മെസ്സിക്ക് ഇരട്ട ഗോൾ; ബാർസയ്ക്ക് 4–0 ജയം, റയലിനും ജയം

എസ്പാന്യോളിനെതിരായ മൽസരത്തിൽ മെസ്സി.

ബാർസിലോന ∙ മെസ്സിക്ക് ഇടംകാൽ കൊണ്ടു കളിക്കാനേ അറിയൂ; പെലെയുടെ വിമർശനം മെസ്സി ഒരു പ്രശംസയായിട്ടാണെടുത്തത്. ആരാധകർക്കു മിണ്ടിപ്പറയാനും പെലെയ്ക്കു മിണ്ടാതിരിക്കാനും മെസ്സി അതേ ഇടംകാൽ കൊണ്ട് രണ്ടു ഫ്രീകിക്ക് ഗോളുകൾ വലയിൽ ചാർത്തിയ കളിയിൽ എസ്പന്യോളിനെതിരെ ബാർസിലോനയ്ക്ക് 4–0 ജയം. മിന്നും ജയത്തോടെ ബാർസ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. ഹ്യുയെസ്കയെ 1–0നു തോൽപ്പിച്ച റയൽ മഡ്രിഡ് നാലാം സ്ഥാനത്തേക്കു കയറി. 8–ാം മിനിറ്റിൽ ഗാരെത് ബെയ്‌ലാണ് ഗോൾ നേടിയത്.

17–ാം മിനിറ്റിൽ ഗോൾപോസ്റ്റിന്റെ വലതു മൂലയിൽ നിക്ഷേപിച്ച ഗോളിലാണ് മെസ്സി കറ്റാലൻ ഡാർബി തുടങ്ങിയത്. പത്തു മിനിറ്റിനുള്ളിൽ എസ്പന്യോൾ താരങ്ങളെല്ലാം കൂട്ടംകൂടിയിട്ടും പന്തു മായി പുറത്തു കടന്ന മെസ്സി നൽകിയ ഒന്നാന്തരം പാസിനെ അതിനർഹിക്കുന്ന ഉജ്വല ഫിനിഷിലൂടെ ഡെംബെലെ ഗോളിലെത്തിച്ചു. പിന്നാലെ ഡെംബെലെ സഹായിയായപ്പോൾ ഫിനിഷ് ചെയ്തത് സ്വാരെസ്. 65–ാം മിനിറ്റിൽ മെസ്സിയുടെ മറ്റൊരു മാജിക് ഫ്രീകിക്ക്. ഇത്തവണ പന്ത് ഗോളിൽ വന്നു വീണ സ്ഥലം മാറിയെന്നു മാത്രം. ജയത്തോടെ ഒന്നാം സ്ഥാനത്ത് ബാർസയ്ക്ക് മൂന്നു പോയിന്റ് ലീഡായി.