കവാനിയുടെ യുറഗ്വായെ നെയ്മറിന്റെ ഗോളിൽ വീഴ്ത്തി ബ്രസീൽ (1–0) – വിഡിയോ

ഗോൾനേട്ടം ആഘോഷിക്കുന്ന ബ്രസീൽ താരങ്ങളായ നെയ്മറും ഫിർമീഞ്ഞോയും

ലണ്ടൻ∙ വിവാദച്ചുവയുള്ള പെനൽറ്റി ഗോളിന്റെ ചിറകിലേറി രാജ്യാന്തര ഫുട്ബോളിലെ വിജയക്കുതിപ്പ് തുടർന്ന് ബ്രസീല്‍. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ യുറഗ്വായെയാണ് ഒരു ഗോളിന് ബ്രസീൽ വീഴ്ത്തിയത്. 76–ാം മിനിറ്റിൽ സൂപ്പർതാരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. തുടർച്ചയായ 10–ാം മൽസരത്തിലാണ് യുറഗ്വായ്ക്ക് ബ്രസീലിനെ തോൽപ്പിക്കാനാകാതെ പോകുന്നത്. ഗോളിനു വിവാദഛായ ഉണ്ടായിരുന്നെങ്കിലും ഇരുപകുതികളിലും സമ്പൂർണ ആധിപത്യം പുലർത്തിയ മൽസരത്തിലാണ് ബ്രസീൽ വിജയം കണ്ടത്.

മൽസരം ഗോൾരഹിതമായി തുടരുന്നതിനിടെ ബ്രസീലിന്റെ മാഞ്ചസ്റ്റർ സിറ്റി താരം ഡാനിലോയെ യുറഗ്വായുടെ ഡീഗോ ലക്സാൾട്ട് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിൽനിന്നാണ് നെയ്മർ ലക്ഷ്യം കണ്ടത്. ഇതു പെനൽറ്റിയല്ലെന്ന് ലൂയി സ്വാരസിന്റെ നേതൃത്വത്തിൽ യുറഗ്വായ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രെയ്ഗ് പാവ്സൺ കനിഞ്ഞില്ല.

നെയ്മറെ ലക്ഷ്യമിട്ട് തുടർച്ചയായി ഫൗളുകൾ ചെയ്ത യുറഗ്വായ് താരങ്ങൾക്കെതിരെ ആറു മഞ്ഞക്കാർഡുകളാണ് പാവ്സൺ പുറത്തെടുത്തത്. നെയ്മറിനെ ഫൗൾ ചെയ്തതിന് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമനിൽ അദ്ദേഹത്തിന്റെ സഹതാരം കൂടിയായ എഡിസൻ കവാനിക്കും കിട്ടി മഞ്ഞക്കാർഡ്. ഇനി ലോക ചാംപ്യൻമാരായ ഫ്രാൻസിനെതിരെയാണ് യുറഗ്വായുടെ അടുത്ത മൽസരം.  അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ലക്ഷ്യമിട്ട് ഏറ്റവും മികച്ച താരങ്ങളെത്തന്നെയാണ് ഇരു ടീമുകളുടെയും പരിശീലകർ കളത്തിലിറക്കിയത്.

മറ്റു മൽസരങ്ങളിൽ ഇക്വഡോർ പെറുവിനെയും (2–0), സൗദി അറേബ്യ യെമനെയും (1–0) തോൽപ്പിച്ചപ്പോൾ ജപ്പാൻ–വെനസ്വേല മൽസരം ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു.