Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യന്‍സ് ട്രോഫി; പ്രതികരണങ്ങള്‍

CRICKET-IND-KOHLI-CHAMPIONS TROPHY

∙ വിരാട് കോഹ്‌ലി(ഇന്ത്യൻ ക്യാപ്റ്റൻ): ഫഖാർ സമാൻ രണ്ടും കൽപിച്ചു ബാറ്റ് ചെയ്ത സമയത്ത് ഇന്ത്യൻ ബോളർമാർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സമാൻ കളിച്ചവയിൽ 80 ശതമാനം ഷോട്ടുകളും ഹൈ റിസ്ക് ഉള്ളവയായിരുന്നു. അവയെല്ലാം സമാൻ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുകയും ചെയ്തു. അതേസമയം, അസർ അലിയെപ്പോലെ പരമ്പരാഗത ശൈലിയിൽ ബാറ്റ് ചെയ്യുന്ന ഒരു കളിക്കാരനെതിരെ തന്ത്രങ്ങൾ മെനയാനും നടപ്പിലാക്കാനും എളുപ്പമാണ്. ഒരുവശത്ത് ഫഖാർ സമാൻ തകർത്തടിച്ചപ്പോൾ ഇത് അയാളുടെ ദിവസമാണെന്നു സമ്മതിക്കാനേ ഇന്ത്യൻ കളിക്കാർക്ക് കഴിയുമായിരുന്നുള്ളൂ.  

sp-sarfraz

∙ സർഫ്രാസ് അഹമ്മദ്(പാക്കിസ്ഥാൻ ക്യാപ്റ്റൻ): ഇന്നോ നാളെയോ മാത്രമല്ല, കാലങ്ങളിലേക്ക് ഈ നേട്ടം പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലുണ്ടാകും. എട്ടു രാജ്യങ്ങളുടെ ടൂർണമെന്റിൽ എട്ടാം സ്ഥാനക്കാരായാണ് ഞങ്ങൾ ചാംപ്യൻസ് ട്രോഫിക്കു വന്നത്. ടീമിലെ ഓരോ കളിക്കാരനും അവകാശപ്പെട്ടതാണ് ഈ കിരീടനേട്ടം. ഞങ്ങളുടെ സന്തോഷം വാക്കുകൾക്ക് അതീതമാണ്. പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഈ നേട്ടം ഞങ്ങൾ സമർപ്പിക്കുന്നു. ഈ വിജയം കണ്ടിട്ടെങ്കിലും വിദേശ ടീമുകൾ പാക്കിസ്ഥാനിലേക്കു ക്രിക്കറ്റ് കളിക്കാൻ വരുമെന്നു പ്രതീക്ഷിക്കുന്നു.  

PTI12_7_2013_000112a

∙ ഇമ്രാൻ ഖാൻ(മുൻ പാക്ക് നായകൻ): രാജ്യാന്തര ക്രിക്കറ്റിൽ ഇതിലും വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളരാണ് ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീം. പക്ഷേ, അവരുടെ കഴിവുകളെ വേണ്ടവിധത്തിൽ പരിപോഷിപ്പിക്കാനുള്ള സംവിധാനം രാജ്യത്തില്ല. ചാംപ്യൻസ് ട്രോഫിയിലെ ചരിത്രനേട്ടം പാക്ക് ക്രിക്കറ്റ് മാനേജ്മെന്റിന്റെ കണ്ണു തുറപ്പിക്കട്ടെ. 2019 ലോകകപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങൾക്കു മുതിരണം. പാക്കിസ്ഥാന്റെ കിരീടനേട്ടം എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. ലോകക്രിക്കറ്റിൽ പാക്കിസ്ഥാന്റെ പേരെഴുതാൻ മിടുക്കുള്ളവർ രാജ്യത്തുണ്ടെന്ന് പുറംലോകമറിഞ്ഞതിൽ അതിയായ സന്തോഷം. 

Shahid-Afridi

∙ ശാഹിദ് അഫ്രീദി(മുൻ പാക്ക് നായകൻ): സർഫ്രാസ് അഹമ്മദ് മിടുക്കനായ ക്യാപ്റ്റനാണ്. ടീമിലെ യുവതാരങ്ങൾ കഴിവുള്ളവരും. 2019 ലോകകപ്പ് നേടുന്നവരുടെ സാധ്യതാ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ പാക്കിസ്ഥാനുണ്ടാവും. തോൽവിയോടെ തുടങ്ങി കിരീടവുമായി മടങ്ങിയ അപ്രതീക്ഷിത മികവാണ് ഇത്തവണ കണ്ടത്. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതു വളരെ അപൂർവമാണ്. കേവലം 14 ദിവസങ്ങൾക്കകം പുതിയ സൂപ്പർ താരങ്ങളെയാണു രാജ്യത്തിനു ലഭിച്ചിരിക്കുന്നത്.

hussey

∙മൈക്ക് ഹസ്സി (മുൻ ഓസ്ട്രേലിയൻ താരം): ശരിയായ സമയത്ത് മിടുക്ക് കാട്ടിയ പാക്കിസ്ഥാൻ ക്രിക്കറ്റിലും ബാധകമായ ‘വിധി’യുടെ ഇടപെടലിനെക്കൂടി ഓർമിപ്പിക്കുന്നു.  കോച്ച് മിക്കി അർതറിനും ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനും മറ്റു കളിക്കാർക്കും അർഹിച്ച നേട്ടമാണിത്. ലോകത്തിലെ ഏതു മുൻനിര ടീമും ഏതുദിവസവും തോൽപിക്കപ്പെടാം എന്നതിന്റെ തെളിവുകൂടിയായി ഈ ചാംപ്യൻഷിപ്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേരത്തേ മടങ്ങി. എല്ലാ ടീമും അസൂയയോടെ നോക്കുന്ന ബാറ്റിങ്– ബോളിങ് ലൈനപ്പുണ്ടായിരുന്നിട്ടും ഇന്ത്യ, ഫൈനലിൽ പാക്കിസ്ഥാനോടു തോൽക്കുകയും ചെയ്തു. 

sp-Adam-Gilchrist

∙‌ ആഡം ഗിൽക്രിസ്റ്റ് (മുൻ ഓസ്ട്രേലിയ താരം): ചാംപ്യൻസ് ട്രോഫി ഫൈനലിന്റെ ടോസ് മാത്രമാണ് എനിക്കു ടെലിവിഷനിൽ കാണാൻ സാധിച്ചത്. പെർത്തിൽനിന്നു ന്യൂഡൽഹിയിലേക്കു വിമാനം കയറും മുൻപ് ടോസ് ഇന്ത്യയ്ക്കു ലഭിച്ചതു കണ്ടു. സാധാരണഗതിയിൽ, ചാംപ്യൻസ് ട്രോഫി പോലൊരു ടൂർണമെന്റിന്റെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ നേടാൻ മാത്രമേ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകൾ തയാറാകൂ. എന്നാൽ, നിലവിൽ ഇതുവരെ പിന്തുടർന്നു നേടിയ വിജയങ്ങളുടെ ചരിത്രം ഓർമയുള്ളതുകൊണ്ടാവാം കോഹ്‌ലി ബോളിങ് തിരഞ്ഞെടുത്തത്. അതിനെ കുറ്റം പറയുകയല്ല. പക്ഷേ, ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കിൽ ഈ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നു.