനു ഷട്ടറിട്ടത്. സാംപ്ദോറിയ താരം ടൊറേയ്റ്റ, ബൊറൂസിയയുടെ സോക്രട്ടീസ്, യുവെന്റെസിന്റെ സ്വിസ് താരം ലിച്ച്സ്റ്റെയ്നർ, ജർമൻ യുവ ഗോൾകീപ്പർ ലെനോ, ലോറിയന്റിൽനിന്നു ഗെൻഡോസി എന്നിവരാണ് എമിറേറ്റ്സിലെ പുതിയ വരവുകാർ. ആർസനൽ സ്ട്രൈക്കർ ലൂക്കാസ് പെരേസിനെ വെസ്റ്റ്ഹാം സ്വന്തമാക്കി. ക്രൊയേഷ്യൻ പ്രതിരോധതാരം ദെമഗോജ് വിദയെ ടീമിലെടുക്കാൻ എമെറി പരിശ്രമിച്ചെങ്കിലും ഫലിച്ചില്ല.