13 മിനിറ്റിൽ 4 ഗോളുകൾ; ഹാട്രിക് എട്ടുമിനിറ്റിനുള്ളിൽ; അമ്പമ്പോ എംബപെ!

ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോയ്ക്കെതിരായ വിജയത്തിനു ശേഷം പിഎസ്ജി താരങ്ങളായ കിലിയൻ എംബപെയും നെയ്മറും

പാരിസ്∙ കിലിയൻ എംബപെയുടെ മിന്നുന്ന ഫോം ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് പുതിയൊരു റെക്കോർഡ് കൂടി നേടിക്കൊടുത്തു. എംബപെ 13 മിനിറ്റിനുള്ളിൽ നേടിയ  നാലു ഗോളുകളടക്കം  ഒളിംപിക് ലിയോയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കു പിഎസ്ജി തകർത്തു വിട്ടു. ഫ്രഞ്ച് ലീഗിൽ സീസണിന്റെ തുടക്കം മുതൽ തുടർച്ചയായ ഒൻപതു വിജയങ്ങളെന്ന റെക്കോർഡും പിഎസ്ജി  സ്വന്തമാക്കി. ഒളിംപിക്സ് ലിലോസിസ് 1936 ൽ സ്ഥാപിച്ച 82 വർഷം പഴക്കമുള്ള റെക്കോർഡാണ് സൂപ്പർതാരനിരയടങ്ങിയ പിഎസ്ജി തിരുത്തിയെഴുതിയത്.

നെയ്മറുടെ പെനൽറ്റിയിൽ ഒൻപതാം മിനിറ്റിൽ പിഎസ്ജി ലീഡ് പിടിച്ചു.എന്നാൽ അരമണിക്കൂറിനുള്ളിൽ പ്രസ്നെൽ കിംബബെ ചുവപ്പുകാർഡ് കണ്ടു പുറത്തായതു പിഎസ്ജിക്ക് തിരിച്ചടിയായി. തൊട്ടു പിന്നാലെ ലിയോയുടെ ലൂക്കാസും പുറത്തായി. ഇരു ടീമിലും പത്തുപേർ വീതം. രണ്ടാം പകുതിയിലാണ് എംബപെ ലോകകപ്പ് ഫോമിന്റെ തുടർച്ചയെന്നോണം തന്റെ വിശ്വരൂപം പുറത്തെടുത്തത്. ഏഴു സീസണിൽ ആറാം കിരീടം ലക്ഷ്യമാക്കുന്ന പിഎസ്ജി ലീഗിൽ എതിരാളികളെക്കാൾ എട്ടു പോയിന്റിനു മുന്നിലാണ്. ലില്ലിയാണ് രണ്ടാമത്.

നെയ്മറാണ്  പെനൽറ്റിയിലൂടെ ആദ്യഗോൾ നേടിയതെങ്കിലും അതിനു വഴിവച്ചത് എംബപെയുടെ വേഗവും തന്ത്രങ്ങളുമാണ്.

സ്പോട്ട് കിക്കിൽ നിന്നു വന്ന ലൂസ് ബോളിലേക്ക് പാഞ്ഞെത്തിയ എംബപ്പെയെ ഗോൾകീപ്പർ ആന്റണി ലോപ്പസ് ഫൗൾചെയ്തു. 

ഇതിനു ലഭിച്ച പെനൽറ്റിയിൽ നെയ്മർ ആദ്യ ഗോൾ നേടി. ഈ സീസണിൽ നെയ്മറുടെ 11–ാം ഗോൾ. പിഎസ്ജിയുടെ ഗോൾ വല കാത്തത് പരിചയസമ്പന്നനായ ബുഫണായിരുന്നു.

എംബപെയുടെ ഗോൾവർഷം തുടങ്ങിയത് അറുപത്തിയൊന്നാം മിനിറ്റിൽ. രണ്ടാം ഗോൾ അഞ്ചു മിനിറ്റിനുള്ളിൽ വീണ്ടും. പതറിപ്പോയ ഒളിംപിക് ലിയോയുടെ വലയിലേക്ക് പത്തൊൻപതുകാരന്റെ വറ്റാത്ത വീര്യത്തോടെ എംബപെ വീണ്ടും നിറയൊഴിച്ചു. രണ്ടു വട്ടം കൂടി. ഹാട്രിക് തികച്ചത് എട്ടുമിനിറ്റിനുള്ളിൽ. കാലിൽ കൊരുത്ത പന്തിനെ ഏതു പ്രതിസന്ധിയിലും ഗോളിലേക്ക് തിരിച്ചുവിടുന്ന എംബപെയുടെ മാന്ത്രികമായ പ്രകടനത്തിനാണു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആ ഹാട്രിക്കിന് അതുകൊണ്ട്  തന്നെ അതിമധുരമുണ്ടായിരുന്നു. ഗോളെന്നുറപ്പിച്ച മുന്നേറ്റം മൂന്നു തവണ പാഴായതിനൊടുവിലാണ് എംബപെ  ആദ്യ ഗോൾ നേടിയത്.