ഇരട്ടഗോളടിച്ച് റൊണാൾഡോ

യുവെന്റസിനു വേണ്ടി ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.

മിലാൻ ∙ ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അക്കൗണ്ട് തുറന്നു; ഒന്നല്ല, രണ്ടു ഗോളടിച്ച്! ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ യുവെന്റസ് സാസ്വോളോയെ 2–1നു തോൽപിച്ചപ്പോൾ രണ്ടു ഗോളും ക്രിസ്റ്റ്യാനോയുടെ വക. യുവെന്റസിനു വേണ്ടിയുള്ള നാലാം മൽസരത്തിലാണു റൊണാൾഡോ ഗോളടിച്ചത്. 50–ാം മിനിറ്റിൽ ഗോൾമുഖത്തിനു രണ്ടുമീറ്റർ അകലെ കിട്ടിയ പന്തിനെ അനായാസമായി ഗോളിലേക്കു തട്ടിയിട്ടാണു ക്രിസ്റ്റ്യാനോ ഗോളടി തുടങ്ങിയത്. 65–ാം മിനിറ്റിൽ രണ്ടാം ഗോൾ വന്നു. പ്രത്യാക്രമണത്തിൽ കിട്ടിയ പന്തിനെ സാസ്വോളോ ഗോൾകീപ്പർ ആൻഡ്രിയ കോൺസിഗ്ലിയുടെ കൈകൾക്കു പിടികൊടുക്കാതെ നിലംപറ്റെ ഗോളിലേക്കു പായിച്ചു.

തൊണ്ണൂറാം മിനിറ്റിൽ ഖൗമ ബാബസർ സാസ്വോളോയ്ക്കായി ഒരു ഗോൾ മടക്കി. ഡഗ്ലസ് കോസ്റ്റയുടെ ചുവപ്പു കാർഡും കളിയിലെ സംഭവബഹുല മുഹൂർത്തമായി. എതിർ ടീം മിഡ്ഫീൽഡർ ഫെഡെറിക്കോ ഡി ഫ്രാൻസെസ്കോയുമായി കയ്യാങ്കളിയിലായ കോസ്റ്റ ആദ്യം മഞ്ഞക്കാർഡ് വാങ്ങി. പിന്നീട് ഫ്രാൻസെസ്കോയെ തുപ്പിയതിനായിരുന്നു കോസ്റ്റയ്ക്കു ചുവപ്പു കാർഡ്.