Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ ലോകം ചോദിക്കുന്നു, ഈ കപ്പ് ബ്രസീലിന്റേതാവുമോ?

സുനിഷ് തോമസ്
Brazil's-David-Luiz-holds-up-th നെയ്മറുടെ ജഴ്സിയുമായി 2014 ലോകകപ്പ് സെമിക്ക് എത്തിയ ഡേവിഡ് ലൂയിസ്.

എടുത്തുചാട്ടക്കാരുടെ ടീമായിരുന്നു നാലു വർഷം മുൻപ് ബ്രസീല്‍. കളിക്കാരെക്കാൾ വലിയ എടുത്തു ചാട്ടക്കാരനായിരുന്നു പരിശീലകൻ ലൂയി ഫിലിപ് സ്കൊളാരി. യുവാൻ കാർലോസ് സുനിഗയുടെ ചവിട്ടേറ്റു വീണു പുറത്തായ നെയ്മർക്കു പകരം, അതേ മികവിൽ കളിക്കുന്ന ഒരു താരമില്ലെന്നറിഞ്ഞിട്ടും, കരുത്തരായ ജർമനിക്കെതിരെ ബ്രസീൽ കളിക്കാർ മുൻപിൻ നോക്കാതെ എടുത്തു ചാടി. അതിന്റെ ഫലമായിരുന്നു ബെലോ ഹൊറിസോന്റി ദുരന്തം എന്നറിയപ്പെട്ട 7–1 സെമിഫൈനൽ തോൽവി!

ഓരോ വീഴ്ചയും തോൽവിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന ആപ്തവാക്യത്തിന്റെ ആധുനിക കാലത്തെ ഏറ്റവും വലിയ അടയാളമാണ് ഇന്നത്തെ ബ്രസീൽ ടീം. ഫുട്ബോൾ രക്തത്തിൽ നിറഞ്ഞൊഴുകുന്നവർ എന്നും, കളിയുടെ ഉന്മാദം തലയ്ക്കു പിടിച്ചവർ എന്നുമൊക്കെ ആലങ്കാരികമായി വിശേഷിപ്പിക്കപ്പെടാറുള്ള ആ രാജ്യത്തെ അവശേഷിക്കുന്ന ഫുട്ബോൾ പ്രതിഭകളുടെ കൂടിച്ചേരലാണ് ഈ ലോകകപ്പ്. ബ്രസീലുകാരുടെ ജീനുകളിൽ ഫുട്ബോളിനെ മെരുക്കാനുള്ള മികവ് ദൈവം എഴുതിവച്ചിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. ഏറെക്കുറെ അതു ശരിയാണു താനും.

SOCCER-WORLD/M61-BRA-GER 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെ 7–1നു കീഴടക്കി ജർമൻ ടീമംഗം മിറോസ്ലാവ് ക്ലോസെ, ബ്രസീൽ കോച്ച് ലൂയി ഫിലിപ് സ്കൊളാരിയെ ആശ്വസിപ്പിക്കുന്നു.

എന്നാൽ, പുതിയ കാലത്തെ ജീവിതശൈലിയും ഇടത്തരക്കാർ നേരിടേണ്ടി വരുന്ന വെല്ലുവിളികളും, സാമൂഹിക സാമ്പത്തിക അനിശ്ചിതത്വങ്ങളും അവിടുത്തെ ഫുട്ബോൾ പാരമ്പര്യത്തെ ഏതാണ്ട് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ ലീഗുകളിലായി പടർന്നു കിടക്കുന്ന ബ്രസീലിലെ ക്ലബ്ബുകളെല്ലാം തന്നെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. യൂറോപ്യൻ ക്ലബ്ബുകളെ സാമ്പത്തിക മാന്ദ്യത്തിൽനിന്നു രക്ഷപ്പെടുത്താൻ ഗൾഫ് പണമുണ്ടെങ്കിൽ, അമേരിക്കയോളം ജീവിതച്ചെലവുള്ള രാജ്യമായ ബ്രസീലിൽ പോയി പണം മുടക്കാൻ ആരും തയാറല്ല. അതുകൊണ്ടു തന്നെ ബ്രസീലിലെ പ്രധാനപ്പെട്ട ക്ലബ്ബുകളായ ഫ്ലൂമിനെൻസെ, ഫ്ലാമെൻഗോ, സാന്റോസ് എന്നിവയൊക്കെ കാറ്റഴിച്ചുവിട്ട അവസ്ഥയിലാണ്.

അത്തരം ക്ലബ്ബുകളുടെ ജൂനിയർ ടീമുകളിൽനിന്നു സ്കൗട്ട് ചെയ്യപ്പെട്ടു യൂറോപ്പിലെത്തിയ കളിക്കാരെ വച്ചാണ് ഈ ലോകകപ്പിന്റെ ഫേവറിറ്റുകളായ ബ്രസീൽ യുവനിരയെ പരിശീലകൻ ടിറ്റെ  അവതരിപ്പിക്കുന്നത്. ലൂയി ഫിലിപ് സ്കൊളാരി എന്ന ബിഗ് ഫിൽ എടുത്തു ചാട്ടക്കാരനായിരുന്നെങ്കിൽ, അച്ചടക്കത്തിന്റെ അവസാന വാക്കാണു ടിറ്റെ. പരിശീലകൻ എന്നതിലുപരി ഫുട്ബോളിനെ അക്കാദമിക താൽപര്യത്തോടെ സമീപിക്കുന്ന അദ്ദേഹം ഡൂംഗയിൽനിന്നു ബ്രസീലിനെ ഏറ്റെടുക്കുമ്പോൾ ടീം കഷ്ടകാലത്തിന്റെ പാരമ്യത്തിലായിരുന്നു. തെക്കേ അമേരിക്കൻ യോഗ്യതാറൗണ്ടിൽ ആറാം സ്ഥാനത്ത്. പക്ഷേ, ടിറ്റെ വന്നതോടെ ടീം രക്ഷപ്പെട്ടു. പിന്നീടു കളിച്ച 12ൽ പത്തു മൽസരങ്ങളും ജയിച്ച് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി അവർ മാറി.

SOCCER-WORLD/M57-BRA-COL-NEYMAR കൊളംബിയ താരം യുവാൻ സുനിഗയുടെ ചവിട്ടേറ്റ് നെയ്മർ വീണപ്പോൾ.

2014ൽ നെയ്മർ എന്ന ഒറ്റയാളുടെ പിന്നിലായിരുന്നു സ്കൊളാരി ടീമിനെ പണിതുയർത്തിയത്. ഇത്തവണ ടിറ്റെയ്ക്ക് അങ്ങനെയൊരു പ്രശ്നമില്ല. നെയ്മർ ഒരു അവശ്യഘടകം പോലുമല്ല ഈ ബ്രസീൽ ടീമിൽ.  ടിറ്റെയ്ക്കു കീഴിൽ ഇതുവരെയുള്ള 19ൽ ആറു കളികളിൽ നെയ്മറെ കൂടാതെയാണു ബ്രസീൽ ഇറങ്ങിയത്. അതിൽ അഞ്ചും ജയിച്ചു. ലോകചാംപ്യൻമാരായ ജർമനിയെ ബ്രസീൽ തോൽപിച്ച കളിയിലും നെയ്മറുണ്ടായിരുന്നില്ല.  ഗബ്രിയേൽ ജിസ്യൂസ്, റോബർട്ടോ ഫിർമിനോ, ഫിലിപ്പെ കുടിഞ്ഞോ, വില്ലിയൻ തുടങ്ങി ഒരു പറ്റം മികച്ച കളിക്കാർ ഇത്തവണ ബ്രസീൽ നിരയിലുണ്ട്. എന്നാൽ, ഇവരെക്കാളേറെ ബ്രസീലിന്റെ കളിയിൽ നിർണായക സാന്നിധ്യമാവുക, വിങ്ങിലൂടെ ഓടിക്കയറി ആക്രമണങ്ങൾക്കു വഴിയൊരുക്കുന്ന മാർസെലോ ആയിരിക്കും. ബ്രസീലിന്റെ ഇതിഹാസങ്ങളായ റോബർട്ടോ കാർലോസിന്റെ ഉശിരും കഫുവിന്റെ വിരുതും ഈ റയൽ മഡ്രിഡ് താരത്തിനുണ്ട്.

2002 ലോകകപ്പ് ജേതാക്കളായ കാനറികൾക്കു ശേഷം, അതേ ഉശിരോടെ പൊരുതിനിൽക്കാൻ മികവുള്ള താരനിരയാണ് ഇത്തവണത്തെ ബ്രസീലിന്റേത്. ആക്രമണം മാത്രമല്ല, അവരുടെ പ്രതിരോധവും മധ്യനിരയുമെല്ലാം മികച്ചതു തന്നെ.  ബ്രസീൽ എന്നാൽ ആവേശവും ആഹ്ലാദവും അമ്പരപ്പുമെല്ലാമായ ലോകമെമ്പാടുമുള്ള കായികപ്രേമികൾ ആഗ്രഹിക്കുന്ന ലോകകപ്പ് കിരീടം അതിനാൽ ഈ ടീമിനു കയ്യെത്തും ദൂരത്തുണ്ട്.

SOCCER-WORLDCUP-BRA-CRO/ നെയ്മറും ബ്രസീൽ കോച്ച് ടിറ്റെയും യോഗ്യതാ മൽസരത്തിനിടെ

പക്ഷേ, പരുക്കിന്റെ ക്ഷീണം മറന്നെത്തുന്ന നെയ്മർക്കു മുന്നിൽ പ്രകോപനത്തിന്റെ വലയൊരുക്കി കാത്തുനിൽപുണ്ടാവും എതിർടീം കളിക്കാർ. പരുക്കൻ അടവുകൾക്കു മുന്നിൽ എളുപ്പം കീഴ്പ്പെടുന്ന ‘വൾനറബിൾ’ ശരീരപ്രകൃതിയുള്ള നെയ്മർക്കു റഷ്യയിലും വെല്ലുവിളി ഏറെയാണ്. എന്നാൽ, നെയ്മർ മാർക്ക് ചെയ്യപ്പെടുമ്പോൾ കിട്ടുന്ന വിടവിലൂടെ ഓടിക്കയറാൻ മറ്റു യുവതാരങ്ങൾക്ക് ആവശ്യം പോലെ സ്ഥലവും മൈതാനത്തുണ്ടാവും. നെയ്മറെ വല്ലാതെ ആശ്രയിക്കാത്ത ടിറ്റെയ്ക്ക് തന്ത്രങ്ങളൊരുക്കാൻ ഇതു ഗുണകരമാവും.

ഒപ്പം, ഒരേയൊരു കാര്യം. ഫസ്റ്റ് ടച്ചിനു മുൻപു ഗാലറിയെ കയ്യിലെടുക്കാൻ, നെയ്മറുടെ ജഴ്സിയുമായി കളിക്കെത്തിയ കഴിഞ്ഞ ലോകകപ്പ് സെമിയിലെ ടീമിനെപ്പോലെ എടുത്തുചാടാതിരിക്കാൻ ശ്രദ്ധിച്ചാൽ ഇത്തവണ ബ്രസീലിന് അനായാസം കപ്പടിക്കാം. ലോക ഇതിഹാസമായി വാഴ്ത്തപ്പെടാൻ ഒരു ലോകകപ്പ് കിരീടം അനിവാര്യമെങ്കിൽ, പെലെയ്ക്കും മറഡോണയ്ക്കും ശേഷം ആ സ്ഥാനത്തേക്കു മൽസരിക്കുന്ന ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എക്കാലത്തേക്കും പിന്നിലാക്കാനും നെയ്മർക്ക് സാധിക്കും! 

FBL-ESP-LIGA-REAL MADRID-CELTA VIGO മാർസെലോ പരിശീലനത്തിനിടെ