മെസ്സി തിരിച്ചുവന്നു, രണ്ടു ഗോളടിച്ചു; മൽസരം ബാർസ തോറ്റു (3–4) - വിഡിയോ

റയൽ ബെറ്റിസ് താരങ്ങൾ ഗോൾ ആഘോഷിക്കുമ്പോൾ നിരാശനായി ബാർസയുടെ ലയണൽ മെസ്സി.

ബാർസിലോന ∙ ലയണൽ മെസ്സി ഇരട്ട ഗോൾ നേടിയിട്ടും കളി കൈവിട്ടു പോയതിന്റെ ഞെട്ടലിലാണ് ബാർസിലോന. ലാലിഗ ചാംപ്യൻമാരെ റയൽ ബെറ്റിസ് തോൽപ്പിച്ചത് 4–3 ന്. ഏഴു ഗോളുകൾ കണ്ട കളിയിൽ ബാർസയ്ക്ക് മേധാവിത്തം കൈവിട്ടു പോയി. ബാർസയുടെ തോൽവിക്ക് മൂന്നു മണിക്കൂറിനു ശേഷം ഗ്രൗണ്ടിലിറങ്ങിയ റയൽ മഡ്രിഡ് 4–2 ന് സെൽറ്റ വിഗോയെ കീഴടക്കി. താൽക്കാലിക പരിശീലകൻ സാന്റിയാഗോ സൊളാരിക്ക് കസേര ഉറയ്ക്കാനും വിജയം കാരണമായേക്കും. അപ്രതീക്ഷിതമായി ടീമിന്റെ ചുമതലയേറ്റ കോച്ച് സൊളാരിക്ക് തുടർച്ചയായ നാലാം വിജയം സമ്മാനിക്കാനും കഴിഞ്ഞു. ഇതോടെ ലീഗിൽ ബാർസയും റയലും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും നാലായി ചുരുങ്ങി. ലീഗിൽ ഇനി കളി കൈവിട്ടാൽ പോയിന്റ് പട്ടികയിലെ ന്നാം സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോൾ ബാർസ. 

സെൽറ്റ വിഗോയ്ക്കെതിരെ റയലിനു വേണ്ടി കരിം ബെൻസേമയാണ് സ്കോറിങ് തുടങ്ങിയത്. കബ്രളും റാമോസും സെബല്ലോസും സ്കോറിങ് പൂർത്തിയാക്കി. റയൽ ഡിഫൻഡർ നാച്ചോ ഫെർണാണ്ടസിനും മിഡ്ഫീൽഡർ കസെമിറോയ്ക്കും പരുക്കേറ്റതു ടീമിനു വലിയ തിരിച്ചടിയായി. മുട്ടിനു പരുക്കേറ്റ നാച്ചോയ്ക്കു 2 മാസം നഷ്ടപ്പെടും. കാൽക്കുഴയ്ക്കു പരുക്കേറ്റ കസെമിറോയ്ക്കു 3 ആഴ്ചയും കളിക്കാനാവില്ല. ഡിഫൻഡർമാരായ മാർസെലോ, റാഫേൽ വരാൻ, ഡാനി കാർവാൽ എന്നിവരും സ്ട്രൈക്കർ മാരിയാനോ ഡയസും  പരുക്കേറ്റു പുറത്തിരിക്കുമ്പോഴാണ് റയലിന് ഇരുട്ടടിയായി ഈ 2 കളിക്കാരുടെ പരുക്ക് കൂടി വന്നത്.