സച്ചിന്റെ ഫുട്ബോൾ പരീക്ഷണങ്ങൾ

ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്കു കൂടു മാറിയതിനെക്കുറിച്ച് ഗ്രാന്റ് വാൾ എഴുതിയ പുസ്കമാണ് ‘ദ് ബെക്കാം എക്സ്പിരിമെന്റ്’. ലോക ഫുട്ബോളിലെ സൂപ്പർ താരമായിരിക്കെ തന്നെ, പണക്കൊഴുപ്പുണ്ടെങ്കിലും അത്ര പ്രധാന്യമില്ലാത്ത എംഎൽഎസിലേക്കുള്ള ബെക്കാമിന്റെ വരവും അതിന്റെ അനന്തര ഫലങ്ങളും ചർച്ച ചെയ്യുന്നതാണ് പുസ്തകം. ബെക്കാം എന്ന ഫുട്ബോളറെക്കാളുപരി ‘ബെക്കാം എന്ന ബ്രാൻ‍ഡ്’ ആണ് എംഎൽഎസിനെ സ്വാധീനിച്ചത് എന്ന് വാൾ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിലേക്കും അതുവഴി ഇന്ത്യൻ സൂപ്പർ ലീഗിലേക്കുമുള്ള സച്ചിൻ തെൻഡുൽക്കറുടെ വരവും അങ്ങനെ വായിക്കണം. സച്ചിൻ എന്ന ബ്രാൻഡ് ബ്ലാസ്റ്റേഴ്സിനെയും ഐഎസ്എല്ലിനെയും അതുവഴി ഇന്ത്യൻ ഫുട്ബോളിനെയും എങ്ങനെ സ്വാധീനിച്ചു എന്നത് ഭാവി ഫുട്ബോൾ സംരംഭകർക്കുള്ള പാഠപുസ്തകമാണ്.

ക്രിക്കറ്റിന്റെ അതിപ്രസരം ഇന്ത്യയിൽ ഫുട്ബോളിനെ കൊല്ലുന്നു എന്ന പരിദേവനങ്ങൾക്കിടെ തന്നെയാണ് ഐഎസ്എല്ലിലേക്ക് സച്ചിന്റെ വരവ്. അതിന് ഏറ്റവും ഉചിതമായ വേദി ഇന്ത്യയിൽ ഫുട്ബോളിന് ഏറ്റവും വളക്കൂറുള്ള മണ്ണായ കേരളം തന്നെയായി. ക്രിക്കറ്റ് പിച്ചുപോലെ നീണ്ടുകിടക്കുന്ന സംസ്‌ഥാനം, കരിയറിൽ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങൾക്കു വേദിയായ കൊച്ചി സ്‌റ്റേഡിയം– ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ ഏറ്റെടുക്കുമ്പോൾ ആലങ്കാരികമായും അല്ലാതെയും സച്ചിനും കേരളവുമായുള്ള ബന്ധം ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, നാലു വർഷത്തിനിടെ എന്തെല്ലാം സംഭവിച്ചു? സച്ചിൻ കൊച്ചിയിലെ സ്‌ഥിരസാന്നിധ്യമായി. ദേശീയ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറായി.

സൂപ്പർ ലീഗിന്റെ തുടക്കത്തിൽ സച്ചിൻ പറഞ്ഞ ഒരു കാര്യമുണ്ട്: ഇന്ത്യയിൽ എല്ലാ കായിക ഇനങ്ങളും വളരണം. മൽസരിക്കാൻ മാത്രമല്ല, ഇന്ത്യക്കാർ ആരോഗ്യമുള്ളവരാകാൻ കൂടി വേണ്ടി. ഈ വാക്കുകൾ കൈയടിച്ചു സ്വീകരിച്ചതു കേരളമാണ്. അതുകൊണ്ടാണല്ലോ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് ഒഴിച്ച് മറ്റു ടീമുകളെല്ലാം നഗരങ്ങളുടെ പേരിലായപ്പോൾ ബ്ലാസ്‌റ്റേഴ്‌സ് പേരിനൊപ്പം കേരള എന്നു ചേർത്തത്.

ഓർത്തുനോക്കിയാൽ രസമുണ്ട്. ബാറ്റു കൊണ്ടല്ല; പന്തുകൊണ്ടുതന്നെയാണ് സച്ചിനു കേരളവുമായി അടുപ്പം. മറ്റേതൊരു സ്‌റ്റേഡിയത്തിലും സച്ചിന്റെ ബാറ്റിനാകും പ്രഹരശേഷി കൂടുതൽ. പക്ഷേ, കൊച്ചിയിൽ കഥ മാറും. രണ്ടുതവണയാണ് സച്ചിൻ കൊച്ചിയിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

വെറുമൊരു ടീം ഉടമ മാത്രമായിരുന്നില്ല കേരളത്തിനു സച്ചിൻ. കാണികളെ ആവേശഭരിതരാക്കുന്ന, കളിക്കാരെ പ്രചോദിതരാക്കുന്ന സാന്നിധ്യം ആയിരുന്നു സച്ചിൻ. ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം മാനേജർ ഡേവിഡ് ജയിംസിനോടു ചോദിച്ചുനോക്കൂ. ഓരോ മൽസരത്തിനു മുൻപും സച്ചിൻ ടീം അംഗങ്ങളോടു പറയുന്നത് ഇത്രമാത്രം. നിങ്ങൾ നിങ്ങളുടെ കളി കളിക്കുക; വിജയം താനേ വരും. വിജയമന്ത്രം ഫുട്‌ബോളിലേക്കു നിറയ്‌ക്കുകയായിരുന്നു സച്ചിൻ.

സച്ചിന്റെ ആത്മകഥയുടെ തലക്കെട്ട് കടമെടുത്തു പറഞ്ഞാൽ ‘പ്ലേയിങ് ഇറ്റ് മൈ വേ’. ബ്ലാസ്‌റ്റേഴ്‌സിൽ മാത്രമൊതുങ്ങുന്നില്ല സച്ചിൻ കേരളത്തിലുണ്ടാക്കിയ മാറ്റം. മലബാറിലെയും മധ്യകേരളത്തിലെയും തിരുവിതാംകൂറിലെയും ഫുട്‌ബോൾ പ്രേമികളെ ഒരു ടീമായി അണിനിരത്തിയത് സച്ചിനാണ്. മടങ്ങുമ്പോൾ സച്ചിനോടു പറയാം. ഈ പിച്ചിലേക്കു വീണ്ടും വരൂ സച്ചിൻ,  മറ്റൊരു ഇന്നിങ്സിനായി!