ഹാട്രിക് ഹസാഡ്; ചെൽസി കാർഡിഫ് സിറ്റിയെ 4–1നു തകർത്തു

കാർഡിഫിനെതിരെ ഹാട്രിക് നേടിയ ചെൽസി താരം ഹസാഡിന്റെ ആഹ്ലാദം.

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്കു ജയം. വെംബ്ലിയിലെ  സൂപ്പർ പോരാട്ടത്തിൽ ടോട്ടനത്തെ ലിവർപൂൾ 2–1നു കീഴടക്കി. ഏദൻ ഹസാഡിന്റെ ഹാട്രിക്ക് മികവിൽ ചെൽസി കാർഡിഫ് സിറ്റിയെ 4–1നു തകർത്തു. 37,44 മിനിറ്റുകളിൽ ഗോളടിച്ച ഹസാഡ് 80–ാം മിനിറ്റിലെ പെനൽറ്റി ഗോളോടെയാണ് ഹാട്രിക്ക് തികച്ചത്. വില്ലിയന്റെ വകയാണ് (84–ാം മിനിറ്റ്) ചെൽസിയുടെ നാലാം ഗോൾ. ലെറോയ് സാനെ, ഡേവിഡ് സിൽവ, റഹിം സ്റ്റർലിങ് എന്നിവർ ഗോളടിച്ച കളിയിൽ മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെ 3–0നു കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫഡിനെ 2–1നു തോൽപ്പിച്ചു. ന്യൂകാസിലിനെ 2–1 നു വീഴ്ത്തി ആർസനലും കരുത്തുകാട്ടി.

വെംബ്ലി സ്റ്റേഡിയത്തിൽ ഒന്നാം നമ്പർ ഗോളി ഹ്യൂഗോ ലോറിസിനു പരുക്കേറ്റതിനാൽ ഡച്ച് താരം മൈക്കൽ വോമാണ് ടോട്ടനം ഗോൾവല കാത്തത്. ആദ്യ മിനിറ്റിൽ തന്നെ ജയിംസ് മിൽനറുടെ തകർപ്പൻ ഇടംകാലൻ ക്രോസ് റോബര്‍ട്ടോ ഫിർമിനോ ഗോളിലേക്കു വഴിതിരിച്ചുവിട്ടെങ്കിലും പന്തിൽ ടച്ചിനു ശ്രമിച്ച സാദിയോ മാനെ ഓഫ്സൈഡ് പൊസിഷനിൽ ആയിരുന്നതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം മിനിറ്റിലും ഫിർമിനോയുടെ ഷോട്ട് പോസ്റ്റിനു പുറത്തേക്കു പറന്നതോടെ ടോട്ടനം തുടക്കത്തിലേ വിറച്ചു.

സലാ– മാനെ– ഫിർമിനോ ത്രയത്തിന്റെ തുടർനീക്കങ്ങൾ പ്രതിരോധക്കോട്ട കെട്ടി അടയ്ക്കാനായി ടോട്ടനത്തിന്റെ പിന്നീടുള്ള ശ്രമം. 27–ാം മിനിറ്റിൽ ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് മുതലാക്കാനും ടോട്ടനത്തിനായില്ല. ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റെ ഫ്രീകിക്ക് ലിവർപൂൾ ഗോൾകീപ്പർ ആലിസൻ അനായാസം പിടിച്ചെടുത്തു. 39–ാം മിനിറ്റിൽ ലിവർപൂൾ ആദ്യ ഗോളടിച്ചു. ജയിംസ് മിൻനറുടെ കോർണറിൽ ടോട്ടനം ഗോൾകീപ്പർ വോമിന്റെ ദുർബലമായ പഞ്ച്; പന്ത് എറിക് ഡയർ ഹെഡ് ചെയ്ത് അകറ്റിയെങ്കിലും ഉയർന്നു ചാടിയ ജോർജിഞ്ഞോ വിജ്നാൽഡം പന്ത് പോസ്റ്റിലേക്ക് ഹെഡ് ചെയ്തു (1–0).

സാദിയോ മാനെയുടെ നീക്കത്തിനൊടുവിലായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ. ട്രിപ്പിയറിനെ മറികടന്നു ബോക്സിലേക്കു മുന്നേറിയ മാനെ മറിച്ച പന്ത് ടോട്ടനം താരം യാൻ വെർടോംഗന്റെ കാലിലും പോസ്റ്റിലുമിടിച്ചു ചെന്നത് ബോക്സിനു തൊട്ടുമുന്നിൽ നിലയുറപ്പിച്ച ഫിർമിനോയുടെ നേർക്ക്. ഫിർമിനോ പന്തു പോസ്റ്റിലേക്കു തട്ടിയിട്ടു (2–0).

മുന്നേറ്റനിരയ്ക്കു കരുത്തേകാൻ 82–ാം മിനിറ്റിൽ നെബി കെയ്റ്റയെ പൻവലിച്ച യൂർഗൻ ക്ലോപ്പ് ഡാനിയൽ സ്റ്ററിഡ്ജിനെ കളത്തിലിറക്കിയെങ്കിലും പിന്നീട് ഗോളടിച്ചതു ടോട്ടനമാണ്. കളിയുടെ അധികസമയത്ത് ഉശിരൻ ഇടംകാലൻ അടിയിലൂടെ എറിക് ലമേല ഒരു ഗോൾ മടക്കി (2–1).