Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ; ചാംപ്യൻസ് ട്രോഫിയിൽ ഇന്നുദിക്കും, ചാംപ്യൻ

Virat Kohli ഇങ്ങനെ പിടിച്ചെടുക്കണം: ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി പരിശീലനത്തിനിടെ.

ലണ്ടൻ∙ ഇന്നാണ് ആ സൂപ്പർ സൺഡേ! ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സുദിനം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഗംഭീരം വിജയം ഇന്ത്യയ്ക്ക്. ഇന്ത്യയോടു തോറ്റിട്ടും തിരിച്ചുവന്ന് സെമിയിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി പാക്കിസ്ഥാൻ.

ഇരുടീമുകളും നിസ്സാരക്കാരല്ല. ആത്മവിശ്വാസത്തിന്റെയും സ്ഥിരതയുടെയും മുഖമാണ് ടീം ഇന്ത്യയെങ്കിൽ വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്താണ് പാക്കിസ്ഥാന്റെ മുഖമുദ്ര. ഇന്ന് വൈകിട്ട് മൂന്നിന് കലാശപ്പോരാട്ടത്തിനു തുടക്കമാകും. മഴ ഇടപെട്ടില്ലെങ്കിൽ രാത്രി പത്തുമണിക്കറിയാം ‘ചാംപ്യന്മാരുടെ ചാംപ്യൻ’ ആരാണെന്ന്.

ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും. പോരാട്ടം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുമ്പോൾ ആത്മവിശ്വാസത്തിനു തെല്ലും കുറവു വരുത്തരുതെന്നാണ് കണക്ക്. കളത്തിനു പുറത്തെ വാക്‌പോരിലും ശരീരഭാഷയിലും യഥാർഥ ചാംപ്യന്മാരെപ്പോലെ തോന്നിക്കണം. എതിരാളിയുടെ മനസ്സിൽ ആശങ്ക മുളപ്പിക്കണം. കളത്തിലെ ചെറിയൊരു പിഴവിലേക്ക് എതിരാളിയെ വീഴിക്കുന്നതിൽ ഈ ആത്മവിശ്വാസത്തിന് വലിയ പങ്കുണ്ട്.

ചേതൻ ശർമയെ അവസാന പന്തിൽ ജാവേദ് മിയൻദാദ് സിക്സർ പറത്തി ഏഷ്യ കപ്പ് നേടിയതിന്റെ വേദന മറക്കാൻ ഇന്ത്യ കുറേക്കാലമെടുത്തു. പിന്നീട് സച്ചിൻ തെൻഡുൽക്കറും അജയ് ജഡേജയും വെങ്കിടേഷ് പ്രസാദും ഹൃഷികേശ് കനിത്കറും ജോഗീന്ദർ ശർമയുമെല്ലാം കളി പിടിച്ചെടുക്കലിന്റെ പുതുഭാഷ്യങ്ങളെഴുതി. ഇപ്പോൾ കണക്കിലും കളിയിലും ഇന്ത്യതന്നെ മുന്നിൽ. ഇന്നും അങ്ങനെതന്നെയാകാൻ കാത്തിരിക്കാം.

വിജയത്തോടെ തുടങ്ങിയ ഇന്ത്യ ഇക്കുറി തോറ്റത് ശ്രീലങ്കയോടു മാത്രം. ഇന്ത്യയോടേറ്റ തോൽവിക്കുശേഷം പാക്കിസ്ഥാൻ നേടിയതെല്ലാം ജയങ്ങൾ. ബലാബലത്തിന്റെ കാര്യത്തിൽ കിടനിൽക്കും വിരാട് കോഹ്‍ലി നയിക്കുന്ന ഇന്ത്യയും സർഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനും. ചാംപ്യൻസ് ട്രോഫിയുടെ

തുടക്കത്തിൽ കണ്ട പാക്കിസ്ഥാനല്ല ഇന്നത്തെ പാക്ക് ടീം. ഇന്ത്യയോടു തോറ്റ അവർ പിന്നീട് ഏറെ മാറി. ശ്രീലങ്കയിൽനിന്നു വിജയം പിടിച്ചെടുത്ത അവർ സെമിയിൽ ഇംഗ്ലണ്ടിനെ കെട്ടിയിട്ടതു വളർച്ചയുടെ കൃത്യമായ സാക്ഷ്യം. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം യഥാർഥത്തിൽ ചാംപ്യന്മാരുടെ പോരാട്ടമായി മാറാം.

കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ മുഖപ്രസാദം. റൺപട്ടികയിൽ ആദ്യ അഞ്ചുപേരിൽ മൂന്നും ഇന്ത്യക്കാർ. ശിഖർ ധവാൻ(317 റൺസ്) ഒന്നാമതും രോഹിത് ശർമ(304) രണ്ടാമതും കോഹ്‌ലി(253) അ‍​​ഞ്ചാമതും. ബോളിങ്ങിലാകട്ടെ പാക്കിസ്ഥാന്റെ രണ്ടുപേരുണ്ട് ആദ്യ അഞ്ചിൽ. ഹസൻ അലി(10 വിക്കറ്റ്) ഒന്നാമതും ഏഴു വിക്കറ്റുള്ള ജുനൈദ് ഖാൻ നാലാമതും.

ബാറ്റിങ്ങിലെ ആദ്യ അഞ്ചിൽ പാക്ക് താരമോ ബോളിങ്ങിലെ ആദ്യ അഞ്ചുപേരിൽ ഇന്ത്യൻ താരമോ ഇല്ല. ഇങ്ങനെയാണെങ്കിലും സന്തുലിതമാണ് ടീമുകൾ രണ്ടും. ബാറ്റിങ്ങിൽ പാക്കിസ്ഥാനോ ബോളിങ്ങിൽ ഇന്ത്യയോ മോശമല്ല. ഭുവനേശ് കുമാറും ജസിപ്രിത് ബുമ്രയും നല്ല ഫോമിൽ എറിയുന്നത് പ്രതീക്ഷാഭരിതമാണ്.

ഇന്ത്യയുടെ മധ്യനിര ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് ഒരു പോരായ്മ. മുൻനിര തകർത്തു കളിക്കുമ്പോൾ മധ്യനിര പരീക്ഷിക്കപ്പെടുന്നതെങ്ങനെ എന്ന ചോദ്യവും പ്രസക്തം. ധോണിയും ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും കേദാർ ജാദവും അടങ്ങിയ മധ്യനിര ആഴമുള്ളതാണ്.

ഇനി കൗണ്ട് ഡൗൺ. മണിക്കൂറുകൾ മാത്രം. ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യ നിലനിർത്തുന്നതു കാണാൻ ഇന്ത്യൻ ആരാധകരും പാക്കിസ്ഥാൻ ജയിക്കുന്നതു കാണാൻ പാക്ക് ആരാധകരും കാത്തിരിക്കുന്നു. ഇനി ‘ടോസി’ലേക്കു നോക്കാം. മഴദൈവങ്ങൾ ചതിക്കരുതേ എന്നു പ്രാർഥിക്കാം.