Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലോൻ ദ് ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്; എംബപെ മികച്ച അണ്ടർ–21 താരം

luka-modric-with-ballon-d-or ലൂക്ക മോഡ്രിച്ച്

പാരിസ് ∙ ഫിഫയുടെ ലോക ഫുട്ബോളർ പുരസ്കാരത്തിനു പിന്നാലെ ലൂക്ക മോഡ്രിച്ചിന് ബലോൻ ദ് ഓർ പുരസ്കാരവും. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്തം അവസാനിപ്പിച്ചാണ് മോഡ്രിച്ച് ഈ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന പുരസ്കാരം പാരിസിൽ നടന്ന ചടങ്ങിൽ മോഡ്രിച്ച് ഏറ്റുവാങ്ങി.

ലോകമെങ്ങും നിന്നുള്ള സ്പോർട്സ് ജേണലിസ്റ്റുകൾ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയിൽ നിന്ന് ജേതാവിനെ തിര‍ഞ്ഞെടുത്തത്. മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 476പോയിന്റും മൂന്നാമതെത്തിയ അന്റോയ്ൻ ഗ്രീസ്മാൻ 414 പോയിന്റും നേടി. ഫ്രാൻസ് താരം കിലിയൻ എംബപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി. എംബപെയ്ക്ക് മികച്ച അണ്ടർ–21 താരത്തിനുള്ള പുരസ്കാരമുണ്ട്. മെസ്സിയും റൊണാൾഡോയും പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തില്ല. 2007ൽ ബ്രസീൽ താരം കക്കാ പുരസ്കാരം നേടിയതിനു ശേഷം ഇതാദ്യമായാണ് മെസ്സിയോ റൊണാൾഡോയോ അല്ലാത്ത ഒരു കളിക്കാരൻ പുരസ്കാരം നേടുന്നത്.

മെസ്സിയും റൊണാൾഡോയും അഞ്ചു തവണ വീതം പുരസ്കാരം പങ്കിട്ടിരുന്നു. സെപ്റ്റംബറിൽ ഫിഫയുടെ ദ് ബെസ്റ്റ് പുരസ്കാരത്തിലും മോ‍ഡ്രിച്ച് ഇരുവരുടെയും ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചിരുന്നു. ക്രൊയേഷ്യയ്ക്കായി ലോകകപ്പിലും റയൽ മഡ്രിഡിനായി ചാംപ്യൻസ് ലീഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്കാരത്തിലെത്തിച്ചത്. റയൽ മഡ്രിഡിനെ ചാംപ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മോഡ്രിച്ച് ക്രൊയേഷ്യയെ ക്യാപ്റ്റനായി ലോകകപ്പ് ഫൈനലിലുമെത്തിച്ചു. നോർവെ താരം അഡ ഹെഗ്ബർഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.

‘സെൽഫ് ഗോൾ’

Ada-Hegerberg-women-ballon-d-or അഡ ഹെഗ്ബർഗ്

ബലോൻ ദ് ഓർ പുരസ്കാരച്ചടങ്ങിൽ വിവാദവും. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ അഡ ഹെഗ്ബർഗിനോട് അവതാരകൻ മാർട്ടിൻ സോൾവെയ്ഗ് ‘ഡു യു നോ ഹൗ ടു ട്വെർക്?’ എന്നു ചോദിച്ചതാണ് വിവാദമായത്. അരക്കെട്ട് ചലിപ്പിച്ച് നൃത്തം ചെയ്യുന്നതാണ് ‘ട്വെർകിങ്’. ‘നോ’ എന്നായിരുന്നു അഡയുടെ മറുപടി. സംഭവം പിന്നീട് വിവാദമായതോടെ മാർട്ടിൻ ട്വിറ്ററിലൂടെ പരസ്യമായി മാപ്പു പറഞ്ഞു.