രാജ്യമൊന്നാകെ സിന്ധുവിന്റെ വിജയത്തിന് പ്രാർഥിക്കുമ്പോൾ, ആവേശമില്ലാതെ സൈന!

ഇന്ത്യക്കാരി ഫൈനൽ കളിക്കുമ്പോൾ കസേരയിൽ എങ്ങനെ ഇരിപ്പുറയ്ക്കാനാണ്. കളിക്കുന്നതു സിന്ധു. മത്സരം ഇഷ്ടയിനമായ ബാഡ്മിന്റനും. ഇന്നലെ ഇൻഡോർ സ്റ്റേഡിയത്തിലിരുന്നു കളി കണ്ട പലരുടെയും അവസ്ഥ അതായിരുന്നു. പക്ഷേ, ഇതിലൊന്നും താൽപര്യമില്ലാത്ത ഒരാൾ ഗാലറിയിലുണ്ടായിരുന്നു. സിന്ധുവിന്റെ കണ്ണീരു വീണപ്പോഴും വികാരരഹിതമായിരുന്നു ആ മുഖം. ലോക ഒന്നാം നമ്പർ താരത്തിനെതിരെ സിന്ധുവിന്റെ പോരാട്ടം കാണാൻ മത്സരത്തിന് ഒരു മണിക്കൂർ മുൻപേ എത്തിയെങ്കിലും സംഘാടകർ സ്റ്റേഡിയത്തിനുള്ളിലേക്ക് ഇന്ത്യക്കാരെ കയറ്റിയില്ല. പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്തൊനീഷ്യയുടെ ക്രിസ്റ്റി ജോനാതൻ കളിക്കുന്നതിനാൽ ഗാലറിയും മീഡിയ ബോക്സും ഹൗസ് ഫുൾ. കാത്തുനിൽക്കാൻ തീരുമാനിച്ചു. ക്രിസ്റ്റിയുടെ ജയം കഴിഞ്ഞപ്പോൾ സംഘാടകർ വിളിച്ചു. സെമിയിൽ നീലക്കുപ്പായമിട്ട സിന്ധു ഇന്നലെ ചെങ്കുപ്പായത്തിലാണിറങ്ങിയത്.

ലോക ഒന്നാം നമ്പർ താരത്തിനെതിരെ പക്ഷേ, ആദ്യം മുതലേ സിന്ധുവിന് അടിതെറ്റി. ജീതേഗാ, ജീതേഗാ, ഇന്ത്യ ജീതേഗാ വിളികളുമായി ഒട്ടേറെ ഇന്ത്യൻ ആരാധകർ ഗാലറിയിൽ ആവേശമുയർത്തിയെങ്കിലും തളർന്നു പോകുന്ന സിന്ധുവിനെയാണു കോർട്ടിൽ കണ്ടത്. രണ്ടാം ഗെയിമിനിടെ പിഴവു വരുത്തിയപ്പോൾ നിരാശയിൽ സിന്ധു റാക്കറ്റ് കയ്യിലിട്ടു കറക്കി. സാധാരണ ഗ്രിപ്പിൽ പിടിച്ച് റാക്കറ്റ് തിരിച്ചെടുക്കാറുണ്ടെങ്കിലും ഇത്തവണ കൈവിട്ടുപോയി. സാവധാനം മത്സരവും താരത്തിന്റെ കയ്യിൽനിന്നുപോയി. ഒരു യോഗിയെപ്പോലെ കസേരയിൽ കൈ കൂട്ടിപ്പിടിച്ചിരുന്ന പരിശീലകൻ പി.ഗോപീചന്ദിന്റെ നിർദേശങ്ങൾക്കും താരത്തെ രക്ഷപ്പെടുത്താനായില്ല. പൂമ്പാറ്റയെപ്പോലെ കോർട്ടിൽ പാറിക്കളിച്ച തായ്പേയ് താരം സ്വർണമധുരം നുകർന്നെടുത്തു. അതിനിടയിലാണ് ആ സൂപ്പർ താരത്തെ ഗാലറിയിൽ കണ്ടത്.

വിഐപി പവിലിയനിൽ കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പെടെയുള്ളവർ സിന്ധുവിനായി കയ്യടിക്കുമ്പോൾ കയ്യുംകെട്ടി മത്സരം കാണുകയായിരുന്നു ആ താരം. മറ്റാരുമല്ല, സൈന നെഹ്‌വാൾ. നീലക്കുപ്പായത്തിൽ ഇന്ത്യ‍ൻ സംഘത്തിലെ വനിതയ്ക്കൊപ്പമായിരുന്നു സൈനയുടെ ഇരിപ്പ്. ഇടയ്ക്കിടെ മൊബൈലിൽ കുത്തി തലകുമ്പിട്ടിരിക്കും. അല്ലാത്തപ്പോൾ കയ്യുംകെട്ടി വനിതയോടു സംസാരിക്കും. സിന്ധു – തായ് ഫൈനൽ അവിടെ നടക്കുന്നുണ്ടോയെന്നുപോലും ശ്രദ്ധിക്കാതെയുള്ള ഇരിപ്പ്. ഏകപക്ഷീയമായി കീഴടങ്ങിയശേഷം എതിരാളിക്കും റഫറിക്കും കൈ കൊടുത്തശേഷം സിന്ധു കോർട്ടിനു പുറത്തേക്കു മാറി. മറ്റൊരു ഫൈനൽ പരാജയത്തിന്റെ സങ്കടത്തിൽ താരം കണ്ണീരിലായി. ഒഴുകിയിറങ്ങിയ കണ്ണീരു മറയ്ക്കാൻ പെട്ടെന്നുതന്നെ വെള്ള ടവ്വലെടുത്തു മുഖം തുടച്ചു. ഗോപീചന്ദ് അടുത്തെത്തി ‘ബീ സ്ട്രോങ്’ എന്നു പറഞ്ഞു സമാധാനിപ്പിച്ചതോടെയാണു സിന്ധു പ്രസന്നഭാവം വീണ്ടെടുത്തത്.