സ്പാനിഷ് സൂപ്പർകപ്പ് ബാർസയ്ക്ക്; ‘ക്യാപ്റ്റൻ മെസ്സി’ക്ക് വിജയത്തുടക്കം, റെക്കോർഡ്

ബാർസിലോന താരങ്ങൾ സ്പാനിഷ് സൂപ്പർ കപ്പുമായി ആഹ്ലാദത്തിൽ.

ടാൻജിയെർ (മൊറോക്കോ) ∙ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചു ജയിച്ച ബാർസിലോനയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം. സെവിയ്യയെ 2–1നാണ് ലാ ലിഗ ചാംപ്യൻമാർ തോൽപ്പിച്ചത്. ജെറാർദ് പിക്വെ, ഒസ്മാൻ ഡെംബെലെ എന്നിവർ ബാർസയുടെ ഗോളുകൾ നേടി. 

ജയത്തോടെ ബാർസിലോന കളിക്കാരനെന്ന നിലയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കി. 33–ാം കിരീടം നേടിയ മെസ്സി മുൻ മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റയെയാണ് പിന്നിലാക്കിയത്. ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ മെസ്സിയുടെ ആദ്യ കിരീടവുമാണിത്.

സ്പെയിനു പുറത്ത് ആദ്യമായി നടന്ന സൂപ്പർ കപ്പ് പോരാട്ടത്തിൽ, ഒൻപതാം മിനിറ്റിൽ പാബ്ലോ സരാബിയയുടെ ഗോളിൽ സെവിയ്യയാണ് ആദ്യം ലീഡ് നേടിയത്. ആദ്യം ഓഫ്സൈഡ് വിളിച്ച റഫറി പിന്നീട് വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായം തേടി ഗോൾ അനുവദിക്കുകയായിരുന്നു. സ്പാനിഷ് ഫുട്ബോളിൽ വിഎആർ അരങ്ങേറ്റം കുറിച്ച മൽസരവുമായി ഇത്.

ഇടവേളയ്ക്കു തൊട്ടു മുൻപ് ജെറാർദ് പിക്വെയാണ് ബാർസയെ ഒപ്പമെത്തിച്ചത്. മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തിരിച്ചു വന്നത് പിക്വെ വലയിലാക്കുകയായിരുന്നു. .എക്സ്ട്രാ ടൈമിലേക്കു നീങ്ങുകയായിരുന്ന മൽസരത്തെ 78–ാം മിനിറ്റിൽ നേടിയ ഉജ്വല ഗോളിൽ ഫ്രഞ്ച് വിങർ ഒസ്മാൻ ഡെംബെലെ ആവേശകരമാക്കി. പെനൽറ്റി ബോക്സിനു പുറത്തു നിന്ന് ഡെംബെലെ തൊടുത്ത ഷോട്ട് ക്രോസ് ബാറിൽ തട്ടി ഗോളിലേക്കു വീണു. 89–ാം മിനിറ്റിൽ മുൻ ബാർസ താരം അലക്സ് വിദാലിനെ ബാർസ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗൻ വീഴ്ത്തിയതിന് സെവിയ്യയ്ക്ക് പെനൽറ്റി കിക്ക് ലഭിച്ചെങ്കിലും വിസ്സാം ബെൻ യെദ്ദറിന്റെ കിക്ക് ടെർസ്റ്റെഗൻ സേവ് ചെയ്തു.