ഗോള്‍മഴ പെയ്യിച്ച് ദേശീയ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ മടങ്ങിവരവ്! - വിഡിയോ

അന്‍ഡോറയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ഗോൾ നേടിയ പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഹ്ലാദം

അവീരോ (പോർച്ചുഗൽ) ∙ ആദ്യ അഞ്ചു മിനിറ്റിൽത്തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ അൻഡോറയ്ക്കു സൂചന നൽകി – എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ. പിന്നീടുള്ള തൊണ്ണൂറു മിനിറ്റ് വലിയ പരുക്കൊന്നും കൂടാതെ രക്ഷപ്പെടാനാണ് അവർ കളിച്ചത്. എന്നിട്ടും കിട്ടി റൊണാൾഡോയുടെ ബൂട്ടിൽനിന്നുതന്നെ രണ്ടെണ്ണംകൂടി.

കളി തീർന്നപ്പോൾ ആകെ മൊത്തം അര ഡസൻ! അതിനിടെ ചുവപ്പു കാർഡ് കണ്ടു രണ്ടുപേരെ നഷ്ടപ്പെടുകയും ചെയ്തു. ഗോൾമഴ കണ്ട വെള്ളിയാഴ്ച രാത്രി ഫ്രാൻസ്, ഹോളണ്ട്, ബെൽജിയം എന്നിവരും വൻജയം നേടി. ബൾഗേറിയയ്ക്കെതിരെ 4–1ന് ആയിരുന്നു ഫ്രാൻസിന്റെ ജയം. ഹോളണ്ട് ബെലാറൂസിനെ അതേ സ്കോറിനു തോൽപിച്ചു. ബെൽജിയം ബോസ്‌നിയയെ 4–0നു മുക്കി. സ്വീഡൻ ലക്സംബർഗിനെ മറികടന്നത് ഒറ്റഗോളിൽ.

അഞ്ചു ഗോൾ കണ്ട ത്രില്ലർ പോരാട്ടത്തിൽ അവസാന മിനിറ്റിൽ നേടിയ ഗോളിൽ സ്വിറ്റ്സർലൻഡ് ഹംഗറിയെ 3–2നു തോൽപിച്ചു. ഗ്രീസ് 2–0നു സൈപ്രസിനെയും ഫറോ ദ്വീപുകൾ അതേ സ്കോറിനു ലാത്വിയയെയും തോൽപിച്ചു.
രാജ്യത്തിനുവേണ്ടി റൊണാൾഡോയുടെ നാലാം ഹാട്രിക് ആണിത്. ഒരു കളിയിൽ നാലു ഗോൾ നേടുന്നത് ഇതാദ്യവും. ആകെ 134 കളികളിൽനിന്ന് 65 ഗോളുകൾ. പരുക്കുമൂലം റൊണാൾഡോ പുറത്തിരുന്ന ആദ്യകളിയിൽ സ്വിറ്റ്സർലൻഡിനോടു 2–0നു തോറ്റതിന്റെ ക്ഷീണവും പോർച്ചുഗൽ മറികടന്നു.

കളി തുടങ്ങി ഒരു മിനിറ്റ് തികഞ്ഞപ്പോഴേക്കും റയൽ താരം ഗോളടി തുടങ്ങി. കോർണർ ക്ലിയർ ചെയ്യുന്നതിൽ അമാന്തിച്ചുനിന്ന അൻഡോറ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി പന്ത് വലയിൽ. നാലാം മിനിറ്റിൽ വീണ്ടും റൊണാൾഡോ. ഇത്തവണ റിക്കാർഡോ ക്വാരെസ്മയുടെ ക്രോസിൽനിന്നുള്ള ഹെഡർ. പിന്നാലെ പലവട്ടം അൻഡോറ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. ജോസെ ഫോണ്ടെയുടെ തകർപ്പൻ ഷോട്ട് അൻഡോറ ഗോൾകീപ്പർ ജോസപ് ഗോമസ് ഉജ്വലമായി രക്ഷപ്പെടുത്തി.

അന്‍ഡോറ-പോര്‍ച്ചുഗൽ മൽസരത്തിൽനിന്ന്

ആന്ദ്രെ സിൽവയുടെ ഷോട്ട് ബാറിലിടിക്കുകയും ചെയ്തു. ഹാഫ് ടൈം വിസിൽ മുഴങ്ങുന്നതിനു തൊട്ടുമുൻപാണ് ജോവോ കാൻചെലോ പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കി. 68–ാം മിനിറ്റിൽ നാലാം ഗോളും. കളിയിലുടനീളം ഓടിക്കളിച്ച ആന്ദ്രെ സിൽവ ഗോളടി പൂർത്തിയാക്കി. റൊണാൾഡോയെ ഫൗൾ ചെയ്തതിനാണ് 62–ാം മിനിറ്റിൽ അൻഡോറയുടെ ജോർഡി റുബിയോയും ഒൻപതു മിനിറ്റിനുശേഷം മാർക് റെബെസും ചുവപ്പു കാർഡ് കണ്ടു പുറത്തു പോയത്.

1994 ലോകകപ്പിനുള്ള പ്ലേഓഫ് പോരാട്ടത്തിൽ തങ്ങളെ തോൽപിച്ച ബൾഗേറിയയെ ആ ഓർമകൾ കുടഞ്ഞെറിഞ്ഞാണു ഫ്രാൻസ് തോൽപിച്ചു വിട്ടത്. പെനൽറ്റിയിലൂടെ ആദ്യം പിന്നിലായെങ്കിലും പിന്നീടു നാലു ഗോളുകൾ നേടി ഫ്രഞ്ച് പട ജയം ഉറപ്പിച്ചു. കെവിൻ ഗമെയ്റോ (രണ്ട്), ദിമിത്രി പായെറ്റ്, അന്റോയ്ൻ ഗ്രീസ്മൻ എന്നിവരാണു ഗോളുകൾ നേടിയത്. യൂറോ കപ്പ് ഫൈനലിൽ പോർച്ചുഗലിനോടു തോറ്റശേഷം സ്റ്റേഡ് ദ് ഫ്രാൻസിലേക്കു ഫ്രഞ്ച് ടീമിന്റെ തിരിച്ചുവരവായിരുന്നു ഇത്. ക്വിൻസി പ്രോമെസിന്റെ ഡബിളാണ് ബെലാറൂസിനെതിരെ ഹോളണ്ടിനു ജയം സമ്മാനിച്ചത്.

ഡേവി ക്ലാസെൻ, വിൻസന്റ് ജാൻസൻ എന്നിവരും ഗോൾ നേടി. ഹംഗറിക്കെതിരെ 89–ാം മിനിറ്റിലാണു സ്വിറ്റ്സർലൻഡിന്റെ വാലെന്റിൻ സ്റ്റോക്കർ വിജയഗോൾ നേടിയത്. മേജർ ചാംപ്യൻഷിപ്പുകളിൽ ഇതുവരെ വലിയ നേട്ടങ്ങളൊന്നുമില്ലാത്ത ബെൽജിയം ബോസ്നിയയെ 4–0നു തകർത്തു ഹോം മൽസരം ഗംഭീരമാക്കി. ഏദൻ ഹസാഡിന്റെ മനോഹര ഗോളായിരുന്നു മൽസരത്തിന്റെ സവിശേഷത.