Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യയുടെ ‘ക്രിസ്റ്റി’യാനോ!

ജക്കാർത്ത ഡയറി ∙ ജോമിച്ചൻ
Christie Jonatan ഇന്തൊനീഷ്യൻ ബാഡ്മിന്റൻ താരം ക്രിസ്റ്റി ജോനാതൻ. ചിത്രം: മനോരമ

ഏഷ്യൻ ഗെയിംസ് ഇന്തൊനീഷ്യക്കാർക്ക് ആവേശവുമാണ്, ആഘോഷവുമാണ്. സ്റ്റേഡിയങ്ങൾക്കുള്ളിൽ കയറിയാൽ ആവേശപ്പൂരം. സ്റ്റേഡിയങ്ങൾക്കു പുറത്തോ ആഘോഷമേളം. കിട്ടുന്ന പൈസ, അതെത്രയുമായിക്കൊള്ളട്ടെ, അടിച്ചുപൊളിക്കാൻ വഴിതേടുന്ന ഇന്നാട്ടുകാർക്ക് ഏഷ്യൻ ഗെയിംസ് സമ്മാനിക്കുന്നത് ഉല്ലാസത്തിന്റെ പുതുവഴികളാണ്. എണ്ണിയാലൊടുങ്ങാത്ത ആഘോഷ, ആവേശ കാഴ്ചകളാണു ചുറ്റിലും. ഈ കാഴ്ചക്കാർക്കു ഹരം പകരാൻ ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പഠിക്കുന്ന’ ‘ക്രിസ്റ്റി’യെയും കളത്തിൽ കണ്ടു.

അകത്ത് ഏഷ്യൻ ഗെയിംസാണെങ്കിൽ പുറത്ത് ‘ഏഷ്യൻ ഫെസ്റ്റ്’ ആണ്. ഓരോ വേദിയുടെയും പുറത്ത് ആഘോഷ മേഖലകളുണ്ട്. ഫുഡ് കോർട്ടുകളും സ്റ്റാളുകളുമായി അവിടെ കച്ചവടം പൊടിപൊടിക്കുന്നു. സുന്ദരി പെൺകുട്ടികൾ ബോർഡുകളും പിടിച്ച് അവരുടെ സ്റ്റാളുകളിലേക്കു കാഴ്ചക്കാരെ ആകർഷിക്കുന്നു. വൈകുന്നേരമായാൽ താൽക്കാലിക സ്റ്റേജുകളിൽ കലാപരിപാടികൾ അരങ്ങേറുന്നു. ആട്ടവും പാട്ടും മേളവും. യുവാക്കളും യുവതികളും മാത്രമല്ല ഇതൊക്കെ ആഘോഷിക്കുന്നത്. ഇന്തൊനീഷ്യക്കാർ കുടുംബമായെത്തി ഏഷ്യൻ ഗെയിംസ് അനുഭവിക്കുകയാണ്. ടിക്കറ്റെടുത്തു സ്റ്റേഡിയത്തിനുള്ളിൽ കയറാൻ പറ്റാത്തവർക്കായി ഈ ഫെസ്റ്റ് സോണുകളിൽ ബിഗ് സ്ക്രീൻ പ്രദർശനമുണ്ട്. വെറും നിലത്തിരുന്ന് ബിഗ് സ്ക്രീനിൽ കളിയാസ്വദിക്കുന്നവരും ഒട്ടേറെയുണ്ട്.

ഇന്നലെ സിന്ധുവിന്റെയും സൈനയുടെയും കളി കാണാൻ ബാഡ്മിന്റൻ കോർട്ടിൽ കയറിയപ്പോഴാണു ഗാലറിയിലെ ആവേശപ്പൂരത്തിനു സാക്ഷ്യം വഹിച്ചത്. ഗാലറിയിൽ ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ. ഇന്തൊനീഷ്യക്കാരെക്കൊണ്ട് ഇൻഡോർ സ്റ്റേഡിയം നിറഞ്ഞിരിക്കുന്നു. സിന്ധുവിനെയും സൈനയെയും കാണാനെത്തിയവരല്ല അവരൊന്നും. പുരുഷ സിംഗിൾസ്, പുരുഷ ഡബിൾസ് സെമിയിൽ ഇന്തൊനീഷ്യക്കാർ മത്സരിക്കുന്നുണ്ട്.

അതിനായി അതിരാവിലെയെത്തി ടിക്കറ്റെടുത്ത് സീറ്റ് പിടിച്ചവരാണ് എല്ലാവരും. കാണികളുടെ കയ്യിലെല്ലാം കാറ്റുനിറച്ച പ്ലാസ്റ്റിക് ദണ്ഡുകളുണ്ട്. അവ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി ഇന്തൊനീഷ്യയ്ക്കായി ആർപ്പുവിളിക്കുകയാണ് അവർ. ഇന്തോനേസ്യ ... ടുഡും ടുഡും ടും... അതെഴുതിപ്പിടിപ്പിക്കാൻ പ്രയാസമാണ്. അവരുടെ മത്സരത്തിന്റെ ഇടവേളയിൽ ഗാലറിയിലിരുന്ന ഇന്ത്യ‍ൻ ആരാധകരിൽ ചിലർ ഇന്ത്യയ്ക്കും സിന്ധുവിനും വേണ്ടി ആർപ്പുവിളിച്ചപ്പോൾ കാണികൾ അതിനൊപ്പം കൂടി. പിന്നെ ഉയർന്നത് ‘സിന്റൂ സിന്റൂ’ വിളികളാണ്.

ഏതായാലും ഇന്തൊനീഷ്യൻ താരങ്ങൾ നിരാശപ്പെടുത്തിയില്ല. പുരുഷ ഡബിൾസിൽ രണ്ടു ടീമുകളും ജയിച്ചു. ഫൈനലിൽ ആതിഥേയരുടെ ടീമുകൾ നേർക്കുനേർ. ലോക റാങ്കിങ്ങിൽ 14–ാം റാങ്കിൽ നിൽക്കുന്ന ഇന്തൊനീഷ്യൻ താരം ക്രിസ്റ്റി ജോനാതൻ ജപ്പാന്റെ കെന്റ നിഷിമോട്ടയെ തോൽപിച്ചു ഫൈനലിലെത്തി.

ഓരോ പോയിന്റിലും തനിക്കായി ആർത്തലച്ച കാണികൾക്കായി ജയത്തിനുശേഷം ക്രിസ്റ്റി ജഴ്സിയൂരി. ചുരുട്ടിയ മുഷ്ടി ആകാശത്തേക്കുയർത്തി, കാലുകൾ മടക്കി, മസിൽ പിടിച്ച് ആ ഇരുപതുകാരൻ വിരിഞ്ഞുനിന്നപ്പോൾ ഓർമയിലെത്തിയത് ഗോളാഘോഷം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അതെ, കൺമുന്നിൽ കണ്ടത് ഇന്തൊനീഷ്യയുടെ ‘ക്രിസ്റ്റി’യാനോയെയാണ്.