Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ഫൈനലിൽ

Fakhar Zaman ഇംഗ്ലണ്ടിനെതിരായ മൽസരത്തിനിടെ പാക്ക് താരം ഫഖർ സമാൻ.

കാർഡിഫ് ∙ പ്രവചനങ്ങൾക്കു പിടിച്ചുകെട്ടാനാവാത്തവരാണു തങ്ങളെന്നു പാക്കിസ്ഥാൻ വീണ്ടും തെളിയിച്ചു. ടൂർണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു തകർത്ത് പാക്ക് പട ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലേക്കു മാർച്ച് ചെയ്തു. സ്കോർ: ഇംഗ്ലണ്ട്– 49.5 ഓവറിൽ 211നു പുറത്ത്. പാക്കിസ്ഥാൻ–37.1 ഓവറിൽ രണ്ടിന് 215. ഇന്നു നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം സെമിഫൈനൽ വിജയികളെ ഞായറാഴ്ച ഫൈനലിൽ പാക്കിസ്ഥാൻ നേരിടും. 76 റൺസെടുത്ത ഓപ്പണർ അസ്‌ഹർ അലി പാക്കിസ്ഥാൻ ബാറ്റിങ്ങിന്റെ അമരക്കാരനായി. സഹ ഓപ്പണർ ഫഖർ സമാനും (57) അർധ സെഞ്ചുറി കുറിച്ചു.

നേരത്തേ, ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ ലക്ഷ്യബോധമുള്ള ബോളിങ്ങിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്കു പിടിച്ചുനിൽക്കാനായില്ല. സ്വതന്ത്രമായി റൺസെടുക്കാനുള്ള അവസരം നിഷേധിച്ച് പാക്ക് ഫീൽഡർമാരും നിരന്നതോടെ റണ്ണൊഴുക്ക് തീർത്തും മന്ദഗതിയിലായി. മൂന്നു വിക്കറ്റെടുത്ത ഹസൻ അലിയും രണ്ടുവീതം വിക്കറ്റെടുത്ത ജുനൈദ് ഖാനും അരങ്ങേറ്റതാരം റുമ്മാൻ റയീസും ചേർന്ന് പേരുകേട്ട ഇംഗ്ലിഷ് നിരയെ പൂട്ടിക്കെട്ടി.

ബാറ്റിങ്ങിലെ മുൻനിരക്കാർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതും ആതിഥേയർക്കു തിരിച്ചടിയായി. 46 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോണി ബെയർസ്റ്റോ (43), ഓയിൻ മോർഗൻ (33), ബെൻ സ്റ്റോക്സ് (34) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. ആറാം ഓവറിൽ ആദം ഹെയ്ൽസ് പുറത്തായതോടെ തുടങ്ങിയ മന്ദത ഇംഗ്ലണ്ടിന്റെ ഇന്നിങ്സിൽ അവസാന ഓവർ വരെ നീണ്ടുനിന്നു. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റിന് 80 എന്ന നിലയിലായിരുന്നു അവർ. മൂന്നാംവിക്കറ്റിൽ റൂട്ട്–മോർഗൻ സഖ്യം 48 റൺസെടുത്തു. എന്നാൽ പിന്നീടങ്ങോട്ടു കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു.

മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന്റെ തുടക്കം ഗംഭീരം. 21 ഓവറിൽ ടീം സ്കോർ 118ൽ എത്തിച്ചതിനു ശേഷമാണു ഫഖർ സമാനും അസ്ഹർ അലിയും പിരിഞ്ഞത്. സമാൻ 58 പന്തിൽ ഏഴു ഫോറും ഒരു സിക്സുമടിച്ചു. അസ്‌ഹർ അലി 100 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും. വൺഡൗണായി ഇറങ്ങിയ ബാബർ അസമും (38*) തിളങ്ങിയതോടെ പാക്കിസ്ഥാൻ വിജയത്തിനു തൊട്ടടുത്തെത്തി. അസ്ഹർ പുറത്തായ ശേഷം ഹഫീസ് (31*) ബാബറിനു കൂട്ടായി. 

സ്കോർബോർഡ് 

ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ സി ഹഫീസ് ബി ഹസൻ അലി– 43, ആദം ഹെയ്ൽസ് സി ബാബർ അസം ബി റുമ്മാൻ റയീസ്– 13, ജോ റൂട്ട് സി സർഫ്രാസ് അഹമ്മദ് ബി ഷദബ് ഖാൻ– 46, മോർഗൻ സി സർഫ്രാസ് അഹമ്മദ് ബി ഹസൻ അലി– 33, ബെൻ സ്റ്റോക്സ് സി ഹഫീസ് ബി ഹസൻ അലി–34, ജോസ് ബട്‌ലർ സി സർഫ്രാസ് അഹമ്മദ് ബി ജുനൈദ് ഖാൻ –4, മൊയീൻ അലി സി ഫഖർ സമാൻ ബി ജുനൈദ് ഖാൻ–11, ആദിൽ റാഷിദ് റൺഔട്ട്–ഏഴ്, പ്ലങ്കറ്റ് സി അസ്ഹർ അലി ബി റുമ്മാൻ റയീസ്– 9, വുഡ് റൺഔട്ട്–3, ജേക് ബോൾ നോട്ടൗട്ട്–രണ്ട്, എക്സ്ട്രാസ്–ആറ്. ആകെ 49.5 ഓവറിൽ 211നു പുറത്ത്. 

Joe-Root ജോ റൂട്ട് പുറത്തായി മടങ്ങുമ്പോൾ പാക്ക് താരങ്ങളുടെ ആഹ്ലാദം.

വിക്കറ്റ് വീഴ്ച: 1-34, 2-80, 3-128, 4-141, 5-148, 6-162, 7-181, 8-201, 9-206, 10-211. 

ബോളിങ്: ജുനൈദ് ഖാൻ 8.5-0-42-2, റുമ്മാൻ റയീസ് 9-0-44-2, ഇമാദ് വാസിം 5-0-16-0, ഷദബ് ഖാൻ 9-0-40-1, ഹസൻ അലി 10-0-35- 3, മുഹമ്മദ് ഹഫീസ് 8-0-33-0. 

പാക്കിസ്ഥാൻ: അസ്ഹർ അലി ബി ബോൾ–76, ഫഖർ സമാൻ സ്റ്റംപ്ഡ് ബട്‌ലർ ബി റാഷിദ്–57, ബാബർ അസം നോട്ടൗട്ട്–38, മുഹമ്മദ് ഹഫീസ് നോട്ടൗട്ട്–31, എക്സ്ട്രാസ്–13. ആകെ 37.1 ഓവറിൽ രണ്ടു വിക്കറ്റിന് 215. 

വിക്കറ്റ് വീഴ്ച: 1–118, 2–173. 

ബോളിങ്: വുഡ് 8–1–37–0, ബോൾ 8–0–37–1, സ്റ്റോക്ക്സ് 3.1–0–38–0, പ്ലങ്കറ്റ് 6–0–33–0, റാഷിദ് 10–0–54–1, മൊയീൻ അലി 2–0–15–0.