യുവെ നിരയുമായി റൊണാൾഡോ

റൊണാൾഡോ പരിശീലനത്തിൽ

മഡ്രിഡ് ∙ റയൽ മഡ്രിഡ് വിട്ടതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ വീണ്ടും സ്പെയിനിലേക്കു തിരിച്ചെത്തുന്നു. മഡ്രിഡിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിലേക്കല്ല മടങ്ങിവരവ്. ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ ജഴ്സിയിൽ റൊണാൾഡോ ഇന്നു സ്പാനിഷ് ക്ലബ് വലെൻസിയയെ നേരിടുമ്പോൾ കണ്ണും കാതും ക്രിസ്റ്റ്യാനോയിലാണ്. യുവെന്റസിനു വേണ്ടി സെരി എയിൽ ഗോൾ അക്കൗണ്ട് തുറന്നതിനാൽ സമ്മർദങ്ങളുടെ മേൽക്കുപ്പായം റൊണാൾഡോ ഊരിവച്ചു കഴിഞ്ഞു.

പക്ഷേ, സ്ഥിരം തന്റെ ഇഷ്ടഅരങ്ങായ ചാംപ്യൻസ് ലീഗിൽ റൊണാൾഡോ കാത്തുവച്ചിരിക്കുന്നത് എന്താകും? റയൽ മഡ്രിഡ്–എഎസ് റോമ, ബെൻഫിക്ക–ബയൺ മ്യൂണിക്, പ്ലേസൻ–സിഎസ്കെഎ മോസ്കോ, മാഞ്ചസ്റ്റർ സിറ്റി–ലയോൺ, യങ് ബോയ്സ്–മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് എന്നിവയാണ് ഇന്നത്തെ മറ്റു മൽസരങ്ങൾ പ്രധാന മൽസരങ്ങൾ:

∙ റയൽ മഡ്രിഡ്–എഎസ് റോമ

റൊണാൾഡോ പോയതിനു ശേഷം റയലിനു ഒത്തിണക്കം കൂടി എന്നാണു ഗാരെത് ബെയ്ൽ കഴിഞ്ഞ ദിവസം പറഞ്ഞത്. പറഞ്ഞതു തെളിയിക്കാനുള്ള കടമ ബെയ്‌ലിനും കൂട്ടർക്കുമുണ്ട്. സിദാനും റൊണാൾഡോയും പോയതിനുശേഷം റയൽ എങ്ങനെ മാറി എന്നതും കണ്ടറിയാം. റോമ ഇപ്പോഴും കഴി‍ഞ്ഞ വർഷം ബാർസിലോനയെ വീഴ്ത്തിയതിന്റെ ഹാങ്ങോവറിൽ തന്നെയാണ്. ബാർസയ്ക്കു പിന്നാലെ റയലിനെയും അവർ വീഴ്ത്തുമോ..? ഗോൾകീപ്പർ ആലിസണും മിഡ്ഫീൽഡർ റാജ നെയ്ങ്കോളനും ഇത്തവണ ടീമിലില്ല.

∙ ബെൻഫിക്ക–ബയൺ മ്യൂണിക്

യൂറോപ്യൻ കിരീടം എന്നതു ബയണിനെ അലട്ടാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. പെപ്പ് ഗ്വാർഡിയോളയെ കൊണ്ടുവന്നിട്ടും അവർക്കതിനു സാധിച്ചില്ല. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിൽ നിന്നു നിക്കോ കൊവാസിച്ചിനെ കൊണ്ടുവന്നാണു പടപ്പുറപ്പാട്. റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മുള്ളർ, ഹാമിഷ് റോഡ്രിഗസ് എന്നിവരടങ്ങിയ താരനിരയിൽ തന്നെ പ്രതീക്ഷ. അയാക്സും എഇകെ ആതൻസുമുള്ള ഗ്രൂപ്പിൽ നിന്നു ബെൻഫിക്കയും നോക്കൗട്ട് പ്രതീക്ഷിക്കുന്നു.

∙ മാഞ്ചസ്റ്റർ സിറ്റി–ലയോൺ

ചാംപ്യൻസ് ലീഗ് മറ്റൊരു ‘ലെവലാണ്’ എന്നത് എല്ലാവരെക്കാളും അറിയാവുന്നയാൾ പെപ്പ് ഗ്വാർഡിയോളയാണ്. മാഞ്ചസ്റ്റർ സിറ്റിയെ തന്റെ സ്റ്റൈലിലേക്കു കൊണ്ടുവന്നു പ്രീമിയർ ലീഗിൽ കിരീടം ചൂടിച്ച പെപ്പിന്റെ ഇനിയുള്ള ലക്ഷ്യം യൂറോപ്യൻ കിരീടം തന്നെ. കെവിൻ ഡിബ്രൂയ്നെ പരുക്കേറ്റു വിശ്രമിക്കുകയാണെങ്കിലും സിറ്റിയുടെ താരപ്പകിട്ടിന് ഒട്ടും കുറവില്ല. ഫ്രഞ്ച് താരം നബിൽ ഫെകിറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ലയോൺ അത്യധ്വാനം ചെയ്യേണ്ടി വരും കളി ജയിക്കാൻ.