ചെൽസി പാസായി!

ലണ്ടൻ ∙ ന്യൂകാസിൽ യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് മൽസരത്തിൽ പാസിങ്ങിൽ ക്ലബ് റെക്കോർഡ് സ്വന്തമാക്കി ചെൽസി. 913 പാസുകളാണ് ചെൽസിതാരങ്ങൾ മൽസരത്തിൽ കൈമാറിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ചെൽസിയുടെ ഏറ്റവും മികച്ച പാസിങ് പ്രകടനമാണിത്. 158 പാസ് കൈമാറിയ ജോർഗിഞ്ഞോ ഒരു മൽസരത്തിൽ ചെൽസിക്കായി ഏറ്റവും കൂടുതൽ പാസ് കൈമാറുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കി. 83 ശതമാനം സമയവും പന്തു കൈവരം വച്ച മൽസരത്തിൽ 2–1നായിരുന്നു ചെൽസിയുടെ ജയം. പുതിയ പരിശീലകൻ മൗറീഷ്യോ സാറിയുടെ കീഴിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ചെൽസി പ്രീമിയർ ലീഗിലെ ആദ്യ മൂന്നു കളികളിലെയും ജയത്തോടെ പോയിന്റ് പട്ടികയുടെ മുൻ നിരയിലുണ്ട്.

എന്നാൽ പ്രീമിയർ ലീഗിലെ പാസിങ് റെക്കോർഡ് കഴിഞ്ഞ ഏപ്രിലിൽ സ്വാൻസിക്കെതിരെ 1015 പാസ് കൈമാറിയ മാഞ്ചസ്റ്റർ സിറ്റിയുടെ പേരിലാണ്. പിന്നീടു നടന്ന പല കളികളിലും 900 പാസുകൾക്കു മേൽ കൈമാറാൻ മാഞ്ചസ്റ്റർ സിറ്റിക്കു കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെതന്നെ ഇക്കെയ് ഗൻഡോഗനാണ് (167 പാസ്) ഒരു കളിയിൽ ഏറ്റവും അധികം പാസ് കൈമാറിയ താരം.