കണ്ണീർ വീഴ്ത്തിയ ചുവപ്പുകാർഡിനുശേഷം റോണോ വീണ്ടും; ഇക്കുറി മാഞ്ചസ്റ്ററിൽ!

പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിലെത്തിയ റൊണാൾഡോ യുവെന്റസിലെ സഹതാരങ്ങൾക്കൊപ്പം.

മാ‍ഞ്ചസ്റ്റർ∙ ഓൾ‍‍ഡ് ട്രാഫഡിന്റെ പ്രിയ പുത്രൻ വീണ്ടും വരുന്നു. പുതിയ വേഷത്തിൽ, പഴയ വീര്യവുമായി അതേ ക്രിസ്റ്റ്യാനോ റൊണാൾഡോ! 2009ൽ ഓൾ‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ആരവങ്ങൾ ബാക്കിയാക്കി സ്പെയിനിലെ റയൽ മഡ്രിഡിലേക്കു കളിച്ചുവടുകൾ മാറ്റിച്ചവിട്ടിയ ക്രിസ്റ്റ്യാനോ ഇത്തവണ വരുന്നത് ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ ജഴ്സിയിൽ. ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ യുവെന്റസ് ടീമംഗമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ക്രിസ്റ്റ്യാനോ വരുമ്പോൾ എതിരടവുകളും തന്ത്രങ്ങളുമായി കാത്തിരിക്കുന്നത് ക്രിസ്റ്റ്യാനോയുടെ പഴയ പരിശീലകൻ ഹൊസെ മൗറീഞ്ഞോ. 

ചാംപ്യൻസ് ലീഗിലെ യുവെന്റസിന്റെ ആദ്യ കളിയിൽ 29–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായ താരത്തിനു കഴിഞ്ഞ കളിയിൽ സസ്പെൻഷൻ മൂലം ഇറങ്ങാൻ കഴിഞ്ഞില്ല. ഫലത്തിൽ, യുവെ ജഴ്സിയിൽ 90 മിനിറ്റും കളിച്ച് ജയിച്ചു മടങ്ങാനാണ് ഇത്തവണ ക്രിസ്റ്റ്യാനോ വരുന്നതെന്ന് പറയാം. 

ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും 2 കളികളും ജയിച്ച ഇറ്റാലിയൻ ക്ലബ് പ്രീക്വാർട്ടർ യോഗ്യതയ്ക്ക് അരികെയാണ്. വലൻസിയയോട് ഗോൾരഹിത സമനില പിടിച്ച യുണൈറ്റഡ് അടുത്ത കളിയി‍ൽ യങ് ബോയ്സിനെ 3–0ന് തോൽപിച്ചു. ഇന്നു ജയിച്ചാൽ യുണൈറ്റഡിനും പ്രീക്വാർട്ടർ മോഹിക്കാം. ക്രിസ്റ്റ്യാനോ ഇതിനു മുൻപു മാഞ്ചസ്റ്ററിലേക്കു കളിക്കു വന്നത് 2013ൽ ആയിരുന്നു. റയലിന്റെ 10–ാം ചാംപ്യൻസ് ലീഗ് കിരീടമായിരുന്നു അന്നു ലക്ഷ്യം. പിന്നീടു 4 കിരീടങ്ങൾ നേടിയ ശേഷമാണ് ക്രിസ്റ്റ്യാനോ ഇറ്റലിയിലെത്തിയത്. 22 വർഷത്തിനു ശേഷം ചാംപ്യൻസ് ലീഗ് കിരീടം നോട്ടമിട്ടാണ് യുവെന്റസ് 11.2 കോടി യൂറോയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാങ്ങിയതെന്ന് യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോ ഈയിടെ പറഞ്ഞിരുന്നു. യൂറോപ്പിന്റെ കിരീടം ലക്ഷ്യമിട്ടെത്തുന്ന യുവെയ്ക്ക് ഇപ്പോഴത്തെ ഫോമിൽ യുണൈറ്റഡ് കടുപ്പക്കാരായ എതിരാളികളാണ്. 

ചാംപ്യൻമാർ കളത്തിൽ 

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കളിക്കെത്തുന്നതിന്റെ തിളക്കത്തിൽ നിറം മങ്ങിപ്പോയതു മറ്റു പോരാട്ടങ്ങളാണ്. ജർമൻ ചാംപ്യന്മാരാ‍യ ബയൺ മ്യൂനിക്ക് ഗ്രീക്ക് ക്ലബ് എഇകെ ഏതൻസിനെ എവേ മൽസരത്തിൽ നേരിടുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് വിക്ടോറിയ പ്ലെസനാണ് എതിരാളികൾ. 

റയൽ കോച്ച് ജുലെൻ ലോപെറ്റെഗുയിയെ സ്ഥാനഭ്രഷ്ടനാക്കിയെന്നും ഇല്ലെന്നുമുള്ള വാർത്തകൾക്കിടെ ക്ലബ്ബിന് അതിനിർണായകമാണ് ഈ പോരാട്ടം. പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി യുക്രെയ്ൻ ക്ലബ് ഷക്തറിനെ നേരിടും. പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക എവേ ഗ്രൗണ്ടിൽ ഡച്ച് ക്ലബ് അയാക്സിനെ നേരിടും. റഷ്യൻ ക്ലബ് സിഎസ്കെഎ മോസ്കോയുമായാണ് ഇറ്റലിക്കാരായ എഎസ് റോമയുടെ മൽസരം.