റയലിൽ ഞാൻ റൊണാൾഡോ അല്ലെന്നു തോന്നി, ടീം വിട്ടു: തുറന്നടിച്ച് ക്രിസ്റ്റ്യാനോ

പാരിസ് ∙ കൂടുതൽ പണം പ്രതീക്ഷിച്ചല്ല റയൽ മഡ്രിഡ് വിട്ടതെന്നു പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെളിപ്പെടുത്തൽ. സിനദിൻ സിദാൻ പരിശീലക സ്ഥാനം രാജിവച്ചതുകൊണ്ടോ കൂടുതൽ പണത്തിനു വേണ്ടിയോ അല്ല ഞാൻ സ്പെയിനിൽനിന്നു പോയത്. റയൽ മഡ്രിഡിൽ ഞാൻ ഒരു അവശ്യഘടകമായി തോന്നിയില്ല. മാനസികമായി തന്നെ തളർത്തിയ കാരണങ്ങളെക്കുറിച്ച് ‘ഫ്രാൻസ്’ ഫുട്ബോൾ മാഗസിനിലെ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. മാഗസിൻ നൽകുന്ന പ്രശസ്തമായ ‘ബലോൻ ദ് ഓർ’ പുരസ്കാര പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അഭിമുഖമായിരുന്നു ഇത്. ഈ വർഷത്തെ പുരസ്കാരത്തിന് എന്തുകൊണ്ടും യോഗ്യൻ താനാണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. 

റയലിലെത്തി ആദ്യ 3–4 വർഷം ഞാൻ അവർക്കു വേണ്ടപ്പെട്ടവനായിരുന്നു. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന് പിന്നീടു ഞാൻ ഒരു അത്യാവശ്യ ഘടകമല്ലാതായി. അതോടെ, ഭാവിയെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങി.  ആ ചിന്തകളെ സ്വാധീനിച്ച ചെറിയ ഒരു ഘടകം മാത്രമാണു സിദാന്റെ രാജി. അതേസമയം, യുവെന്റസിന് എന്നെ ആവശ്യമുണ്ടായിരുന്നു. അവർ അതു ശരിയായ രീതിയിൽ എന്നെ ബോധ്യപ്പെടുത്തി. അതിപ്പോൾ എനിക്കും അനുഭവിച്ചറിയാൻ സാധിക്കുന്നു – മുപ്പത്തിമൂന്നുകാരനായ ക്രിസ്റ്റ്യാനോ പറഞ്ഞു. 

ക്രിസ്റ്റ്യാനോയ്ക്കെതിരെ സമീപകാലത്ത് ഉയർന്ന ലൈംഗികാരോപാണ കേസുകളെക്കുറിച്ചും അഭിമുഖത്തിൽ പരാമർശമുണ്ട്. ഞാൻ ഒരു കുടുംബസ്ഥനാണിപ്പോൾ. ജീവിതപങ്കാളിയും നാലു കുട്ടികളുമുണ്ട്. പ്രായമായ അമ്മയുണ്ട്. സഹോദരിയും സഹോദരനും ഉൾപ്പെടെയുള്ളവരുമായി നല്ല അടുപ്പമുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് ഈ ആരോപണങ്ങൾ വലിയ വിഷമമാണുണ്ടാക്കുക. ക്രിസ്റ്റ്യാനോ ഒരു റേപ്പിസ്റ്റാണെന്ന ആരോപണം എന്റെ ഇപ്പോഴത്തെ പേരിനു കളങ്കമാണ്. പക്ഷേ, ഞാൻ എന്താണെന്നും എന്താണു ചെയ്തതെന്നും എനിക്കു നന്നായി അറിയാം. സത്യം ഒരുനാൾ പുറത്തുവരും. – ക്രിസ്റ്റ്യാനോ പറഞ്ഞു.