Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ഗോകുലം വിജയവഴിയിൽ; ഷില്ലോങ് ലജോങ്ങിനെ തകർത്ത് (3–1) നാലാമത്

gokulam-kerala-celebrations

കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിൽ കാത്തു കാത്തിരുന്ന വിജയം ഒടുവിൽ ഗോകുലം കേരള എഫ്സിയെ തേടിയെത്തി. 2 സമനില‍യ്ക്കും ഒരു തോൽവിക്കും ശേഷം 4–ാം മൽസരത്തിൽ ഗോകുലത്തിന് ആദ്യജയം. 

വടക്കുകിഴക്കൻ വീര്യവുമായി മേഘാലയയിൽനിന്നെത്തിയ ഷില്ലോങ് ലജോങ് എഫ്സിയെ 3–1നു ഗോകുലം കീഴടക്കി. ആതിഥേയർക്കായി ഗനി അഹമ്മദ് നിഗം (43’), അന്റോണിയോ ജർമെയ്ൻ (56’), എസ്. രാജേഷ് (66’) എന്നിവർ ഗോളടിച്ചു. സന്ദർശകരുടെ ആശ്വാസഗോൾ 78–ാം മിനിറ്റിൽ ബുവാം ഫ്രാങ്കിയുടെ വക. 4 കളികളിൽനിന്ന് 5 പോയിന്റുമായി ഗോകുലം ഐ ലീഗ് പട്ടികയിൽ 4–ാം സ്ഥാനത്തേക്കു കയറി. ഗോകുലത്തിന്റെ അടുത്ത കളി 18നു കോഴിക്കോട്ട് നിലവിലെ ചാംപ്യന്മാരായ മിനർവ പഞ്ചാബ് എഫ്സിക്കെതിരെ. 

ഗോൾ 1

കളി തുടങ്ങിയതു മുതൽ പന്ത് ഗോകുലത്തിന്റെ കാലിലായിരുന്നു. തുടരെ മുന്നേറ്റങ്ങൾ. ഇടതു വിങ്ങിൽ കെ. ദീപക്കും വലതു വിങ്ങിൽ എസ്. രാജേഷും പറന്നുനിന്നു. വി.പി.സുഹൈർ പലതവണ എതിർപോസ്റ്റിലെത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി തീരാൻ 2 മിനിറ്റ് ബാക്കി നിൽക്കെ മാൻ ഓഫ് ദ് മാച്ച് ഗനി അഹമ്മദ് നിഗം ഗോകുലത്തെ മുന്നിലെത്തിച്ചു. മധ്യനിരയിൽനിന്ന് ബ്രസീൽ താരം കാസ്ട്രോയുടെ ഫ്രീകിക്ക്. ബോക്സിനുള്ളിൽ ജെർമെയ്ൻ തലവച്ചു വിട്ടത് ഡാനിയേൽ അഡോയുടെ കാലിൽ. അഡോ ഉയർത്തിവിട്ട പന്ത് നെ‍ഞ്ചിലാക്കി നിയന്ത്രിച്ച് ഗനിയുടെ ഉഗ്രൻ ഷോട്ട്. ഗോൾ. 

ഗോൾ 2

2–ാം പകുതിയിലും ഗോകുലം ആക്രമണം തുടർന്നു. 56–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ജെർമെയ്ൻ ലീഡ് ഉയർത്തി. കാസ്ട്രോയുടെ കോർണർ വാങ്ങി ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ജെർമെയ്ൻ ഗോളിലേക്ക് ആഞ്ഞടിച്ചു. ലജോങ് താരം സാമുവൽ കിൻഷിയുടെ ദേഹത്തുരുമ്മി പന്തു വലയിൽ. സീസണിൽ ജർമെയ്ന്റെ 2–ാം ഗോൾ. ഓട്ടത്തിലും പാസിലും ഡ്രിബ്ലിങ്ങിലും പഴയ ഫോമിന്റെ നിഴൽ മാത്രമാണെങ്കിലും ഗോൾ നേടിയതു ജർമെയിന്റെ ആത്മവിശ്വാസം കൂട്ടും. 

ഗോൾ 3

മൽസരത്തിലുടനീളം അധ്വാനിച്ചു കളിച്ച എസ്.രാജേഷിന്റെ മനോഹര ഗോൾ. ഇടതുപാർശ്വത്തിലൂടെ ഓടിക്കയറിയ ഗനി ബോക്സിനു പുറത്തുനിന്ന് ഗോൾമുഖത്തേക്കു പന്ത് ക്രോസ് ചെയ്തു. 

കൃത്യസമയത്തു ഗോൾ പോസ്റ്റിനു മുന്നിലേക്കു പറന്ന് നിരങ്ങിയെത്തിയ രാജേഷ് പന്ത് തട്ടി വലയിലാക്കി. 68–ാം മിനിറ്റിൽ ബുവാം ഫ്രാങ്കിയിലൂടെ ലജോങ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് അവരുടെ മുന്നേറ്റങ്ങൾ ഗോകുലത്തിന്റെ പ്രതിരോധവും ഗോളി കെ. ഷിബിൻരാജും ഫലപ്രദമായി തടഞ്ഞു.