Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡിനായി കടുത്ത പോരാട്ടം; അതിവേഗം 8000 കടന്ന് കോഹ്‍ലി!

Britain Cricket Champions Trophy

ലണ്ടൻ‌ ∙ ബംഗ്ലദേശിനെ ‘പഞ്ഞിക്കിട്ട’ ഇന്നിങ്സിനൊടുവിൽ, തകർപ്പനൊരു റെക്കോർഡും സ്വന്തം പേരിലെഴുതിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മടങ്ങിയത്. ഏകദിനത്തിൽ ഏറ്റവും വേഗം 8000 റൺസ് സ്വന്തമാക്കുന്ന താരമായി കോഹ്‍ലി. ബംഗ്ലദേശിനെതിരെ 78 പന്തുകളിൽനിന്നും പുറത്താകാതെ 96 റൺസെടുത്ത കോഹ്‍ലി, 175–ാം ഇന്നിങ്സിലാണ് 8000 റൺസെന്ന നേട്ടം സ്വന്തമാക്കിയത്. കോഹ്‍ലിയുടെ 42–ാം ഏകദിന അർധസെഞ്ചുറിയായിരുന്നു ഇത്. 27 സെഞ്ചുറികളും കോഹ്‍ലിയുടെ പേരിലുണ്ട്.

182 ഇന്നിങ്സുകളിൽനിന്നും 8000 കടന്ന ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് കോഹ്‍ലി മറികടന്നത്. 200 ഇന്നിങ്സുകളിൽനിന്നും 8000 റൺസെടുത്ത മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് പഴങ്കഥയാക്കി, 2015 ഓഗസ്റ്റിലാണ് ഡിവില്ലിയേഴ്സ് റെക്കോർഡ് ബുക്കിൽ കയറിയത്. 210 ഇന്നിങ്സുകളിൽനിന്നും 8000 റൺസ് കടന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനെ പിന്തള്ളിയാണ് ഗാംഗുലി റെക്കോർഡിട്ടത്.

ഗാംഗുലി, ഡിവില്ലിയേഴ്സ്, കോഹ്‍ലി പിന്നെ അംലയും!

നാഴികക്കല്ലുകൾ താണ്ടുന്നതിൽ അടുത്തകാലത്തായി കൗതുകകരമായ ഒരു മൽസരം കൂടി ഉടലെടുത്തിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി, ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്ലിയേഴ്സ്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല എന്നിവരാണ് ഈ മൽസരത്തിലെ താരങ്ങൾ. ഇവർക്കിടയിൽ കുറച്ചു നാളായുള്ള പതിവിങ്ങനെ: ഗാംഗുലിയുടെ റെക്കോർഡ് ഡിവില്ലിയേഴ്സ് മറികടക്കും. ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് കോഹ്‍ലി തകർക്കും. കോ‍ഹ്‌ലിയുടെ റെക്കോർഡ് അംലയും. ഇതിന് കണക്കുകൾ സാക്ഷി.

ഏറ്റവും വേഗത്തിൽ 7000, 8000, 9000 റൺസ് എന്ന നാഴികക്കല്ലുകൾ ഡിവില്ലിയേഴ്സ് പിന്നിട്ടപ്പോൾ മാറിനിൽക്കേണ്ടിവന്നത് ഗാംഗുലിയുടെ റെക്കോർഡുകളാണ്. ഇതേ ഡിവില്ലിയേഴ്‌സിന്റെ 7000, 8000 എന്നീ നാഴികക്കല്ലുകൾ കോഹ്‍ലി ഇതിനകം മാറ്റിയെഴുതിക്കഴിഞ്ഞു. 166 ഇന്നിങ്‌സിൽനിന്നാണ് എബി 7000 എടുത്തത്. കോഹ്‌ലിക്ക് 7000ൽ എത്താൻ 161 ഇന്നിങ്‌സ് മതിയായിരുന്നു. എന്നാൽ, ഈ റെക്കോർഡ് ഈ വർഷമാദ്യം അംല സ്വന്തം പേരിലാക്കിയിരുന്നു.

ഇതിനു പിന്നാലെയിതാ വേഗത്തിൽ 8000 റൺസെന്ന നേട്ടം കോഹ്‍ലി സ്വന്തമാക്കിയിരിക്കുന്നു. ഗാംഗുലിയിൽനിന്നും ഡിവില്ലിയേഴ്സ് പിടിച്ചെടുത്ത റെക്കോർഡാണ് കോഹ്‍ലി സ്വന്തം പേരിലാക്കിയിരിക്കുന്നത്. പതിവു തെറ്റിക്കാതെ ഇത്തവണയും ഹാഷിം അംല കോഹ്‍ലിക്കു വെല്ലുവിളിയുമായി രംഗത്തുണ്ട്. 153 ഇന്നിങ്സുകളിൽനിന്നും 7186 റൺസാണ് നിലവിൽ അംലയുടെ സമ്പാദ്യം. കോഹ്‍ലിയുടെ പുതിയ റെക്കോർഡും അത്ര സുരക്ഷിതമല്ലെന്ന് സാരം.

34 വയസ്സു പിന്നിട്ട അംലയ്ക്ക് പ്രായം മാത്രമാണ് ഇക്കാര്യത്തിൽ വിലങ്ങുതടി. ഏറ്റവും വേഗത്തിൽ 2000, 3000, 4000, 5000, 6000, 7000 എന്നീ നാഴിക്കല്ലുകളെല്ലാം സ്വന്തമാക്കിയതിന്റെ റെക്കോർഡ് അംലയുടെ പേരിലാണ്. ഇതിൽ മിക്ക റെക്കോർഡുകളും കോഹ്‍ലിയിൽനിന്നാണ് അംല തട്ടിയെടുത്തത്. 

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 9000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാകും ഇനി കോഹ്‍ലിയുടെ ലക്ഷ്യം. കൊൽക്കത്തയുടെ രാജകുമാരൻ സൗരവ് ഗാംഗുലിയിൽനിന്ന് ഡിവില്ലിയേഴ്‌സ് ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയിട്ട് അധികം കാലമായിട്ടില്ല. 205 ഇന്നിങ്‌സുകളിൽനിന്നാണ് എബിക്ക് റെക്കോർഡ് തകർക്കാനുള്ള റൺസ് പിറന്നത്. 9000 എടുക്കാൻ ഗാംഗുലി എടുത്തത് 228 ഇന്നിങ്‌സുകൾ. പതിവനുസരിച്ച് ഇനി കോഹ്‍ലിയുടെ ഊഴമാണ്. ഈ മൂന്നുപേരും ഇതേ ഫോമിൽ കളിച്ചാൽ ഏകദിന ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും ചരിത്ര പുസ്തകത്തിലേക്കു മാറും. ഇതിൽ ഹാഷിം അംലയിടുന്ന റെക്കോർഡുകൾ തിരുത്തുക കുറച്ചു കടുപ്പമായിരിക്കുമെന്ന് ഉറപ്പ്!

related stories