തുടർച്ചയായ മൂന്നാം ജയത്തോടെ റയൽ ഒന്നാമത്; ബെൻസേമയ്ക്ക് ഇരട്ടഗോൾ

ഗോൾനേട്ടം ആഘോഷിക്കുന്ന റയൽ താരങ്ങൾ.

മഡ്രിഡ്∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന്റെ ക്ഷീണമറിയാതെ കുതിക്കുന്ന റയൽ മഡ്രിഡിന് സ്പാനിഷ് ലീഗിൽ തുടർച്ചയായ മൂന്നാം ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലെഗാനസിനെയാണ് റയൽ തകർത്തത്. മൂന്നു കളികളിൽനിന്ന് ഒൻപതു പോയിന്റുമായി റയലാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. റയലിനായി കരിം ബെൻസേമ ഇരട്ടഗോൾ നേടി. 48, 61 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. ഗാരത് ബെയ്‍‍ൽ (17), സെർജിയോ റാമോസ് (66, പെനൽറ്റി) എന്നിവരാണ് റയലിന്റെ ശേഷിക്കുന്ന ഗോളുകൾ നേടിയത്.

അതേസമയം, സെൽറ്റ ഡി വിഗോ അത്‌ലറ്റിക്കോ മഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഞെട്ടിച്ചു. മാക്സി ഗോമസ് (46), ഇയാഗോ ആസ്പാസ് (52) എന്നിവരാണ് അത്‍ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്. ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി വിഗോ ബാർസിലോനയെ കടന്ന് രണ്ടാം സ്ഥാനത്തെത്തി. സീസണിലെ ആദ്യ തോൽവി വഴങ്ങിയ അത്‍ലറ്റിക്കോ, നാലു പോയിന്റുമായി പത്താം സ്ഥാനത്താണ്.

ലീഗിലെ മറ്റു മൽസരങ്ങളിൽ ജിറോണ വിയ്യാറയലിനെ എതിരില്ലാത്ത ഒരു ഗോളിനും എയ്ബർ റയൽ സോസിദാദിനെ 2–1നും തോൽപ്പിച്ചു.